അതെന്താ വിനീത് ശ്രീനിവാസാ, സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ, ഹൃദയത്തിലെ ഗാനത്തിനെതിരെ രേവതി സമ്പത്ത്

വിനീത് ശ്രീനിവസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന ഗാനത്തിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്. സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ എടുത്തുകളയേണ്ടതുണ്ടെന്ന് രേവതി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ?? സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസില്‍ ഡബിള്‍ പി.എച്ച്.ഡി ഉള്ളവരാടോ,’ രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഹൃദയം 21-ാം തീയതി തിയേറ്ററുകളില്‍ എത്തുകയാണ്. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയേറ്ററില്‍ എത്തുമെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തുമെന്നും വിനീത് പറഞ്ഞു.