Home kerala തലസ്ഥാനത്ത് താൻ തന്നെ സ്ഥാനാർഥിയെന്ന് തരൂർ, കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ

തലസ്ഥാനത്ത് താൻ തന്നെ സ്ഥാനാർഥിയെന്ന് തരൂർ, കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ

തിരുവനന്തപുരം : തലസ്ഥാനത്ത് താൻ തന്നെ ആകും സ്ഥാനാർഥിയെന്ന് കരുതുന്നുവെന്ന് ശശി തരൂർ. തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് കോൺഗ്രസിനുമുമ്പിൽ ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ‘എനിക്കും തോന്നുന്നു, പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഞാൻ എന്തായാലും ഇവിടത്തെ എം.പി. ആയിട്ട് എപ്പോഴും ഉണ്ടല്ലോ. ഞാൻ ജനങ്ങളെ കാണും. ഓരോ ദിവസവും ഏഴെട്ട് ചടങ്ങിൽ പങ്കെടുക്കുന്നു. ജനങ്ങളോട് സംസാരിക്കുന്നുണ്ട്. അതൊക്കെ ഒരു രീതിയിൽ നിങ്ങൾ പ്രചാരണമായി കണ്ടോളൂ. എന്നാൽ, ഞാൻ എന്റെ ജോലി ചെയ്യുകയാണ്’, തരൂർ പറഞ്ഞു.

കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്ക് തന്നെ നൽകാൻ യുഡിഎഫിൽ ധാരണയായി. സിറ്റിങ് എംപി എൻ.കെ.പ്രേമചന്ദ്രൻ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായശേഷം ആർഎസ്പി നടത്തും.

കഴിഞ്ഞ രണ്ടു തവണയായി കൊല്ലം യുഡിഎഫിനായി നിലനിർത്തുന്ന ആർഎസ്പിക്കും എൻ.കെ.പ്രേമചന്ദ്രനും സീറ്റ് നൽകാൻ കോൺഗ്രസ്–ആർഎസ്പി ചർച്ചകളിൽ ഏറെ ആലോചന വേണ്ടിവന്നില്ല. രാജ്യം ശ്രദ്ധിക്കുന്ന എംപിയാണ് ഇപ്പോൾ കൊല്ലത്തുള്ളതെന്നും പ്രേമചന്ദ്രൻ അല്ലാതെ മറ്റാർക്കാണ് സീറ്റ് എന്നും ചർച്ചകൾക്കു ശേഷം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ചോദിച്ചു. ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.