ബലൂചിസ്താനിൽ ചാവേറാക്രമണം, 15 പേർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് പാക് സെെന്യം

ഇസ്ലാമാബാദ്: പാകിസ്താനിൽ ഉണ്ടായ ചാവേറാക്രമണത്തിൽ 15 പേര് കൊല്ലപ്പെട്ടു. പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിലാണ് ആക്രമണം ഉണ്ടായത്. മൂന്ന് ചാവേറുകളുൾപ്പെട്ട സംഘമായിരുന്നു അക്രമത്തിന് പിന്നിൽ. തിങ്കളാഴ്ച വെെകീട്ടായിരുന്നു ആക്രമണം. രണ്ട് സാധാരണക്കാരടക്കം 15 പേർ കൊല്ലപ്പെട്ടതായി പാക് സെെന്യം അറിയിച്ചു. മൂന്ന് ചാവേറുകളുൾപ്പെടെ ഒമ്പത് വിഘടനവാദികൾ കൊല്ലപ്പെട്ടതായും സെെന്യം വ്യക്തമാക്കി.

ബലൂചിസ്താനിലെ വിഘടനവാദ ​സംഘങ്ങളിലൊന്നായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബർ 12ന് കറാച്ചി- സൈനികത്താവളത്തിന് നേരെ ചാവേറാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലയിലാണ് ദേര ഇസ്മായില്‍ ഖാന്‍.

പാക് താലിബാനുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പ് തെഹരിക്-ഇ -ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. താത്ക്കാലിക സൈനിക താവളം പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനമെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.