Home kerala അന്ന് ജംഷാദിനെ കൂടാതെ ബാച്ചയുമുണ്ടായിരുന്നു, ബാച്ചയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ പറഞ്ഞത് തന്‍സീര്‍ കൂത്തുപറമ്പ; റിഫയുടെ പിതാവ്‌

അന്ന് ജംഷാദിനെ കൂടാതെ ബാച്ചയുമുണ്ടായിരുന്നു, ബാച്ചയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ പറഞ്ഞത് തന്‍സീര്‍ കൂത്തുപറമ്പ; റിഫയുടെ പിതാവ്‌

കൊച്ചി: മലയാളി വ്‌ലോഗറായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം കരുതുന്നത്. കുടുംബം ആശങ്ക പ്രകടപ്പിച്ചതിന് പിന്നാലെ അടക്കം റിഫയുടെ അടക്കം ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിഫയുടെ കുടുംബം ഉന്നയിക്കുന്നത്. തൂങ്ങി മരിച്ചു എന്ന് പറയുന്ന ഫാന്‍ താന്‍ അവിടെയെത്തിയപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നെന്നും കിടക്കയില്‍ ബെഡ്ഷീറ്റ് ഉണ്ടായിരുന്നെന്നും അവിടെ മെഹ്നാസ് കിടക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം റിഫയുടെ സഹോദരന്‍ റിജിന്‍ പറഞ്ഞിരുന്നു.

റിഫ മെഹ്നുവിന്റെ മൃതദേഹം വീട്ടിലെത്തിയ ആദ്യ ദിവസം തന്നെ ബാച്ച എന്നയാള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തന്‍സീര്‍ കൂത്തുപറമ്പ് തന്നെ സമീപിച്ചതായി റിഫയുടെ പിതാവ് റാഷിദ്. മെഹ്നാസിന്റെ അടുത്ത സുഹൃത്തുക്കളാണ് ബാച്ചയും തന്‍സീര്‍ കൂത്തുപറമ്പും. മെഹ്നാസും റിഫയും മെഹ്നാസിന്റെ കുടുംബത്തിനൊപ്പം ആറ് മാസം മുമ്പ് മൂന്നാറില്‍ യാത്രപോയപ്പോള്‍ ജംഷാദിന് പുറമെ യാത്രാ സംഘത്തില്‍ ബാച്ചയും ഉണ്ടായിരുന്നു. ഈ യാത്രയ്ക്ക് പിന്നാലെ ബാച്ചയും മെഹ്നാസും വഴക്കിടുകയും പിരിയുകയും ചെയ്തിരുന്നു.

റിഫയും ഭര്‍ത്താവ് ഹെഹ്നാസും റിഫയുടെ സഹോദരന്‍ റിജിനും

ആല്‍ബം നിര്‍മ്മാതാവാണ് തന്‍സീര്‍ കൂത്തുപറമ്പ്. മകളുടെ മരണത്തിന് പിന്നാലെ കേസ് കൊടുക്കാന്‍ പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താനെന്ന് റിഫയുടെ പിതാവ് റാഷിദ്  പറഞ്ഞു. ബാച്ച എന്നയാളെ തനിക്ക് അന്ന് അറിയുക പോലുമുണ്ടായിരുന്നില്ല. താന്‍ മകളെ വിവാഹം കഴിച്ച് അയച്ചത് മെഹ്നാസിന്റെ കൂടെയാണ്. അപ്പോള്‍ മകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മെഹ്നാസിനാണ്. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാലാണ് താന്‍ കേസ് കൊടുക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് റാഷിദ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാവും അന്വേഷണ സംഘം മെഹ്നാസിന്റെ അറസ്റ്റുമായടക്കം പോവുകയെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മെഹ്നാസിന്റെ സുഹൃത്ത് ജംഷാദിനെ രണ്ടാം തവണയും മെഹ്നാസിന്റെ കാസര്‍ഗോഡുള്ള കുടുംബത്തെിന്റേയും മൊഴിയെടുത്തിരുന്നു. റിഫയുടെ മരണത്തില്‍ ജംഷാദിനേയും മെഹ്നാസിനേയുമാണ് തങ്ങള്‍ക്ക് സംശയം. ജംഷാദിനെക്കുറിച്ച് മകള്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. മെഹ്നാസ് ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന അന്ന് വരെ കാസര്‍ഗോഡ് ഉണ്ടായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന് ശേഷം മെഹ്നാസ് ഒളിവിലാണ് എന്നാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.