നിയന്ത്രണ ശ്രമങ്ങൾക്കൊന്നും വഴങ്ങാൻ കൂട്ടാക്കാതെ വിലക്കയറ്റം രൂക്ഷമാകുന്നു

കൊച്ചി ∙ നിയന്ത്രണ ശ്രമങ്ങൾക്കൊന്നും വഴങ്ങാൻ കൂട്ടാക്കാതെ വിലക്കയറ്റം രൂക്ഷമാകുന്നു. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് നാളെ പ്രഖ്യാപിക്കുന്ന നാണ്യപ്പെരുപ്പ നിരക്ക് സമീപകാലത്തെ എറ്റവും ഉയർന്നതായിരിക്കും. നിരക്ക് ഏഴു ശതമാനത്തിനു മുകളിലായിരിക്കും എന്ന് ഉറപ്പ്.

പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർന്നതാണു പണപ്പെരുപ്പത്തിനു പ്രധാന കാരണം. തുടർന്നു ഭക്ഷ്യോൽപന്ന വിലകളും സാധാരണക്കാർക്കു താങ്ങാനാവാത്ത നിലവാരത്തിലേക്കു കുതിച്ചു. ഉപഭോക്തൃ വില സൂചിക നിർണയത്തിനു പരിഗണിക്കുന്ന വസ്തുക്കളിൽ പകുതിയോളം ഭക്ഷ്യോൽപന്നങ്ങളാണ്.

ഉപഭോക്തൃ വില സൂചിക ഉയരുമെന്ന് ഉറപ്പായിരുന്നിട്ടും പലിശ വർധന ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ തക്ക സമയത്തു സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മടിച്ചു. ഇതിന്റെ പിന്നിൽ സർക്കാരിന്റെ നിർദേശമുണ്ടായിരുന്നോ എന്നു വ്യക്തമല്ലെങ്കിലും ഈ ആലസ്യമാണു സ്ഥിതി വഷളാക്കിയതെന്നു സാമ്പത്തിക നിരീക്ഷകർ കരുതുന്നു.