Home entertainment എന്റെ പ്രിയപ്പെട്ട മാലാഖേ, നീയെന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും, രാധിക തിലകിന്റെ ഓര്‍മയില്‍ സുജാത

എന്റെ പ്രിയപ്പെട്ട മാലാഖേ, നീയെന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും, രാധിക തിലകിന്റെ ഓര്‍മയില്‍ സുജാത

മലയാളികള്‍ക്ക് എന്നും നോവുന്ന ഓര്‍മയാണ് ഗായിക രാധിക തിലക്. ഇനിയും ഏറെ ഗാനങ്ങള്‍ ആലപിക്കാന്‍ ബാക്കി വെച്ച് രാധിക വിട്ടകന്നത് ആര്‍ക്കും അങ്ങ് വിശ്വസിക്കാന്‍ പോലുമായിട്ടില്ല ഇപ്പോഴും. രാധിക തിലക ഓര്‍മ്മയായിട്ട് ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മലയാള ഗാനരംഗത്തെ കുയില്‍നാദം എന്നാണ് രാധികയെ വിശേഷിപ്പിക്കുന്നത്. 1970ല്‍ പറവൂര്‍ ചേന്ദമംഗലം പിജെ തിലകന്‍ വര്‍മ്മയുടെയും ഗിരിജദേവിയുടെയും മകളായി എറണാകുളത്താണ് രാധികയുടെ ജനനം. ചിന്മയവിദ്യാലയ, സെന്റ് തെരേസാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ദൂരദര്‍ശനിലൂടെ എത്തിയ രാധിക ലളിത ഗാനങ്ങള്‍ ആലപിച്ചാണ് ശ്രദ്ധേയയായത്. സംഘഗാനം എന്ന ചിത്രത്തിലെ പുല്‍ക്കൊടി തുമ്പിലും എന്നതാണ് ആദ്യ സിനിമ ഗാനം. പിന്നീട് എഴുപതോളം ചിത്രങ്ങളില്‍ പാടി.

ദൂരദര്‍ശന്‍ അടക്കം വിവിധ ചാനലുകളില്‍ രാധിക അവതാരകയായിരുന്നു. 200ല്‍ അധികം ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. മായാമഞ്ചലില്‍, ദിവസംഗീതം, എന്റെ ഉള്ളുടുക്കും കൊട്ടി, മഞ്ഞക്കികിളിയുടെ, മനസില്‍ മിഥുനമഴ, വെണ്ണക്കല്ലില്‍, കുന്നിന്മേലെ ഇവയെല്ലാം രാധിക ആലപിച്ച പ്രശസ്തമായ ഗാനങ്ങളാണ്. സുരേഷ് കൃഷ്ണ ആണ് ഭര്‍ത്താവ്. ദേവിക ഏകമകളാണ്. അര്‍ബുദബാധയെ തുടര്‍ന്നായിരുന്നു രാധികയുടെ അന്ത്യം.

ഇപ്പോള്‍ രാധികയുടെ ഓര്‍മ ദിനത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രാധികയുടെ ബന്ധുവും ഗായികയുമായ സുജാത മോഹന്‍. ‘എന്റെ പ്രിയപ്പെട്ട മാലാഖേ, നീയെന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും’ എന്നാണ് രാധികയെ കുറിച്ച് സുജാത മോഹന്‍ കുറിച്ചത്. കൂടാതെ ഇരുവരും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളിലെ ഫോട്ടോയും സുജാത മോഹന്‍ പങ്കുവെച്ചു. രാധികയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് രാധികയുടെ മകള്‍ ദേവിക, വേണുഗോപാല്‍, സുജാത, ശ്വേത മോഹന്‍, അരവിന്ദ് വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ആല്‍ബവും റിലീസ് ചെയ്തിരുന്നു.