Home kerala മകന് ഏറ്റവും കഠിനമായ ശിക്ഷ നൽകണം, നേഹ ഹിരേമത്തിന്റെ കൊലപാതകത്തിൽ പ്രതിയുടെ പിതാവ്

മകന് ഏറ്റവും കഠിനമായ ശിക്ഷ നൽകണം, നേഹ ഹിരേമത്തിന്റെ കൊലപാതകത്തിൽ പ്രതിയുടെ പിതാവ്

ബെംഗളൂരു : തന്റെ മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയിൽ കോൺഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ മാതാപിതാക്കൾ .ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ (23) ഈ മാസം 18 നാണ് ബിവിബി കോളേജ് കാമ്പസിൽ കുത്തേറ്റ് മരിച്ചത് .

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം തീർക്കാൻ അതേ കോളേജിലെ ബിസിഎ വിദ്യാർഥിയുമായ ഫയാസ് ഖോണ്ടുനായക്കാണ് നേഹയെ കുത്തി കൊലപ്പെടുത്തിയത്. പിന്നാലെ തന്റെ മകൾ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്ത് പറഞ്ഞിരുന്നു . അതിനു പിന്നാലെയാണ് നേഹയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് ഫയാസിന്റെ മാതാവ് മുംതാസും , പിതാവ് ബാബാ സാഹെബ് സുബ്ഹാനിയും രംഗത്തെത്തിയത്.

എന്റെ മകൻ ചെയ്ത തെറ്റിന് ഞാൻ കർണാടകയിലെ ജനങ്ങളോടും നേഹയുടെ കുടുംബത്തോടും ക്ഷമ ചോദിക്കുന്നു. നേഹയോടും കുടുംബത്തോടും ചെയ്ത കടുത്ത അനീതിയാണിത്. എന്റെ മകൻ ചെയ്തത് തികച്ചും തെറ്റാണ്, ഞങ്ങൾ ലജ്ജിച്ചു തല താഴ്‌ത്തുന്നു. അവൻ ചെയ്തത് വലിയ തെറ്റാണ്, രാജ്യത്തെ നിയമപ്രകാരം കർശനമായ ശിക്ഷ നൽകണം.‘ – മുംതാസ് പറഞ്ഞു.

തന്റെ മകനെ ആദ്യം വിളിച്ചത് നേഹയായിരുന്നെന്ന് ഫയാസിന്റെ അമ്മ പറഞ്ഞു. ബോഡി ബിൽഡിങ് മത്സരത്തിൽ ഫയാസിന് സമ്മാനം ലഭിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് നേഹ നമ്പർ സംഘടിപ്പിച്ച് ഫയാസിനെ വിളിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാര്യം തനിക്ക് ഒരു വർഷമായി അറിയുമായിരുന്നെന്നും അവർ വ്യക്തമാക്കി.

തന്റെ മകൻ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ നിയമമനുസരിച്ചുള്ള ഏറ്റവും കടുത്ത ശിക്ഷ അയാൾക്ക് ലഭിക്കണമെന്നും മുംതാസ് പറഞ്ഞു. “എന്റെ മകനു വേണ്ടി കർണാടകത്തിലെ എല്ലാ ജനങ്ങളോടും ഞാൻ മാപ്പ് ചോദിക്കുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളോടും മാപ്പ് ചോദിക്കുന്നു. അവൾ എനിക്ക് എന്റെ മകളെപ്പോലെയായിരുന്നു. അവർ എത്രമാത്രം വേദനിക്കുന്നുണ്ടാകും എന്നെനിക്കറിയാം. അവരെപ്പോലെത്തന്നെ ഞാനും ദുഖിതയാണ്. എന്റെ മകൻ ചെയ്തത് തെറ്റാണ്. ആര് ചെയ്താലും അത് തെറ്റാണ്,” അവർ പറഞ്ഞു.