Home pravasi പ്രവാസി ഇന്ത്യക്കാരന് അബുദാബി ബിഗ് ടിക്കറ്റിലൂടെ 22 കോടി രൂപ സമ്മാനം

പ്രവാസി ഇന്ത്യക്കാരന് അബുദാബി ബിഗ് ടിക്കറ്റിലൂടെ 22 കോടി രൂപ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരന് 22 കോടി രൂപ സമ്മാനം. ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന രമേശ് പെസലാലു കണ്ണൻ ആണ് ഒരു കോടി ദിർഹം (22,74,12,857 രൂപ) നേടിയത്.

ഏപ്രിൽ 1 തിങ്കളാഴ്ച മുതൽ അബുദാബി ബിഗ് ടിക്കറ്റ് പ്രവർത്തനം നിർത്തിവെച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നേരത്ത വിറ്റഴിച്ച ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. ഏപ്രിൽ മൂന്നിന് നടത്താൻ നിശ്ചയിച്ച നറുക്കെടുപ്പിൽ മാറ്റമുണ്ടാവില്ലെന്ന് ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചിരുന്നു.

ഇന്നലെ നടന്ന 262ാമത് നറുക്കെടുപ്പിൽ 056845 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് രമേശിനെ തേടി ഭാഗ്യമെത്തിയത്. ബൈ-ടു-ഗെറ്റ്-വൺ-ഫ്രീ പ്രമോഷന്റെ ഭാഗമായി മാർച്ച് 29നാണ് ടിക്കറ്റ് വാങ്ങിയത്. തന്റെ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ഈ ടിക്കറ്റെടുത്തത്. അതിനാൽ സമ്മാനത്തുകയായ 22 കോടിയിലധികം രൂപ 10 പേർക്കിടയിൽ തുല്യമായി വീതിക്കും.

ഖത്തറിൽ മെക്കാനിക്കൽ ടെക്‌നീഷ്യനായി ജോലി നോക്കുകയാണ് രമേശ്. കഴിഞ്ഞ 15 വർഷമായി ഖത്തറിലാണ് താമസം. സമ്മാനത്തുക ഉപയോഗിച്ച് സ്വപ്‌ന ഭവനം പണിയാനാണ് രമേഷ് ഉദ്ദേശിക്കുന്നത്. ഭാര്യക്കും സഹോദരിക്കും മാതാപിതാക്കൾക്കും താമസിക്കാൻ കഴിയുന്ന വീട് രമേശിന്റെ മാതാപിതാക്കളുടെ ദീർഘകാലത്തെ ആഗ്രഹമാണ്.

എല്ലാ മാസവും വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്തിരുന്നതായി രമേശ് ബിഗ് ടിക്കറ്റ് സംഘാടകരോട് പ്രതികരിച്ചു. കഴിഞ്ഞ മാസം ഒരു നമ്പറിനാണ് വൻതുകയുടെ സമ്മാനം കൈവിട്ട് പോയത്. എന്നെങ്കിലും ഒരു ദിവസം ഞാൻ വിജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. വിശുദ്ധ റമദാൻ മാസത്തിൽ അല്ലാഹു നൽകിയ സൗഭാഗ്യമാണിത്. ഞാൻ ശരിക്കും അനുഗ്രഹീതനാണ്- രമേഷ് പറഞ്ഞു.

യുഎഇയിലെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ തിങ്കളാഴ്ച ബിഗ് ടിക്കറ്റ് അതിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിരാമം പ്രഖ്യാപിച്ചത്.

യുഎഇയിൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുന്ന മൂന്നാമത്തെ പ്രധാന റാഫിൾ ഡ്രോ ഓപറേറ്ററാണ് ബിഗ് ടിക്കറ്റ്. ഈ വർഷം ജനുവരി 1 മുതൽ മഹ്സൂസും എമിറേറ്റ്സ് ഡ്രോയും താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.