മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. ഡിടിഒയ്ക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ്കുമാർ അറിയിച്ചിരുന്നു.

മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡിലെ വാക്കേറ്റത്തിൽ കലാശിച്ചത്. പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിനു കുറുകെ നിർത്തി. സൈഡ് നൽകാത്തതിനെ മേയർ അടക്കമുള്ളവർ ചോദ്യം ചെയ്തു. ഇത് വലിയ തർക്കമായി. മേയറിനൊപ്പം ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ഉണ്ടായിരുന്നു.

ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്ന് ഡ്രൈവര്‍ യദു ആരോപിച്ചിരുന്നു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നതെന്നും പി.എം.ജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് ഡ്രൈവർ യദു വിശദീകരിച്ചത്.