trending

മോനേ നിനക്കെന്നോടൊന്നും മിണ്ടാനില്ലേ? എന്ന ചോദ്യത്തിൽ എന്റെ എല്ലാ അഹന്തയും തകർന്ന് പോയി

ഉമ്മയ്ക്കൊപ്പം പങ്കിട്ട സ്നേഹ നിമിഷങ്ങളെക്കുറിച്ച് വികാരാധീനനായി കുറിക്കുകയാണ് ബഷീർ അഹമ്മദ്. നന്നേ ചെറുപ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കാലം മുതൽ ഞാൻ ഉമ്മച്ചിയെ നന്നായി നോക്കിയിട്ടുണ്ട്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. ഉമ്മച്ചിയുടെ സുഖസൗകര്യങ്ങൾ കഴിഞ്ഞേ എനിക്കു മറ്റെന്തുമുണ്ടായിരുന്നുള്ളൂ. ശാന്തിയും സമാധാനവുമുള്ള വലിയൊരു വീട്ടിൽ ഉമ്മച്ചിയെ ഒരു രാജ്ഞിയെപ്പോലെ വാഴിച്ചിരിക്കുന്നു എന്ന അഹന്തയാണ് ഇപ്പോൾ തകർന്നു പോയത്. ഉമ്മച്ചിയുടെ ഒറ്റച്ചോദ്യത്തിൽ. മോനേ നിനക്കെന്നോടൊന്നും മിണ്ടാനില്ലേ? എന്ന ചോദ്യത്തിലെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണരൂപം:

ഉപ്പാ, ഉപ്പയെ ഉമ്മച്ചി വിളിക്കുന്നു. വായന മുറിയുടെ വരാന്തയിലെ ചാരുകസേരയിൽ മറ്റേതോ ലോകത്ത് മുഴുകിയിരുന്ന എനിയ്ക്ക് പാത്തു വന്നു വിളിച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത് ! മോനേ നീയൊന്ന് അടുത്തിരിക്ക് ഞാൻ നിന്നെയൊന്നു കാണട്ടേ. ഉമ്മച്ചിയുടെ മുറിയിലേക്കു കയറുമ്പോൾ എന്റെ കണ്ണിലേക്ക് നോക്കി ഉമ്മച്ചി പറഞ്ഞ വാക്കുകേട്ട് ഞാൻ പെട്ടെന്ന് വല്ലാതായി. ഒരിടത്തും പോകാതെ വീടിനുള്ളിൽത്തന്നെ തിരിഞ്ഞുകളിക്കുന്ന കൊറോണക്കാലമായിരുന്നു. ഞങ്ങൾ നിത്യവും കാണുന്നുണ്ട് എന്നിട്ടും ഉമ്മച്ചി പറയുകയാണ് മോനേ നിന്നെയൊന്നു കാണട്ടെയെന്ന്! ഞാൻ ഉമ്മച്ചിയുടെ കട്ടിലിൽ ഇരുന്നു. ഉമ്മച്ചി എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മോനേ, നിനക്കെന്നോട് മിണ്ടാനൊന്നുമില്ലേ?

ഞാനോർക്കുകയായിരുന്നു. ഉമ്മച്ചിയോടു മാത്രമായി മിണ്ടിപ്പറഞ്ഞിരുന്നിട്ട് എത്രയോ നാളായി. മഹാമാരി എന്റെ പ്രവൃത്തിമണ്ഡലങ്ങളെയാകെ തകിടം മറിച്ചിരുന്നു. കോവിഡ് ഒന്നാം തരംഗം അവസാനിച്ച് ബിസിനസ് വീണ്ടും കരുപ്പിടിപ്പിക്കുമ്പോഴേയ്ക്ക് അശനിപാതംപോലെ രണ്ടാം തരംഗം വന്നു. ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്നു തോന്നി. ഞാൻ മൗനത്തിലേയ്ക്കും വിഷാദത്തിലേയ്ക്കും ആണ്ടു പോയി. പുസ്തകങ്ങൾക്കിടയിൽ, ചെടികൾക്കും മരങ്ങൾക്കുമിടയിൽ ഞാൻ വൃഥാ സമയം ചെലവിട്ടു. ഇതിനിടയിൽ എപ്പോഴോ ഉമ്മച്ചിയോടുള്ള സ്നേഹഭാഷണങ്ങൾ അറ്റുപോയത് ഞാനറിയുന്നുണ്ടായിരുന്നില്ല. ഞാൻ ഉമ്മച്ചിയെ ചേർത്തുപിടിച്ച് അങ്ങനെയിരുന്നു. മനസിൽ കുറ്റബോധം വന്നുനിറയുന്നുണ്ട്. ഉമ്മച്ചിയുടെ കാൽപാദങ്ങൾ തടവി. എന്തെന്തു ദുരിതകാലങ്ങൾ താണ്ടിയ കാലടികളാണ്!

സ്വന്തബന്ധങ്ങളുണ്ടായിരുന്നിട്ടും യത്തീം കുട്ടികളായി വളരാൻ വിധിക്കപ്പെട്ടവരായിരുന്നു ഞാനുമെന്റെ നാലു പെങ്ങന്മാരും. വാപ്പിച്ചി പുറപ്പെട്ടുപോയിരുന്നു. സൂഫീഅവധൂതനായി എവിടെയൊക്കെയോ അലഞ്ഞുതിരിയുകയാണെന്ന് മാത്രമേ അറിയൂ. എന്നെങ്കിലും മടങ്ങിവരുമെന്ന് ഉമ്മച്ചി ഞങ്ങളെ സമാധാനപ്പെടുത്തുമ്പോഴും,വെറും ശൂന്യതയിലേക്ക് നോക്കി ഉമ്മച്ചി എത്രമാത്രം നെടുവീർപ്പിട്ടിട്ടുണ്ടാകും..വാപ്പിച്ചി പുണ്യസ്ഥലികളിൽ തേടിനടന്ന ദൈവത്തെ ഞാനെന്റെ ഉമ്മച്ചിയിൽ അന്നേ കണ്ടെത്തി.

മഴ വന്നാൽ ചോരുന്ന, വെട്ടവും വെളിച്ചവുമില്ലാത്ത കൊച്ചുകൂരയിൽ ഞങ്ങളഞ്ചു കുട്ടികളെ അവർ പോറ്റിവളർത്തി. പശുവളർത്തലും ഓലമെടയലും അടക്ക പൊളിക്കലുമൊക്കെയായി പലതരം പ്രവൃത്തികളിലൂടെ അന്നന്നത്തെ അന്നത്തിന് ഉമ്മച്ചി വക കണ്ടെത്തി. ആ യുദ്ധം ഒറ്റയ്ക്ക് നയിക്കാനുള്ള ആരോഗ്യമൊന്നും ഉമ്മച്ചിക്കുണ്ടായിരുന്നില്ല. അസുഖങ്ങൾ മൂർച്ഛിച്ച് ഇടയ്ക്കിടെ ആശുപത്രിയിൽ കിടക്കുന്ന ഉമ്മച്ചിയുടെ രൂപം ഇന്നുമെന്റെ കണ്ണുനിറയ്ക്കും.സ്കൂൾ തുറപ്പിന്റെയും പെരുന്നാളുകളുടേയും കാലത്താണ് ഉമ്മച്ചി നട്ടം തിരിയുക. ഞങ്ങൾക്ക് പുസ്തകങ്ങളില്ല. ബാഗും കുടയുമില്ല. പെരുന്നാൾ പ്രഭാതങ്ങളിൽ ഞങ്ങളഞ്ചാളും വീട്ടുതിണ്ണയിൽ വിഷാദിച്ചിരിക്കും. പുതുവസ്ത്രങ്ങളില്ല. തൊട്ടടുത്തൊക്കെ ബന്ധുവീടുകളാണ്. അവിടത്തെ കുട്ടികൾ പുതുവസ്ത്രങ്ങളും പുത്തൻ ഷൂസുമിട്ട് പള്ളിയിൽ പോകുമ്പോൾ ഞാൻ സ്കൂൾ യൂണിഫോമിട്ടാണ് പോവുക. എന്റെ കാലിൽ കൊടുവള്ളിയിലെ വ്യാഴാഴ്ച ചന്തയ്ക്ക് നിരത്തുവക്കിൽ നിന്ന് ഉമ്മച്ചി വാങ്ങിത്തന്ന ഹവായിച്ചെരിപ്പാണ്.

അയല്പക്കത്തെ ബന്ധുവീടുകളിൽ അന്നൊക്കെ വലിയ സത്കാരങ്ങളുണ്ടാകും. നാട്ടിലെ പ്രമാണികളെല്ലാം പങ്കെടുക്കുന്ന ആ വിരുന്നിലേക്ക് ഞങ്ങളെയാരും ക്ഷണിച്ചില്ല. ഞങ്ങളുടെ പടികടന്ന് ഒരു ബന്ധുവും പകർച്ചപ്പാത്രവും പേറി വന്നില്ല. ഒരാളോടും കൈനീട്ടാൻ ഉമ്മച്ചി തയ്യാറായിരുന്നില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തിക്കൊണ്ട് ഒന്നും നേടരുതെന്ന് ഉമ്മച്ചി ഞങ്ങളോട് പറയാതെ പറയുകയായിരുന്നു. അതാണ് അന്നുമിന്നും എന്റെ മോട്ടിവേഷൻ. വാപ്പിച്ചിയുടെ ആത്മീയത ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നു ഞാൻ കരുതി. ഉള്ളിൽ കയ്പ്പുനീരായി അതു നിറഞ്ഞു കിടന്നിരുന്നു. പക്ഷെ ഉമ്മച്ചി ഒരിക്കൽപോലും വാപ്പിച്ചിയെ കുറ്റപ്പെടുത്തിയില്ല. മറ്റാരും അതു ചെയ്യാൻ അനുവദിച്ചുമില്ല. ഒരു ജന്മാന്തര ഉടമ്പടി അവർക്കിടയിൽ ഉണ്ടായിരുന്നുവെന്ന് എനിക്കിപ്പോൾ മനസിലാവുന്നുണ്ട്. വാപ്പിച്ചിയുടെ മരണശേഷം ഉമ്മച്ചി അത്രമേൽ ഏകാകിനിയായിപ്പോയി. ഓത്തും നിസ്കാരവും മൗനവുമായി ഉമ്മച്ചി മുറിയിൽത്തന്നെ മുനിഞ്ഞു കൂടുന്നു. ഈയിടെയായി രാത്രി തീരെ ഉറക്കവുമില്ല.

നന്നേ ചെറുപ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കാലം മുതൽ ഞാൻ ഉമ്മച്ചിയെ നന്നായി നോക്കിയിട്ടുണ്ട്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. ഉമ്മച്ചിയുടെ സുഖസൗകര്യങ്ങൾ കഴിഞ്ഞേ എനിക്കു മറ്റെന്തുമുണ്ടായിരുന്നുള്ളൂ. ശാന്തിയും സമാധാനവുമുള്ള വലിയൊരു വീട്ടിൽ ഉമ്മച്ചിയെ ഒരു രാജ്ഞിയെപ്പോലെ വാഴിച്ചിരിക്കുന്നു എന്ന അഹന്തയാണ് ഇപ്പോൾ തകർന്നു പോയത്. ഉമ്മച്ചിയുടെ ഒറ്റച്ചോദ്യത്തിൽ. മോനേ നിനക്കെന്നോടൊന്നും മിണ്ടാനില്ലേ? എല്ലാ വീട്ടിലേയും പ്രായമായ അച്ഛനമ്മമാർ ഇതേ ചോദ്യം ചോദിക്കുന്നുണ്ടാവണം. ഒരല്പനേരം അടുത്തിരിക്കൂ, എന്തെങ്കിലുമൊന്നു മിണ്ടിപ്പറയൂ എന്ന് മക്കളോട് മനസാ യാചിക്കുന്നുണ്ടാവും. ഞാൻ ഉമ്മച്ചിയോടു ചേർന്നു കിടന്നു. എനിക്കു കരച്ചിൽ വന്നു. ഉമ്മച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago