Home entertainment മമ്മൂട്ടി ചില്ലറ വക്കീലല്ല, സിനിമയല്ലെങ്കിൽ സുപ്രിംകോടതി ജസ്റ്റിസ് ആകുമായിരുന്നു- മല്ലിക സുകുമാരൻ

മമ്മൂട്ടി ചില്ലറ വക്കീലല്ല, സിനിമയല്ലെങ്കിൽ സുപ്രിംകോടതി ജസ്റ്റിസ് ആകുമായിരുന്നു- മല്ലിക സുകുമാരൻ

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് മികച്ച പ്രേക്ഷകപ്രശംസ നേടുകയാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി. ഓരോ സിനിമയ്ക്കുശേഷവും നടനമികവിനാല്‍ ആരാധകരെ അമ്ബരപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം.

വക്കീല്‍ വേഷത്തിലായിരുന്നു മമ്മൂട്ടി തന്റെ കരിയർ ആരംഭിച്ചത്. സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ മമ്മൂട്ടി സുപ്രിംകോടതി ജസ്റ്റിസ് ആയേനെയെന്നാണ് നടി മല്ലിക സുകുമാരൻ പറയുന്നത്. ചില്ലറ വക്കീലൊന്നുമായിരുന്നില്ല മമ്മൂട്ടിയെന്നും മല്ലിക കൂട്ടിച്ചേർക്കുന്നുണ്ട്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ മമ്മൂട്ടി ഇപ്പോള്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിനായിരുന്നു മല്ലിക സുകുമാരന്റെ മറുപടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മല്ലിക സുകുമാരന്റെ പ്രതികരണം.

“സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ മമ്മൂക്ക ഇപ്പോള്‍ സുപ്രിംകോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയില്‍ തുടങ്ങിയെങ്കിലും ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല. മമ്മൂട്ടിയെ പേടിയുള്ളവരൊക്കെയുണ്ട്. ചെറിയ ചെറിയ കേസിനുവരെ ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ‌” മല്ലിക സുകുമാരൻ പറയുന്നു. കറക്ടായ രീതിയില്‍ വാദിക്കുമെന്നും തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കുമെന്നും മല്ലിക കൂട്ടിച്ചേർത്തു.

എറണാകുളം ലോ കോളജില്‍ നിന്നാണ് മമ്മൂട്ടി വക്കീല്‍ പഠനം പൂർത്തിയാക്കിയത്. രണ്ട് വർഷം അദ്ദേഹം മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. രാഹുല്‍ സദാശിവന്റെ സംവിധാനത്തിലൊരുങ്ങിയ ഭ്രമയുഗം ആണ് മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെമ്ബാടും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ചിത്രം.