മാത്യു കുഴൽനാടനും ഷിയാസിനും ഇടക്കാല ജാമ്യം, കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച 30 പേർക്കെതിരെ കേസ്

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ അറസ്റ്റിലായി. പുലർച്ചെ രണ്ടരയോടെ ഇരുവർക്കും ഇടക്കാല ജാമ്യം അനുവദിച്ചു. സംഭവത്തിൽ 30 പേർക്കെതിരെ പോലീസ് കേസെടുത്തു.

ആശുപത്രിയിൽ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. റോഡ് ഉപരോധത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേർത്തു. മാത്യു കുഴൽനാടനാണ് ഒന്നാംപ്രതി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം എംപിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയാണ് പ്രതിഷേധം നടന്നത്.

നഗരമധ്യത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധമാണുണ്ടായത്. കളക്ടറുള്‍പ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ അനുവദിക്കില്ലെന്ന് ആയതോടെ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നു. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി. ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്.