ടി.ടി.ഇയെ പ്രതി തള്ളിയിട്ടത് മദ്യലഹരിയിൽ, മറ്റു ട്രെയിനുകൾ ശരീരത്തിലൂടെ കയറിയിറങ്ങിയതായി സൂചന

ട്രെയിനിൽനിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഒഡീഷ സ്വദേശി രജനീകാന്ത് രണജിത്തിനെ തൃശൂരിലേക്ക് എത്തിക്കും. മദ്യലഹരിയിലായിരുന്ന പ്രതിയെ പാലക്കാട്ടുനിന്നാണ് പിടികൂടിയത്. ടി.ടി.ഇയും എറണാകുളം സ്വദേശിയുമായ കെ. വിനോദാണ് മരിച്ചത്. എറണാകുളം- പട്ന എക്സപ്രസിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്.

ടിക്കറ്റ് ചോദിച്ചതാണ് ​പ്രകോപനത്തിന് കാരണം. 6.41നാണ് ട്രെയിൻ തൃശൂരിൽനിന്ന് എടുക്കുന്നത്. ഏഴ് മണിയോടെ വെളപ്പായ ഓവർ ​ബ്രിഡ്ജിന് സമീപമാണ് സംഭവം. പ്രതിയുടെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത ടി.ടി.ഇയെ പ്രതി തള്ളിയിടുകയായിരുന്നു.

തലയിടിച്ചാണ് വിനോദ് ട്രാക്കിലേക്ക് വീഴുന്നത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഈ സമയം കടന്നുപോയ മറ്റു ട്രെയിനുകൾ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പല ശരീര ഭാഗങ്ങളും ഏകദേശം 50 മീറ്റർ അകലെയായിരുന്നു.

എസ് 11 കോച്ചിൽ വാതിലിന് സമീപത്തെ സീറ്റിലായിരുന്നു രജനീകാന്ത് ഉണ്ടായിരുന്നത്. ഇയാളു​ടെ കാലിന് ചെറിയ പരിക്കുണ്ടായിരുന്നു. ടി.ടി.ഇ വരുമ്പോൾ സീറ്റിൽ കാല് നീട്ടിവെച്ച് കിടക്കുകയായിരുന്നു. ടിക്കറ്റ് ഇല്ലാത്തതിനാൽ പിഴ അടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തുടർന്ന് ഇരുവരും വാക്തർക്കം ഉടലെടുക്കുകയും ടി.ടി.ഇയെ തള്ളിയിടുകയുമായിരുന്നു.

ഷൊർണൂർ എത്തുമ്പോഴാണ് റെയിൽവേ പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിനിൽ തന്നെയുണ്ടായിരുന്ന മറ്റൊരു ടി.ടി.ഇയാണ് വിവരം അറിയിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളാണ് കാണാനിടയായത്. മരിച്ച വിനോദ് പുലിമുരുകൻ, ജോസഫ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.