കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മയുടെ അവകാശങ്ങളെ കുറിച്ചാണ് ഡി .സി .പി ക്ക് കൂടുതൽ ശുഷ്കാന്തി, എന്തൊരു നാടാണിത്? എന്തൊരു തരം പോലീസാണ് ഈ നാട്ടിലുള്ളത്? അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് വിശദീകരിച്ച കാര്യങ്ങൾ പലതും കൊലപാതകത്തിന്മേലുള്ള പോലീസിൻ്റെ കേസന്വേഷണത്തെ കുറിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. ജനിച്ച് മൂന്നാം മണിക്കൂറിൽ ജീവിക്കാനുള്ള അവകാശം തൻ്റെ കുഞ്ഞിന് നിഷേധിച്ചുകൊണ്ട് ശിശുഹത്യ നടത്തിയ സ്ത്രീക്കും ലഭിക്കുന്നോ അതിജീവിത എന്ന നാമകരണവും ബഹുമതിയും സംരക്ഷണവും? എന്തൊരു നാടാണിത്? എന്തൊരു തരം പോലീസാണ് ഈ നാട്ടിലുള്ളത്? നവജാതശിശുവിൻ്റെ കൊലക്കേസ് മാത്രമാണ് ഇപ്പോൾ പോലീസിൻ്റെ മുന്നിലുള്ളതെന്നും അഡ്വക്കറ്റ് സോഷ്യൽ മീഡിയയിൽ‌ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിങ്ങനെ

കൊച്ചിയിൽ ഇന്നലെ നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് വിശദീകരിച്ച കാര്യങ്ങൾ പലതും കൊലപാതകത്തിന്മേലുള്ള പോലീസിൻ്റെ കേസന്വേഷണത്തെ കുറിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നതാണ്. ഫ്ലാറ്റിന് മുകളിൽ നിന്ന് റോഡിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞിനെ കുറിച്ചല്ല, കുഞ്ഞിൻ്റെ അവകാശങ്ങളെ കുറിച്ചുമല്ല, കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മയുടെ അവകാശങ്ങളെ കുറിച്ചാണ് ഡി .സി .പി ക്ക് കൂടുതൽ ശുഷ്കാന്തി, കരുതൽ. കുഞ്ഞിൻ്റെ അമ്മയുടെ മാതാപിതാക്കൾക്ക് മകളുടെ ഗർഭത്തെ കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു എന്ന് കേസന്വേഷണം പ്രാരംഭഘട്ടത്തിലുള്ളപ്പോൾ ഡി.ഡി.പി ഇത്രയേറെ ഉറപ്പിച്ച് പറയുന്നത് എങ്ങനെയാണ്, എന്തിനാണ്? ഡി.ഡി.പി പറയുന്നത് വെളുപ്പിനെ 5.30 മണി അടുപ്പിച്ചാണ് പ്രസവം നടക്കുന്നത്, 8.30 മണിക്കാണ് കുഞ്ഞിനെ അമ്മ റോഡിലേക്ക് വലിച്ചെറിയുന്നത് എന്നൊക്കെയാണ്.

ഇതിനിടയിൽ കുഞ്ഞ് കരഞ്ഞില്ലെന്നോ? കുഞ്ഞിൻ്റെ കരച്ചിൽ അടുത്ത മുറിയിലുണ്ടായിരുന്ന കുഞ്ഞിൻ്റെ അമ്മയുടെ മാതാപിതാക്കൾ കേട്ടില്ലെന്നോ? പ്രസവിച്ച് വെറും 3 മണിക്കൂറാവുമ്പോഴെക്കും മുകളിൽ നിന്ന് താഴെ റോഡിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞ് ജനിച്ചത് ചാപിള്ളയായിട്ടാണോ എന്നൊരു ഡൗട്ടിങ്ങ് നരേറ്റീവ് എന്തിനാണ് കേസന്വേഷണം ആരംഭിക്കുന്ന സമയത്ത് തന്നെ കൊച്ചി ഡി .സി .പി മാധ്യമക്കാരുടെ മുന്നിൽ പ്രഖ്യാപിച്ചത്? ഇനി ചാപിള്ളയാണ് എങ്കിൽ പോലും മൃതശരീരം റോഡിലേക്ക് വലിച്ചെറിഞ്ഞതിന് ഏത് നിയമത്തിൻ്റെ സംരക്ഷണമാണ് ചാപിള്ളയുടെ അമ്മയ്ക്കുള്ളത്?

നവജാതശിശുവിൻ്റെ മരണം സംബന്ധിക്കുന്ന കേസന്വേഷണം ആരംഭിക്കുന്ന അവസരത്തിൽ തന്നെ എന്തിനാണ് ഒരു റേപ്പ് കേസിൻ്റെ ആംഗിൾ ഉണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്, അതുകൊണ്ട് കൊലപാതകിയായ സ്ത്രീയുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തരുത് എന്ന് മാധ്യമപ്രവർത്തകരോട് ഡി.സി.പി ഒരു ഭീഷണിയുടെ റ്റോണിൽ പറഞ്ഞുവെച്ചത്? മുൻകൂർ ജാമ്യാപേക്ഷ എന്ന് കേട്ടിട്ടുണ്ട്, മുൻകൂർ റേപ്പ് കേസ് എന്ന് ഞാനിത് ആദ്യം കേൾക്കുകയാണ്. ഗർഭസ്ഥശിശു എന്ന് കേട്ടിട്ടുണ്ട്. ഗർഭസ്ഥ റേപ്പ് കേസ് എന്നൊന്നുണ്ടോ? ജനിച്ച് മൂന്നാം മണിക്കൂറിൽ ജീവിക്കാനുള്ള അവകാശം തൻ്റെ കുഞ്ഞിന് നിഷേധിച്ചുകൊണ്ട് ശിശുഹത്യ നടത്തിയ സ്ത്രീക്കും ലഭിക്കുന്നോ അതിജീവിത എന്ന നാമകരണവും ബഹുമതിയും സംരക്ഷണവും? എന്തൊരു നാടാണിത്? എന്തൊരു തരം പോലീസാണ് ഈ നാട്ടിലുള്ളത്? നവജാതശിശുവിൻ്റെ കൊലക്കേസ് മാത്രമാണ് ഇപ്പോൾ പോലീസിൻ്റെ മുന്നിലുള്ളത്.

കൊല നടത്തി എന്ന് പോലീസ് തന്നെ പറയുന്നത് റയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മെട്രോസ്റ്റേഷൻ തൂണുകളുടെ അടിത്തട്ടിലും അഭയം പ്രാപിച്ച് അന്തിയുറങ്ങുന്ന നാടോടികുടുംബങ്ങളിലെ എട്ടും പൊട്ടും തിരിച്ചറിയാത്ത ഒരു 12 വയസുകാരി പെൺകുട്ടിയാണ് എന്നല്ല. അപ്പർ മിഡിൽക്ലാസ് എന്ന് കരുതാവുന്ന ഒരു വീടിൻ്റെ സുരക്ഷിതത്വത്തിൽ ജീവിച്ചു വളർന്ന, മാതാപിതാക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന ഒരു 23 വയസുകാരി സ്ത്രി പ്രസവിച്ചു തീർന്നശേഷം കുഞ്ഞിൻ്റെ ശരീരം റോഡിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് പോലീസിൻ്റെ തന്നെ ഭാഷ്യം. 10 മാസം മുൻപ് അവൾക്കുണ്ടായ ഭോഗാനുഭവം റേപ്പാണോ എന്നാണ് ഡി.സി.പി വ്യാകുലപ്പെടുന്നത്. ആരെ രക്ഷിക്കാനാണ്, ആരെ മൂടിപിടിക്കാനാണ് ഡി.സി.പി വെപ്രാളപ്പെടുന്നത്? കൊച്ചിയിലെ പനമ്പള്ളി നഗർ – ഗിരി നഗർ ലിങ്ക് റോഡിലുള്ള വൻഷിക അപ്പാർട്ട്മെൻ്റിന് സമീപം നിന്നുകൊണ്ടാണ് മാധ്യമങ്ങളോട് ഡി.സി.പി ഇതൊക്കെ പറഞ്ഞത് എങ്കിൽ, കുഞ്ഞിൻ്റെ കൊലപാതകിയായ അമ്മയെയും അമ്മയുടെ മാതാപിതാക്കളെയും സംബന്ധിച്ച കൃത്യമായ വിവരണങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്നത് ആ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന 20 നും 25നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകളെയും സംശയത്തിൽ നിർത്തുക തന്നെ ചെയ്യും.

അവിടെ വസിക്കുന്ന ഇപ്പറഞ്ഞ പ്രായത്തിലുള്ള സ്ത്രീകൾ ഓരോരുത്തരും പുറത്തിറങ്ങിനിന്ന് “എന്നെ എർണാകുളം ജില്ലാശുപത്രിയിൽ പ്രസവാനന്തരചികിൽസയ്ക്കായി കിടത്തിയിരിക്കുകയല്ല, നവജാതശിശുവിൻ്റെ കൊലപാതകകേസിൽ ഞാൻ പ്രതിയല്ല.” എന്നറിയിക്കേണ്ടുന്ന അവസ്ഥയാണ് ഡി.സി.പി അവർക്ക് ഉണ്ടാക്കികൊടുത്തത്. മേൽപറഞ്ഞവ ചില സാമ്പിളുകൾ മാത്രം. മാധ്യമക്കാരുടെ മുന്നിൽ നിന്നുകൊണ്ട് കൊച്ചി ഡി.ഡി.പി പറഞ്ഞ ഓരോ വരിയും നിഗൂഡമാണ്, സംശയാസ്പദമാണ്, അതിദാരുണമായി ഒരു നവജാതശിശുവിനെ കൊലപ്പെടുത്തിയ കുറ്റകൃത്യം ചെയ്തവരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. കൊച്ചി ഡി.സി.പി കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത് നവജാതശിശുവിൻ്റെ അമ്മയുടെ മാതാപിതാക്കളെ കേസിൽ പ്രതി ചേർക്കാതിരിക്കാനാണ്, അവരെ സാക്ഷിപ്പട്ടികയിൽ ചേർത്ത് കേസ് വഴിതിരിച്ചുവിട്ട് ഒതുക്കിതീർക്കാനാണ്, പ്രതിപ്പട്ടികയിൽ അവരെ ഉൾപ്പെടുത്തിയാൽ തന്നെ കേസിൽ വിചാരണ നേരിടാതെ തന്നെ അവർക്ക് വിടുതൽ നേടാൻ ഡി.സി.പി കരുക്കൾ നീക്കുകയാണ്. കൊല്ലപ്പെട്ട കുഞ്ഞിൻ്റെ അമ്മയുടെ മാതാപിതാക്കൾ പോലീസിൻ്റെ സുരക്ഷിതവലയത്തിലാണ് എന്നത് വ്യക്തമാണ്. താൻ പ്രസവിച്ച കുഞ്ഞിൻ്റെ പൊക്കിൾകൊടിയിലെ മുറിവുണങ്ങും വരെ പോലും ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാത്ത ഒരു സ്ത്രീക്ക് ജനിച്ച ആ കുഞ്ഞിന് നീതി ലഭിക്കാൻ ഇനി ആര് ശബ്ദമുയർത്താനാണ്? വേണ്ടപ്പെട്ടവർക്ക് വേണ്ടാതെപോയ ആ കുഞ്ഞ് വേണ്ടപ്പെട്ടരുടെയിടയിൽ നിന്ന് പോയി തന്നല്ലോ….

തീർന്നില്ല; സംഭവം വാർത്തയായ ശേഷം അധികം താമസിയാതെ അവിടെയെത്തിയ ഉമ തോമസ് എം.എൽ.എ യുടെയും റ്റി.ജെ വിനോദ് എം.എൽ.എ യുടെയും പ്രതികരണങ്ങൾ തീരെയും സ്വാഭാവികമല്ല, ഏച്ച് വെച്ച് മുഴച്ചത് പോലുള്ള പ്രതീകരണങ്ങളായിരുന്നു അതൊക്കെ. നമ്മടെ കേരളാ പോലീസല്ലേ? എൻ്റെ അനുമാനം ശരിയാണെങ്കിൽ കൊല്ലപ്പെട്ട നവജാതശിശുവിൻ്റെ അമ്മയുടെ പിതാവിന് രാഷ്ട്രീയസ്വാധീനവും ധനസ്വാധീനവും ഉണ്ട്. കൊല്ലപ്പെട്ട നവജാതശിശുവിൻ്റെ പിതാവ് ആരാണ് എന്ന വിവരം പുറത്തു വരുമോ എന്നുള്ളത് നവജാതശിശുവിൻ്റെ പിതാവിൻ്റെ രാഷ്ട്രീയസ്വാധീനവും ധനസ്വാധീനവും അനുസൃതമായിട്ടാവും.

ശ്യാം സുന്ദർ എന്ന ഡി.സി.പിയെ മാറ്റി നിർത്തി കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയാൽ നാടിന് നല്ലത്, ഇന്നാട്ടിലെ ഇനിയും ഗർഭം ധരിക്കാനിരിക്കുന്ന അവിവാഹിതരായ സ്ത്രീകൾക്ക് ജനിക്കാനിരിക്കുന്ന ശിശുക്കൾക്കും നല്ലത്. ഫീലിംഗ്: ആൻ്റിസിപ്പേറ്ററി റേപ്പ് കേസ്! അതെന്തോന്ന് കേസ്, കേരളാ പോലീസേ? # ഇന്നാട്ടിലെ അന്വേഷണാത്മകമാധ്യമറിപ്പോട്ടർമാർക്ക് ഞാനൊരു ഹോംവർക്ക് തരട്ടെ. ആദ്യകമൻ്റിലെ ചിത്രം കാണുക. അതിൽ ഹർജിക്കാരിയുടെ പേരിന് താഴെ കാണുന്ന മേൽവിലാസം പരിചയമുണ്ടോ? ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാവുമെങ്കിൽ ഹൈക്കോടതിയുടെ ആ വിധിപകർപ്പിലെ ഉള്ളടക്കം ഒന്നു വായിച്ച് മനസ്സിലാക്കുക. ഒരു സ്കൂപ്പിനുള്ള വകയുണ്ടോ? ങേ? പ്രത്യേകം ശ്രദ്ധിക്കുക- വിധിപകർപ്പിൽ പറയുന്ന ബിൽഡിംഗ് ഏതാണ് എന്നത് വ്യക്തമല്ല. കാടടച്ച് വെടിവെക്കരുത്. ബീ കേയർഫുൾ! മറ്റൊരു കാര്യം, ഇപ്പറഞ്ഞ വിധി പുറപ്പെടുവിച്ച ന്യായാധിപൻ്റെ പേര് ദേവൻ രാമചന്ദ്രൻ എന്നായത് തികച്ചും യാദൃശ്ചികമാണ് എന്ന് വിശ്വസിക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതുപോലുള്ള ഹോംവർക്കുകളുമായി ഞാൻ ഇനിയും വരണോ വരണ്ടേ?