social issues

ഭാര്യക്ക് വേണ്ടി കരയുന്ന ഭര്‍ത്താവ്, കാര്‍ന്നു തിന്നുന്ന ഗര്‍ഭാശ കാന്‍സര്‍, അനുഭവം പങ്കുവെച്ച് നഴ്‌സ്

കാന്‍സര്‍ എന്ന മഹാവ്യാധി പിടിപെട്ട് പുളഞ്ഞ ജീവിതങ്ങളെ ശുശ്രൂഷിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നഴ്‌സായ ലിസ് ലോന.കാന്‍സര്‍ ആണെന്ന് അറിയുമ്പോഴേ മുക്കാല്‍ ജീവനും പോയി.ജീവനോടയിരിക്കുേേമ്പാഴും മൃതശരീരങ്ങളെ പോലെ നേരം തള്ളി നീക്കുന്നവരെ കുറിച്ചാണ് ലിസ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,ദേഹം മുഴുവന്‍ പുകഞ്ഞു നീറിയിട്ട് വയ്യ മോളെ ഇതിന് വേറൊരു മരുന്നും ഇല്ലേയെന്ന് ഓരോ തവണയും നിറകണ്ണുകളോടെ കീമോതെറാപ്പി തുടങ്ങാനായി ക്യാനുല കുത്തും മുന്‍പേ ആയമ്മ എന്നോട് ചോദിക്കും.മറുപടി വേറൊന്നുമില്ലാത്തതിനാല്‍ സൂചിയുടെ നീലപാടുകള്‍ നിറഞ്ഞ ആ കയ്യില്‍ പതുക്കെ ഉഴിഞ്ഞുകൊടുത്ത് ഞാനാ ബെഡിനോട് ചേര്‍ന്നു നില്‍ക്കും.അവിടെ വരുന്ന ഓരോരുത്തരോടും സമയം പങ്കുവച്ച് അവരെ കേള്‍ക്കാനായി കാതുകള്‍ നല്‍കി വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞാണ് എന്റെ ഓരോ ദിവസവും കടന്നുപോകുക..ശര്‍ദ്ധിച്ചു കുഴഞ്ഞുപോയെങ്കിലും എന്റെ കൈകളില്‍ പരിചയത്തോടെ കോര്‍ത്തുപിടിക്കുന്ന ആ കൈവിരലുകളില്‍ സ്‌നേഹത്തിന്റെ മുറുക്കവും ഇളം ചൂടുമുണ്ടാകും.ഇതിപ്പോഴൊന്നുമല്ല കാന്‍സറെന്ന വ്യാധി കേള്‍ക്കുമ്പോഴേക്കും മുക്കാല്‍ ജീവനും പോയി,ജീവനോടെയിരിക്കുമ്പോഴും മൃതശരീരങ്ങളായി നിമിഷങ്ങള്‍ തള്ളി നീക്കുന്ന നിസ്സഹായരായ മനുഷ്യരെ കണ്ടുമുട്ടാന്‍ തുടങ്ങിയപ്പോഴാണ്..ഇന്നിപ്പോള്‍ കുടുംബത്തില്‍ തന്നെ വിരലിലെണ്ണാവുന്നതില്‍ കൂടുതല്‍ രോഗബാധിതരുണ്ട് അതില്‍ മരിച്ചവരും ജീവനോടെയുള്ളവരും.ഓരോ തവണ കീമോ കഴിഞ്ഞു യാത്രയയക്കും നേരവും അടുത്തതിന് വരാന്‍ സാധിക്കുമായിരിക്കുമല്ലേ സിസ്റ്ററെയെന്നവര്‍ മിഴിയുയര്‍ത്തിയൊരു നിശബ്ദചോദ്യമുണ്ട്.ധൈര്യത്തോടെ’പിന്നല്ല’എന്നൊരു ഉറപ്പ് കൊടുത്ത് ചേര്‍ത്തുപിടിക്കുമ്പോള്‍ തളര്‍ന്നതെങ്കിലും ആ ഹൃദയമിടിപ്പെനിക്ക് കേള്‍ക്കാം..ഇഷ്ടമില്ലെങ്കിലും ജീവിക്കാനുള്ള കൊതികൊണ്ട് ചുട്ടുപൊള്ളുന്ന ലാവ ഞരമ്പിലൂടെ മാസാമാസം ഒഴുക്കാന്‍ വിധിക്കപ്പെട്ടവര്‍.ഓരോ മാസവും കീമോയാല്‍ ഉടലിനെ പൊള്ളിച്ച് അഗ്‌നിശുദ്ധി നടത്തി മുടിയിഴകള്‍ നഷ്ടപ്പെട്ട് പിച്ച വെക്കുന്ന കാല്പാദങ്ങളോടെ കുഞ്ഞുങ്ങളായി പുനര്‍ജനി നേടുന്നവര്‍.

കീമോ തുടങ്ങുമ്പോഴേക്കും എന്തെങ്കിലും സംഭവിക്കുമെന്നല്ല.ആത്മധൈര്യമില്ലാത്ത വെറും പാവങ്ങളാണ് പലരും.ശരീരം കാര്‍ന്നുതിന്നുന്ന ഞണ്ടുകളെ അവസാനഘട്ടത്തിലാകും മിക്കവരും അറിഞ്ഞിട്ടുണ്ടാകുക.അവര്‍ക്കായുള്ള തീയതി അടുക്കുമ്പോള്‍ ഒന്നും സംഭവിച്ചിരിക്കല്ലേയെന്ന്.ഉള്ളുരുകി പ്രാര്‍ത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്.ഒരു രോഗിയുമായും വ്യക്തിബന്ധമരുതെന്നും അവരുടെ സങ്കടങ്ങളും വേദനകളും അവിടെ തന്നെ വിട്ട് ഉന്മേഷത്തോടെ ഡ്യൂട്ടിയില്‍ നിന്ന് മടങ്ങിപോകണമെന്ന് കരുതിയാലും ഞാനതില്‍ എന്നുമൊരു തോല്‍വിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്.മടങ്ങിവരാത്തവരെ ഓര്‍ത്ത് നെഞ്ചിലൊരു കനത്തോടെ വറ്റിറങ്ങാന്‍ പോലും വിശപ്പില്ലാതെ ആ ദിവസങ്ങള്‍ കടന്നുപോകും.ഇതൊക്കെ എത്രെയോ കാണുന്നതാണ് ഇവള്‍ക്കിതിനും മാത്രം സങ്കടമെന്തിനാ എന്ന് ചിന്തിക്കുന്നവരോട് ഒറ്റ ഒരു തവണ കണ്ടുമുട്ടി സമയം ചിലവിട്ടവര്‍ ജീവനോടെയില്ല എന്നറിയുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും നിങ്ങള്‍ക്ക് തോന്നുന്ന വികാരമെന്താകും..അതിന്റെ പത്തുമടങ്ങു അവരുടെ കൂടെ പലവട്ടം മണിക്കൂറുകളോളം സമയം ചിലവിട്ട ഞങ്ങള്‍ക്കുമുണ്ടാകും..ആ ജോലിക്ക് അപ്പുറം മജ്ജയും മാംസവും മനസ്സുമുള്ള മനുഷ്യരാണല്ലോ ഞങ്ങളും..കോഴ്‌സ് പഠിക്കുന്ന സമയമാണ്.ക്ലാസ്സ് കഴിഞ്ഞ് വന്നാല്‍ ഇട്ടിരുന്ന കോളേജ് യൂണിഫോം മാറി നേരെ ക്ലിനിക്കിലെ ഒപിഡിയിലേക്ക് ധൃതിയിലൊരു ഓട്ടമാണ്.രണ്ട് ബസ് മാറി കേറണം കോളേജിലേക്ക്..മടങ്ങാനുള്ള ബസ് വൈകിയ ദിവസമെങ്കില്‍ വന്നാലുടനെയുള്ള പതിവുള്ള ചായ പോലും ഒഴിവാക്കി ഡ്യൂട്ടിക്ക്.പകല്‍ ഡ്യൂട്ടിയിലുള്ള കുല്‍ക്കര്‍ണിയുടെ കയ്യില്‍ നിന്നും ഹാന്‍ഡ് ഓവര്‍ വാങ്ങി അയാളെ പറഞ്ഞുവിട്ട് ഒപിയിലേക്ക് വന്ന രോഗികളുടെ ലിസ്റ്റെടുത്ത് നോക്കി ഡോക്ടറെത്തും മുന്‍പേ വൈറ്റല്‍ സയന്‍സും തൂക്കവും എഴുതിവെക്കണം.

മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു നഴ്‌സിംഗ് പഠിക്കുമ്പോള്‍ ഫീസീനും ചിലവിനുമായി രാത്രികളില്‍ ഞാനൊരു സര്‍ജിക്കല്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്തിരുന്നത്.പകലില്‍ കോളേജില്‍ പോയുള്ള പഠിപ്പ്,മടങ്ങിവന്നാലുടന്‍ നേരെ വൈകുന്നേരത്തെ ഒപിഡി ഡ്യൂട്ടി,അത് കഴിഞ്ഞാല്‍ അഡ്മിറ്റ് ആയിട്ടുള്ള രോഗികള്‍ക്കുള്ള കാര്യങ്ങളെല്ലാം തീര്‍ത്ത് പത്തര പതിനൊന്നോടെ ചാര്‍ട്ട് ചെയ്തുവച്ചിട്ടുള്ള ഓപ്പറേഷന്‍ തീയറ്ററിലെ അസിസ്റ്റന്റ് ഡ്യൂട്ടി.ഷെഡ്യൂള്‍ ചെയ്ത് വച്ച സര്‍ജറിയെല്ലാം കഴിഞ്ഞ് വീണ്ടും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്..അതിനിടയില്‍ ഇന്‍സ്ട്രുമെന്റ്റ് കഴുകലും സ്റ്റെറിലൈസഷനും സഹായിയോടൊപ്പം.പുലര്‍ച്ചെ ഡോക്ടറുടെ സഹായിയെ ഡ്യൂട്ടി ഏല്‍പ്പിച്ച് ഒരുമണിക്കൂര്‍ കഷ്ടി ഉറക്കം കിട്ടിയാല്‍ കിട്ടി.രാവിലെ പിന്നെയും കോളേജിലേക്ക് ഇതായിരുന്നു അക്കാലങ്ങളിലെ എന്റെ ദിനചര്യ.എഴുതാന്‍ മാത്രം ഇല്ലെന്ന് കരുതുന്ന എന്നാല്‍ അതൊന്നും ഇല്ലെങ്കില്‍ ദിവസങ്ങള്‍ പൂര്‍ണമാകില്ലെന്ന് കരുതുന്ന നൂറായിരം ചെറിയ ജോലികള്‍ വേറെയുമുണ്ടാകും.പതിനഞ്ചു ബെഡ് കപ്പാസിറ്റിയില്‍ അഡ്മിഷനും തിരക്ക് പിടിച്ച ഒപിയുമുള്ള കാന്‍സര്‍ സര്‍ജന്റെ നഴ്‌സിംഗ് ഹോം.ശനിയും ഞായറും ക്ലാസില്ലാത്തതിനാല്‍ പകല്‍ സമയത്ത് പഠിക്കാനുള്ളതും അസൈന്മെന്റ്‌റ് എഴുതാനുള്ളതുമെല്ലാം തീര്‍ക്കും.അതിനിടയിലും കീമോതെറാപ്പിക്ക് വരുന്ന രോഗികളും പോസ്റ്റ് ഓപ്പറേറ്റീവ് രോഗികളും,ഒപിഡി തൊട്ട് കീമോ വരെ നീളുന്ന ബന്ധമാകുമ്പോള്‍ രോഗികളുമായി ഒരടുപ്പവും ഉണ്ടാകും അന്വേഷിക്കുമ്പോള്‍ പോയി കാണാനും മറക്കില്ല..അവിടെത്തന്നെയുള്ള ഒരു മുറിയിലാണ് ഞാനും താമസം.

ഇതെല്ലാം മുന്‍പും എഴുതിയിട്ടുള്ളതാണ്.അന്നത്തെ ഡ്യൂട്ടിക്ക് തിരക്കധികമില്ലായിരുന്നതിനാല്‍ സമാധാനത്തോടെ ഞാന്‍ വന്ന് റിസെപ്ഷനിലിരുന്നു.ലിസ്റ്റില്‍ ഏഴുപേരെ ഉള്ളൂ അതില്‍ രണ്ട് പേര്‍ പുതിയതാണ്..പഴയവരോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് പുതിയ ആളിലെ ഒരാളെ ഞാന്‍ അകത്തേക്ക് വിളിച്ചു..ഇണപ്രാവുകളുടെ കുറുങ്ങലുമായി ഇന്ന് രാവിലെ കല്യാണം കഴിഞ്ഞകണക്ക് ഒരു ഷബാനാബേഗവും ഭര്‍ത്താവുമിരുന്ന് സംസാരിക്കുന്നു ഒരു മൂലയില്‍. ഷബാനയാണ് രോഗി..പ്രായം 43..കറുത്ത പര്‍ദക്കുള്ളിലെങ്കിലും മുഖാവരണത്തിനിടയിലൂടെ കാണുന്ന കണ്ണുകളും നിറവും അവരൊരു സുന്ദരിയാണെന്ന് വിളിച്ചുപറയുന്നുണ്ട്.ഭര്‍ത്താവിന്റെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന കൈകളില്‍ മയിലാഞ്ചിയുടെ കടുംചുവപ്പ്..പര്‍ദ്ദയുടെ കൈ മുകളിലേക്ക് നീങ്ങുമ്പോള്‍ രണ്ടു കൈത്തണ്ടയിലും നിറഞ്ഞുകിടക്കുന്ന സ്വര്‍ണാഭരണങ്ങള്‍.ഭര്‍ത്താവും സുന്ദരനാണ്.. അയാള്‍ ഏതോ ഒരു ഹിന്ദി സിനിമാനടനെപോലെയുണ്ടെന്ന എന്റെ സംശയത്തിന് ഡോക്ടറാണ് പിന്നീട് ഷമ്മികപൂറെന്ന ഉത്തരം തന്നത്.പര്‍ദ്ദയഴിക്കാന്‍ സമ്മതിക്കാതിരുന്ന അവരെയും നോക്കി കൈമലര്‍ത്തി കാണിച്ച് പിന്നെങ്ങനെ പരിശോധിക്കുമെന്ന എന്റെ മുറി ഹിന്ദി കേട്ടാകണം ഭര്‍ത്താവ് എഴുന്നേറ്റ് വന്നു..പര്‍ദ്ദ ഊരാതെ കഴിയില്ലല്ലോ അദ്ദേഹം പറഞ്ഞുമനസിലാക്കിച്ചു മടങ്ങിപ്പോയി.ഫയലില്‍ അവരുടെ റിപോര്‍ട്ടുകള്‍ ചേര്‍ത്തുവെക്കാന്‍ നേരമാണ് ഗര്‍ഭാശയത്തിലെ കാന്‍സറെന്ന ബയോപ്‌സി റിപ്പോര്‍ട്ട് കണ്ടത്.കണ്ട് കണ്ട് മനസ്സ് മടുത്തിരിക്കുന്ന അവസ്ഥയാണ് ഇതെല്ലാം,എങ്കിലും ബിപിയും മറ്റുമായി ഓരോന്ന് പരിശോധിക്കുമ്പോഴുള്ള അവരുടെ നിഷ്‌കളങ്കതയുള്ള ചോദ്യങ്ങളും വിശേഷം പറച്ചിലും ആ റിപ്പോര്‍ട്ട് എന്നെ പെട്ടെന്ന് സങ്കടത്തിലാഴ്ത്തി.അസുഖമെന്തെന്ന് അവരെ അറിയിച്ചിട്ടില്ല വയറുവേദനയും നിര്‍ത്താതെയുള്ള രക്തസ്രാവവും.വേറൊരു ലേഡി ഡോക്ടറെ കാണിച്ചപ്പോള്‍ ടെസ്റ്റ് ചെയ്ത് ഓപ്പറേഷന്‍ വേണ്ടിവരുമെന്ന് പറഞ്ഞ് ഇങ്ങോട്ടേക്ക് വിട്ടിരിക്കുകയാണ്..വേറൊന്നും അതിനറിയില്ല.പതിനാറോ പതിനേഴോ വയസുള്ളപ്പോള്‍ വിവാഹം കഴിഞ്ഞതാണ് നാല് മക്കളുള്ളതില്‍ രണ്ട് പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞ് പേരകുട്ടികളുമായി,എങ്കിലും ഒരു പക്വതയുമില്ലാത്ത പെരുമാറ്റം.
ഇവിടുത്തെ ഡോക്ടര്‍ പുരുഷനാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ വരാന്‍ മടിപിടിച്ചിരുന്ന അവരെ ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൂട്ടികൊണ്ടുവന്നതാണെന്നും ഡോക്ടറിന്റെ മുന്‍പില്‍ പര്‍ദയില്ലാതെ ഇരിക്കാന്‍ നാണമാകുന്നെന്നുമൊക്കെ കൗമാരക്കാരിയുടെ ലജ്ജയോടെ അവര്‍ പറയുമ്പോഴും മുഖാവരണം മാറ്റിയ ഷബാനയുടെ സൗന്ദര്യവും നോക്കി ഞാന്‍ ഈരേഴുപതിനാല് ലോകവും മറന്ന് നില്‍ക്കുകയാണ്.

പരിശോധനാമുറി മുഴുവനും അവര്‍ പൂശിയ അത്തറിന്റെയും തലയില്‍ ചൂടിയ മുല്ലപ്പൂവിന്റെയും സൗരഭ്യം മൂക്ക് തുളച്ച് തലച്ചോറിലേക്കാഞ്ഞടിച്ചു മത്തുപിടിക്കുന്നു.ഡോക്ടറെത്തിയതും അവര്‍ തലയിലെ ഷാളിട്ട് മുഖം മറച്ചു..പരിശോധനകള്‍ക്കും റിപ്പോര്‍ട്ടുകളുടെ വിശദമായ പഠനത്തിനും ശേഷം ചെയ്യാന്‍ ബാക്കിയുള്ള രക്ത പരിശോധനകളുടെ കുറിപ്പെഴുതി എന്റെ കയ്യിലേക്ക് തന്ന് ഷബാനയെയും കൂട്ടി പുറത്തേക്ക് പോകാന്‍ ഡോക്ടര്‍ പറഞ്ഞു.പുറത്തുനിന്ന പതിനഞ്ചു മിനിറ്റിനുള്ളില്‍ അവരുടെ സംസാരം മുഴുവനും ഭര്‍ത്താവിനെകുറിച്ചായിരുന്നു..തപ്പി തട്ടിയെങ്ങാനും ഒന്നോരണ്ടോ വാചകം മക്കളെക്കുറിച്ചും.അദ്ദേഹത്തെ പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന ഭാര്യ..അയാള്‍ക്ക് വേണ്ടി മരിക്കാന്‍പോലും മടിയില്ലാത്തവള്‍.കുഞ്ഞിനെപ്പോലെ ഭാര്യയെ കൊണ്ടുനടക്കുന്ന ഭര്‍ത്താവ്.എപ്പോഴും അവളുടെ ഇഷ്ടത്തിനൊത്ത് അണിയിച്ചൊരുക്കി ഹൂറിയായി കൊണ്ടുനടക്കുന്നവന്‍..യത്തീമായ ഷബാനയെ അദ്ദേഹം കണ്ടിഷ്ടപ്പെട്ടതും ആര്‍ക്കും എതിര്‍പ്പൊന്നുമില്ലാതെ വിവാഹം നേരത്തെ നടത്തിയതും അവര്‍ ചുറുചുറുക്കോടെ പറയുന്ന കഥകള്‍ക്ക് കേള്‍വിക്കാരിയായി ഞാന്‍ നിന്നു..വിവാഹം വരെയും ആഭരണങ്ങളോ നല്ല വസ്ത്രങ്ങളോ കാണാതിരുന്ന ഷബാനയെ അണിയിച്ചൊരുക്കി രാജകുമാരിയെ പോലെ കൊണ്ടുനടക്കുന്നത് ഭര്‍ത്താവ് തന്നെയാണ്.ഹിന്ദി അറിയാമെങ്കിലും സൂപ്പര്‍ ഫാസ്റ്റ് ബസിനെ വെല്ലുവിളിച്ചുപോകുന്ന ചില വാചകങ്ങളില്‍ സംസാരിച്ചത് മനസിലാകാതെ വരുമ്പോള്‍ ഞാന്‍ നെറ്റി ചുളിക്കും അതിനവര്‍ അവര്‍ക്കറിയുന്ന കന്നഡ തപ്പിപ്പിടിച്ച് പറയും.ഭര്‍ത്താവ് മംതാജ് ഖാന്‍ അവിടുത്തെ ബസ്‌സ്റ്റേഷന്റെ പ്രധാന അധികാരിയാണ്..ആ ബസ്സ്റ്റാന്‍ഡിലാണ് മാറിക്കേറാനുള്ള ബസിനായി ഞാന്‍ ദിവസവും കാത്തുനില്‍ക്കുന്നതെങ്കിലും ഒരുതവണ പോലും അയാളെ കണ്ടിട്ടില്ല.പത്തുതലമുറക്ക് കാലും നീട്ടിയിരുന്ന് ഉണ്ണാനുള്ള സ്വത്ത് ഉണ്ടായിരുന്നെങ്കിലും ഗവന്മേന്റ് ജോലി ഒരു അന്തസ്സായി കൊണ്ടുനടക്കുന്നയാളാണ് അദ്ദേഹം.ആദ്യമായാണ് ഞാനവരെ കാണുന്നത്.ക്ലിനിക്കില്‍ നിന്ന ഒരുമണിക്കൂര്‍ സമയം കൊണ്ട് ഞാനവര്‍ക്ക് ആരൊക്കെയോ ആയിമാറിയെന്ന് സന്തോഷത്തോടെ പറഞ്ഞതിന് ഞാന്‍ തലയാട്ടി..ഡോക്ടറിനോട് സംസാരിച്ചിറങ്ങിവന്ന ഭര്‍ത്താവിന്റെ മുഖം,കഴുകിത്തുടച്ച വിധം വിളറി വെളുത്തു കണ്ടപ്പോഴേ അകത്തെ ചര്‍ച്ചയുടെ സാരാംശം ഞാന്‍ ഊഹിച്ചു.പിന്നെയും പരിശോധനകള്‍ക്കും റിപ്പോര്‍ട്ട് കാണിക്കാനുമെല്ലാമായി അവര്‍ രണ്ടുപേരും നവമിഥുനങ്ങളെപോലെ രണ്ട് വട്ടം കൂടി വന്നു.

അതിന്റെ പിറ്റേ ആഴ്ച്ച ടോട്ടല്‍ ഹിസ്ട്രക്റ്റമിക്കായി(ഗര്‍ഭാശയം പൂര്‍ണമായും എടുത്ത് കളയുന്ന ഓപ്പറേഷന്‍)ഷബാനയെ അഡ്മിറ്റാക്കി.നേരത്തെ അറിയുന്നത്‌കൊണ്ട് എന്റെ ഡ്യൂട്ടിസമയത്താണ് അവര്‍ വന്ന് അഡ്മിറ്റായത്..വരുമ്പോള്‍ കൂട നിറയെ പഴവര്‍ഗങ്ങളും ഭക്ഷണസാധനങ്ങളും എനിക്കായി കൂടി അവര്‍ കരുതിയിരുന്നു.മക്കളും മരുമക്കളും പേരക്കുട്ടികളും ബന്ധുക്കളും കൂടി വിവാഹസത്കാരത്തിനുള്ള ആളുകള്‍ വരികയും പോകുകയും ചെയ്യുന്നുണ്ട് പക്ഷേ അവര്‍ ഭര്‍ത്താവിനെ എങ്ങോട്ടും മാറാന്‍ സമ്മതിക്കാതെ കട്ടിലിനടുത്തിട്ട കസേരയില്‍ പിടിച്ചിരുത്തി തോളില്‍ കൈവച്ച് ഇരിക്കുന്നു.ശനിയാഴ്ച വൈകുന്നേരമാണ് ഓപ്പറേഷന്‍.തലേന്ന് വൈകുന്നേരം വന്ന് കാണുന്നവരെ അനുവദിച്ചാല്‍ പിന്നെ കൂടെ നില്‍ക്കുന്ന ഒരാളെ ഒഴികെ ആരെയും മുറിയിലേക്ക് കടത്തില്ല.അതുകൊണ്ട് മറ്റ് രോഗികള്‍ക്ക് ശല്യമുണ്ടാകാതെ വന്ന് പോകുന്ന സന്ദര്‍ശകരെ ഞാന്‍ ശ്രദ്ധിക്കാനും പോയില്ല.ഇതിനിടയില്‍ എന്നെ വിളിച്ച് മക്കളെയും മരുമക്കളെയും പരിചയപ്പെടുത്താനും അവര്‍ മറന്നില്ല..ദാദി ആയിട്ടും മകളേക്കാള്‍ സുന്ദരി അമ്മയാണല്ലോയെന്ന് ഞാന്‍ ചോദിച്ചതും കൊച്ചുകുട്ടികളെപോലെ അവര്‍ പൊട്ടിച്ചിരിച്ചു.വെറുതെ പറഞ്ഞതായിരുന്നില്ല ഞാനത്..പിന്നെയും പ്രായം തോന്നിക്കുന്നത് മകളെയായിരുന്നു അമ്മ അത്രയും സുന്ദരിയായിരുന്നു.എന്റെ ഭര്‍ത്താവിന്റെ പ്രണയവും കരുതലുമാണ് എന്നെയിങ്ങനെ സുന്ദരിയാക്കി ഇരുത്തുന്നതെന്ന ഉത്തരത്തിന്,മകളെയെന്തേ മരുമകന്‍ അങ്ങനെ നോക്കുന്നില്ലേ എന്ന് എന്റെ സ്വഭാവത്തിന് തമാശക്കായാലും ചോദിക്കേണ്ടതാണ് പക്ഷെ എന്നോടത് പറഞ്ഞ് പരിസരം മറന്ന് പരസ്പരമവര്‍ കൈമാറുന്ന നോട്ടത്തിലെനിക്ക് മനസിലായി അവര്‍ പറഞ്ഞതാണ് സത്യം.ഷബാനയുടെ മുറിയില്‍ അവരും ഭര്‍ത്താവും മാത്രമേയുള്ളു ഇനി ആ മുറിയിലേക്ക് സന്ദര്‍ശകരെ വിടുന്നത് ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് അതും ഒന്നോ രണ്ടോ പേരെ..വലിയ വലിയ ഹോസ്പിറ്റലിലെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസി യൂ അല്ലെങ്കില്‍ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് അങ്ങനെയുള്ള വിശദമായ സൗകര്യങ്ങള്‍ ഇല്ല.തീയറ്ററിനോട് ചേര്‍ന്നുള്ള മുറിയാണ് ഒബ്‌സെര്‍വഷന്‍ റൂം ആദ്യത്തെ നാലോ അഞ്ചോ മണിക്കൂര്‍ രോഗി അവിടെ ആയിരിക്കും അനസ്‌തേഷ്യ തെളിഞ്ഞ ശേഷം സ്വന്തം മുറിയിലേക്കു മാറ്റും..വ്യക്തമാക്കാന്‍ കാരണം വര്‍ഷം കുറെ മുന്‍പാണ്.ഒരു നേഴ്‌സിങ് ഹോമാണ്.

ഷബാനയുടെ കേസ് കുറച്ചധികനേരം നീണ്ടുനില്‍ക്കുമെന്ന് അറിയാവുന്നതുകൊണ്ട് അല്‍പനേരം വിശ്രമിച്ചില്ലെങ്കില്‍ രാത്രി ഡ്യൂട്ടി കഴിയുമ്പോഴേക്കും ഞാന്‍ തളര്‍ന്നുപോകുമെന്ന് ഉറപ്പാണ്.അതിനാല്‍ ഞാന്‍ കുറച്ചൊന്ന് മയങ്ങാമെന്ന് കരുതിയപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത് മംതാജ് ബായ് ആണ് വിളിച്ചത്..ഷബാനക്ക് ഇപ്പോഴും ഒന്നും അറിയില്ലെന്നും പറഞ്ഞാലും കൂടുതല്‍ മനസിലാക്കാന്‍ മാത്രം വിദ്യാഭ്യാസമോ മിടുക്കോ ഇല്ലാത്ത ഒരു സാധുവാണെന്നും അതുകൊണ്ട് ചെറിയൊരു ഓപ്പറേഷനാണ്..ഗര്‍ഭപാത്രത്തിലെ ഒരു കുഞ്ഞുമുഴ എടുത്തുകളയണം അത്രയേ പറഞ്ഞിട്ടുള്ളൂ എന്ന് അയാള്‍ നിറകണ്ണുകളോടെയാണ് പറഞ്ഞത്.ആര്‍ക്കു മുന്‍പിലും കരയാനോ മനസ്സ് തുറക്കാനോ കഴിയാതെ അയാളനുഭവിക്കുന്ന മാനസിക പിരിമുറുക്കം മുഖത്ത് വ്യക്തമായിരുന്നു.സാരമില്ല എല്ലാം ശരിയാകും ഭയപെടാതെയിരിക്കൂ എന്നല്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ നോക്കി വേറൊന്നും പറയാന്‍ എനിക്കുമില്ലായിരുന്നു.ഭാര്യക്ക് വേണ്ടി കരയുന്നൊരു ഭര്‍ത്താവിനെ അന്നാദ്യമായി കണ്ട അന്ധാളിപ്പിലാണ് ആണുങ്ങളും കരയുമല്ലേ എന്ന് ഞാനോര്‍ത്തത്..അന്ന് എന്റെ അറിവിലെ മുതിര്‍ന്ന പുരുഷന്മാര്‍ ഗൗരവമുള്ളവരായിരുന്നു.വൈകുന്നേരം കണ്‍സെന്റ് ഒപ്പിടിപ്പിച്ച് തീയറ്റര്‍ ഗൗണ്‍ ധരിപ്പിക്കാനായി ചെല്ലുമ്പോള്‍ ഞാന്‍ മുന്‍പേ കൊണ്ടുവച്ച പച്ച ഗൗണ്‍ ധരിച്ച് നീണ്ട ഇടതൂര്‍ന്ന മുടി രണ്ട് ഭാഗത്തേക്കും പിന്നിക്കെട്ടി ഒഴിഞ്ഞ കയ്യും കഴുത്തുമായി നിഷ്‌കളങ്കമായ മുഖത്തോടെ തയ്യാറായി.അവരിരിക്കുന്നുണ്ടായിരുന്നു. അരികെ ചിരിക്കുന്ന മുഖത്തോടെ ഭര്‍ത്താവും.സര്‍ജറി കഴിഞ്ഞ് മയക്കം തെളിയുന്നതിനിടയില്‍ എത്രെയോ വട്ടം അബോധാവസ്ഥയില്‍ അയാളെ വിളിക്കുന്ന അവരും ഒബ്‌സെര്‍വഷന്‍ മുറിക്ക് പുറത്ത് ഒന്ന് നടു ചായ്ക്കാന്‍ പോലും പോകാതെ ഇരിക്കുന്ന അയാളും.മുറിയിലേക്ക് മാറ്റിയശേഷം കാല് തടവികൊടുത്തും നെറ്റിയിലുമ്മ കൊടുത്തും ചെറുചൂടുള്ള വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കൊണ്ട് മുഖം പതിയെ തുടച്ചുകൊടുത്തും അയാളുണ്ടായിരുന്നു.പെണ്മക്കള്‍ ആവശ്യപ്പെട്ടിട്ടും അരികെ നിന്ന് മാറാതെ ആ ദിവസങ്ങളിലെല്ലാം അയാള്‍ അവരോടൊപ്പം നിന്നു..എനിക്ക് ആരോഗ്യമുള്ളിടത്തോളം അവളെ നോക്കാന്‍ ഒരാളെയും ഞാനേല്‍പിക്കില്ല എന്നാ കണ്ണുകളില്‍.ദിവസങ്ങള്‍ക്ക് ശേഷം അവര്‍ മടങ്ങിപോകുമ്പോള്‍ ലോകം ജയിച്ച സന്തോഷത്തോടെയുള്ള മുഖമായിരുന്നു അയാള്‍ക്ക്…ഒരു കുഞ്ഞിനെപ്പോലെ അവരെ പൊക്കിയെടുത്ത് കാറില്‍ കയറ്റുന്നതും മുഖത്തേക്ക് വീണ മുടിയിഴകള്‍ മാടിയൊതുക്കുന്നതും സന്തോഷകണ്ണുനീര്‍ എന്റെ കാഴ്ചകള്‍ പലപ്പോഴും മറഞ്ഞു.അവര്‍ പോയതിന് ശേഷം മിക്കദിവസങ്ങളിലും എന്നെ ഫോണില്‍ വിളിക്കും വെള്ളിയാഴ്ചകളില്‍ സമ്മതം പോലും ചോദിക്കാതെ എനിക്കായി ബിരിയാണിയോ സേമിയ കൊണ്ടുണ്ടാക്കിയ ഖീറോ കൊടുത്തയക്കും.ആഴ്ചകള്‍ക്ക് ശേഷമുള്ള ഞായറാഴ്ച കീമോ തുടങ്ങാനായി വന്നപ്പോഴേക്കും ഷബാനയുടെ കണ്ണുകളില്‍ പഴയ കുസൃതിയും കൗമാരക്കാരിയുടെ ചുറുചുറുക്കും മടങ്ങിവന്നിരുന്നു..ഇപ്പോഴും ശരീരത്തിന്റെ ക്ഷീണം മാറിയില്ല അതുകൊണ്ട് ഗ്ലുകോസ് കയറ്റണമെന്ന് അദ്ദേഹം വാശി പിടിക്കുകയാണെന്ന് എന്നോട് നാണത്തോടെ.

ഓരോ ദിവസത്തെയും കീമോ കഴിയും വരെയും ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും അവരോടൊപ്പം ഞാനാ മുറിയില്‍ ഉണ്ടായിരുന്നു..മക്കളെ പ്രസവിക്കാന്‍ നേരവും പനി വന്ന് കയറ്റിയപ്പോഴും ഈ ഗ്ലുക്കോസിന് ഇത്രെയും എരിവില്ലായിരുന്നെന്നും ഞരമ്പിലേക്ക് വീഴുന്ന ഓരോ തുള്ളിയും കടന്ന് പോകുന്നത് അറിയാമെന്നും നീറുന്ന കൈകള്‍ തലോടുന്ന അയാളെ നോക്കി അവര്‍ പറയും.അവസാനത്തെ കീമോയും കഴിഞ്ഞ് അവരെ യാത്രയാക്കി ഞാന്‍ മുറിയിലേക്ക് പോകാന്‍ മുകളിലേക്കുള്ള പടികള്‍ കയറുമ്പോള്‍ റിസെപ്ഷനിലെ വിജയലക്ഷ്മി തമാശക്ക് അവരോട് ചോദിക്കുന്നത് കേള്‍ക്കാം ഞങ്ങളും ഇവിടുണ്ട് സിസ്റ്ററെ മാത്രമേ നിങ്ങള്‍ക്ക് വേണ്ടു അല്ലേയെന്ന്.ഡിസ്ചാര്‍ജ് ആയിപോകുന്ന രോഗികള്‍ മിക്കപ്പോഴും ബില്ലടച്ചു പോകാന്‍ നേരം അറ്റന്‍ഡര്‍ തുടങ്ങി അവിടുള്ള എല്ലാ സ്റ്റാഫിനും എന്തെങ്കിലും പൈസ പാരിതോഷികമായി നല്‍കും..എല്ലാവരും വാങ്ങുമെങ്കിലും ഞാന്‍ ഒഴിവാക്കാറാണ് പതിവ്..എനിക്കുള്ള ശമ്പളവും ഫീസടക്കേണ്ട സമയത്ത് അതില്‍കൂടുതലും സാറെനിക്ക് തരാറുണ്ട് അതുകൊണ്ട് സ്‌നേഹത്തിന് പകരം പണമല്ലെന്ന് സ്‌നേഹത്തോടെ തന്നെ നിരസിക്കും.പകരമായി ഭക്ഷണമോ മധുരമോ പലരും എത്തിക്കുമ്പോള്‍ വേണ്ടെന്ന് പറയാറുമില്ല..അതാകാം അവളത് ചോദിച്ചതും.ഓപ്പറേഷന്‍ കഴിഞ്ഞ് ഭക്ഷണം തുടങ്ങും മുന്‍പേ ശര്‍ദ്ധിയുണ്ടോയെന്ന് വെള്ളം കൊടുത്ത് നോക്കിയ ധൈര്യത്തില്‍ ഞാന്‍ അദ്ദേഹത്തോട് ജ്യൂസ് കൊടുത്തോളാന്‍ പറഞ്ഞതും..കൊടുത്ത ജ്യൂസ് കൊഴുത്ത മഞ്ഞനിറമുള്ള ശര്‍ദിലായി കിഡ്‌നി ട്രേ കയ്യിലെത്തും മുന്‍പേ എന്റെ കൈകുമ്പിളില്‍ നിറഞ്ഞിരുന്നതും.വയറ്റില്‍ നിന്നും പോകാതെ കോണ്‍സ്റ്റിപേഷനാല്‍ ബുദ്ധിമുട്ടിയപ്പോള്‍ പകല്‍ ഡ്യൂട്ടിയിലുള്ളവര്‍ രണ്ട് മൂന്ന് തവണ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രൊകാലിസ് എനിമ കൊടുത്ത് കാത്തിരുന്നപ്പോള്‍ വയറു വീര്‍ത്ത് വലിഞ്ഞ സ്റ്റിച്ചിന്റെ വേദന സഹിക്കാന്‍ കഴിയാതെ കരഞ്ഞ അവരെ,വയറ്റിലെ ഗ്യാസ് ട്യൂബിട്ട് കളഞ്ഞ് ഫീക്കല്‍ മാറ്റര്‍(ഉറച്ചുപോയ മലം)അയാള്‍ക്കും അവര്‍ക്കും സഹിക്കാന്‍ പറ്റാത്ത ദുര്‍ഗന്ധത്തിലും അറപ്പില്ലാതെ മടികൂടാതെ ഗ്ലൗസിട്ട കൈകളാല്‍ എടുത്തുകളഞ്ഞതും.ഡ്യൂട്ടിയില്ലെങ്കിലും എല്ലാ രോഗികളെയും വന്നെത്തിനോക്കി വിശേഷങ്ങള്‍ ചോദിച്ചുപോകുന്നതുമെല്ലാം മംതാജ്ഖാന്‍ ഇടറുന്ന സ്വരത്തോടെ വിജയലക്ഷ്മിക്ക് ഉത്തരം കൊടുക്കുന്നത് കേട്ടതും ഞാന്‍ തിരികെയിറങ്ങി ചെന്ന് അതെല്ലാം എന്റെ ഡ്യൂട്ടി മാത്രമായിരുന്നെന്ന് കൈകള്‍ കൂപ്പി.കടമയാണ് ചെയ്തതെന്ന് അറിയാം സിസ്റ്ററെ പക്ഷേ ആ കടമയോടൊപ്പം അറപ്പില്ലാതെ സ്വന്തമെന്ന് കരുതി മകളായോ അനിയത്തിയായോ കൂടെനിന്ന് ചെയ്യാനുള്ള മനസ്സും സ്‌നേഹവും മറ്റൊരാളില്‍ നിന്നും എനിക്ക് അനുഭവമില്ല ഇന്നുവരേക്കും.. അതുകൊണ്ട് തന്നെ നിങ്ങളെന്നും ഞങ്ങളുടെ മനസിലുണ്ടാകും..എന്റെ ശിരസ്സില്‍ കൈവച്ചാണ് അദ്ദേഹമത് പറഞ്ഞത്.അവരുടെ കീമോയെല്ലാം കഴിഞ്ഞശേഷം കഴിക്കാനുള്ള മരുന്ന് മാത്രമായതുകൊണ്ട് വല്ലപ്പോഴുമുള്ള പരിശോധനക്ക് അവര്‍ ഡോക്ടര്‍ ജോലിചെയ്യുന്ന മെഡിക്കല്‍ കോളേജില്‍ പോയാണ് പിന്നെ കാണിച്ചിരുന്നത്…അതായിരുന്നു അവര്‍ക്ക് സൗകര്യം.കുറെ മാസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ പിന്നെ അവരെ കാണുന്നത്..അതും ബസ് കാര്‍ഡിനുള്ള അപേക്ഷ കൊടുക്കാന്‍ Q വില്‍ നിന്ന എന്നെ അദ്ദേഹം എന്താണ് അറിയിക്കാതിരുന്നെന്ന് ചോദിച്ച് ചീത്തവിളിച്ച് അരികിലേക്ക് വിളിപ്പിച്ച് കാര്‍ഡ് ശരിയാക്കിത്തന്നപ്പോള്‍.

പരിചയമോ അടുപ്പമോ ആരുമായും ഉണ്ടെങ്കിലും അവരെ ദിനവും വിളിക്കാനോ ആവശ്യങ്ങളില്‍ പോയി ചോദിക്കാനോ അന്നും ഇന്നും ഞാന്‍ പുറകിലാണ്…സ്‌നേഹത്തോടെ ഒരു അകലം ആരുമായും സൂക്ഷിക്കുന്നത് തന്നെയാണ് ബന്ധങ്ങള്‍ക്ക് നല്ലതെന്ന് പലപ്പോഴും എനിക്ക് വ്യക്തമായിട്ടും ഉണ്ട്.അന്നാണ് ക്ലിനിക്കില്‍ അല്ലാതെ ഞാന്‍ ഷബാനയെ കണ്ട് സംസാരിച്ചതും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ പിരിഞ്ഞതും.പ്രായപൂര്‍ത്തിയായപ്പോള്‍ മുതലുള്ള മാസമാസത്തെ വേദനയും രക്തവുമൊന്നും ഇല്ലാത്തതിനാല്‍ പരമസുഖമാണെന്ന് അവര്‍ നിസ്സാരമായി പറയുമ്പോഴും അത് നഷ്ടപ്പെട്ടതിന്റെ വേദന ആ വാക്കുകളില്‍ ഉണ്ടായിരുന്നു.എങ്കിലും അതെടുത്ത് കളഞ്ഞതുകൊണ്ട് ഇനി സമാധാനമായി ജീവിക്കാമല്ലോ..അദ്ദേഹത്തെയും മക്കളെയും സ്‌നേഹിച്ചുമതിയായില്ലെന്നും ആശ്വാസമുതിര്‍ത്തു.പിന്നെയും മാസങ്ങള്‍ കഴിഞ്ഞ് സാറാണ് എന്നോട് പറഞ്ഞത് ഷബാന വീണ്ടും വന്നിരുന്നു..നെഞ്ചിലേക്കവന്‍ മടങ്ങിയെത്തിയിരിക്കുന്നു..ഇത്തവണ പഴയതുപോലെയുള്ള ചിരിയൊന്നുമില്ലാതെയാണ് അവരെ ഞാന്‍ കണ്ടത് നെഞ്ച് പിടയുന്ന നോവോടെയുള്ള അവരുടെ നോട്ടത്തെ എന്തുത്തരം കൊടുക്കുമെന്നോര്‍ത്ത് ഞാന്‍ അവഗണിച്ചു.കഴിഞ്ഞതവണത്തെപോലെ ഷബാന ഒന്നുമറിയാത്തവളല്ല വേദനകളും മരുന്നുകളും നിറഞ്ഞ ലോകം ഇന്നവര്‍ക്ക് പരിചിതമാണ്…ഇടത്തെ മാറിടം മുറിച്ച് മാറ്റേണ്ടി വരുമെന്ന് നിര്‍വികാരയായി കേട്ടിരിക്കുന്ന അവരെ നോക്കാന്‍ ശക്തിയില്ലാതെ മംതാജ് ഖാന്‍ താഴേക്ക് നോക്കിയിരുന്നു.മുജേ കുച്ച് തക്‌ലീഫ് നഹി മേരി ജാന്‍..പരീശാന്‍ ഹേ കി വോ അകേല പഡ്ജായേഗാ നാ.(എനിക്ക് പേടിയൊന്നുമില്ല എന്റെ മോളെ പക്ഷേ അദ്ദേഹം ഒറ്റക്കാകുമല്ലോയെന്നാണ് എന്റെ വിഷമം മുഴുവന്‍)പോകാന്‍ നേരം അവരെന്റെ കൈ രണ്ട് കൈ കൊണ്ടും കൂട്ടിപ്പിടിച്ചു.ഓപ്പറേഷന്റെ തലേന്ന് എന്തോ ആവശ്യത്തിന് പുറത്ത് പോയ മംതാജ്ഖാന്‍ മടങ്ങി വന്നില്ല..അന്ന് മൂത്ത മകളായിരുന്നു അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.രാത്രിയോടെ മരുമക്കള്‍ വരുന്നതും അവരെ കാണാന്‍ നേരം വൈകിയിട്ടും ഡോക്ടര്‍ ചെന്നു കാണുന്നതുമെല്ലാം എനിക്ക് കാണാം.

അബ്ബാക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് ഉമ്മ ിയെ അറിയിക്കേണ്ടെന്ന് എന്നോട് മകള്‍ വന്നു പറഞ്ഞു.അവള്‍ പറഞ്ഞതിലും കൂടുതലെന്തോ ഉണ്ടെന്ന് മനസിലിരുന്ന് ആരോ പറയും പോലെ.ഞാന്‍ ഡോക്ടറിനെ ചെന്ന് കണ്ടു.എത്രയോ വര്‍ഷത്തെ അനുഭവമുള്ള ആളാണ് എത്രെയോ രോഗികളെ ചികിത്സിച്ച ആള്‍ എന്നിട്ടും ചിന്തയില്‍ മുഴുകി ഒപിയിലെ കസേരയില്‍ ചാരി ഇരുപ്പാണ്.മംതാജ്ഖാന്‍ ഇനിയില്ല..അപകടം നടന്ന സ്ഥലത്തുവച്ചെ അദ്ദേഹം മരണപ്പെട്ടു..മകളോടും ഭാര്യയോടും പറഞ്ഞിട്ടില്ല..എല്ലാവര്‍ക്കും അറിയാം ഷബാനയും അദ്ദേഹവും തമ്മില്‍ എങ്ങനെയാണെന്ന്..അവരെ അറിയിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.എന്റെ ജീവനുള്ള കാലം വരെയും ആര്‍ക്കുമൊരു ബാധ്യതയാകാന്‍ അവളെ ഞാന്‍ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞവന്‍ പ്രിയപെട്ടവളോട് ഒരു വാക്ക് പോലും പറയാതെ യാത്രയായി..വേദനിപ്പിച്ച് മതിയാകാത്ത വിധിയുടെ വിളയാട്ടങ്ങള്‍.അന്ന് ചെറിയൊരു അപകടമെയുള്ളൂ എന്നറിഞ്ഞ് മക്കളോടൊപ്പം പോകുന്ന ഷബാനയെ എനിക്കോര്‍മ്മയുണ്ട്.രക്തമയമില്ലാതെ വിളറിവെളുത്ത ആ മുഖവും ശരീരവും ചത്ത മീനിന്റെ കണ്ണുകളും എന്റെ കണ്‍മുന്‍പില്‍ എത്രയോ ദിവസം തെളിഞ്ഞു.ഓപ്പറേഷന്‍ വേണ്ടെന്ന് പറഞ്ഞ് ഇനിയുള്ള ചികിത്സയും മരുന്നും ഇവിടെയാണെന്ന് തീരുമാനമെടുത്ത് ആര്‍ക്കും മാറ്റാന്‍ കഴിയാത്ത വാശിയോടെ അവരുടെ മുറിക്കകത്തിരിപ്പാണെന്നാണ് അവസാനമായി അന്നറിഞ്ഞത്..പിന്നെയും ജീവിതത്തില്‍ ഞണ്ടുകള്‍ കാര്‍ന്നുതിന്നുന്ന ശരീരവുമായി പലരും വന്നു..ദേഹം പൊള്ളിയടര്‍ന്ന പോകുന്ന വേദനയോടെ രക്തമുരുകിയൊലിപ്പിക്കുന്ന കീമോ മരുന്നുകള്‍ ഞരമ്പിലൂടെ ഒഴുക്കാന്‍ പലരും വന്നു.പോരാളികളെ പോലെ തങ്ങളെ കാര്‍ന്നുതിന്നാന്‍ വന്ന ഞണ്ടുകളെ യുദ്ധംചെയ്ത് തോല്‍പിച്ച മിടുക്കരെ കണ്ടതിനൊപ്പം ജീവിക്കാനുള്ള കൊതി നിറഞ്ഞ നോട്ടങ്ങളും വേദന സഹിക്കാന്‍ വയ്യ മരിച്ചാല്‍ മതിയെന്ന മടുത്ത നോട്ടങ്ങളുമായി പലരും വന്നുപോയി.നോവുണര്‍ത്തുന്ന ഓര്‍മകളില്‍ നിന്നും ഓടിയൊളിക്കാന്‍ ഷബാനയെ ഞാന്‍ മനഃപൂര്‍വം മറന്നു.ജോലി മാറിയതിന് ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മ്മകള്‍ മടക്കിത്തരാനായി ഇന്നും അറിഞ്ഞു.വേണ്ടപ്പെട്ട ഒരാളെ കൂടി കാര്‍ന്നുതിന്നാനായി അവനെത്തിയിരിക്കുന്നു.എനിക്ക് പേടിയൊന്നുമില്ല ലിസമ്മേ…ഇക്കാ തനിച്ചായിപ്പോകുമല്ലോയെന്ന സങ്കടം മാത്രമേയുള്ളു.ആ ഉമ്മ പറയുമ്പോള്‍ ഷബാനയുടെ സ്വരമായിരുന്നു എന്റെ കാതില്‍…വേണ്ടപെട്ടവരെല്ലാം എത്രമേല്‍ പ്രിയരാണെന്ന് പരസ്പരം തിരിച്ചറിഞ്ഞും ധാരാളിത്തത്തോടെ ചിലവിടാന്‍ സമയമിനി ബാക്കിയില്ലെന്ന നിസ്സഹായത തിങ്ങിയ നോവിന്റെ സ്വരങ്ങള്‍..ലിസ് ലോന (ഫോട്ടോയില്‍ മുടി ഡോണെറ്റ് ചെയ്ത സമയത്തെ പഴയ ഫോട്ടോയാണ് കുഞ്ചിക്കൊപ്പം)

 

 

Karma News Network

Recent Posts

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

4 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

19 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

37 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago