kerala

പിണറായിയുടെ മക്കൾ അവിഹിതമായൊന്നും ചെയ്യില്ല,ഫാരിസ് അബുബക്കറുമായി അഭിമുഖം നടത്തിയത് ദുരൂഹത മാറ്റാൻ – ജോൺ ബ്രിട്ടാസ്

സിപിഎമ്മിന്റെ മാധ്യമ മുഖം എന്ന് അറിയപ്പെട്ടിരുന്ന ജോൺ ബ്രിട്ടാസ് ഇപ്പോൾ പാർലമെന്റിലെ ഒരു ഇടതുപക്ഷ മുഖമാണ്. കൈരളി ടിവിയുടെ സാരഥിയായ ഈ രാജ്യ സഭാംഗം മികച്ച പാർലമെന്റംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം നേടിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെക്കുറിച്ചു നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ച് ലേഖനം എഴുതിയതിനെതിരെ ബിജെപി നൽകിയ പരാതിയുടെ പേരിൽ ഉപരാഷ്ട്രപതി ബ്രിട്ടാസിനോടു വിശദീകരണം ചോദിച്ചിരിക്കെ ഒരു ദേശീയ മാധ്യമം ബ്രിട്ടാസുമായി അഭിമുഖം നടത്തിയിരിക്കുകയാണ്.

മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതൃത്വവും തമ്മിലെ ബന്ധത്തെക്കുറിച്ച് വിവാദം ഉയർത്തുന്ന ചില പരാമർശങ്ങൾ ബ്രിട്ടാസ് ഇതിൽ പ്രകടിപ്പിച്ചിരിക്കുകയാണ്. പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ച് ഉള്ളു തുറക്കുന്നു. ഫാരിസ് അബുബക്കറുമായി നടത്തിയ വിവാദ അഭിമുഖം ദുരൂഹത നീക്കാനാണെന്നാണ് ബ്രിട്ടാസ് പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച ന്യായീകരണവും ഈ അഭിമുഖത്തിൽ ഉണ്ട്. സിഐഎ ചാരൻ എന്നു വരെ ചിലർ ആക്ഷേപിക്കുന്നതിനോടും ബ്രിട്ടാസ് പ്രതികരിച്ചിട്ടുണ്ട്. ഒരു ദേശീയ മാധ്യമത്തിന്റെ ‘ക്രോസ് ഫയർ ’ പരിപാടിയിലാണ് ബ്രിട്ടാസ് സംസാരിച്ചിരിക്കുന്നത്.

ചോദ്യം: മികച്ച ഒരു രാജ്യസഭാംഗമാകാൻ മാധ്യമപ്രവർത്തനത്തിലെ അനുഭവ സമ്പത്തും മാധ്യമ പ്രവർത്തനം തന്നെയും സഹായിക്കുന്നില്ലേ?

മാധ്യമപ്രവർത്തകനായ ഒരാൾ പാർലമെന്ററി രംഗത്തേക്കു വരുന്നത് വളരെയധികം സഹായകരമാണ്. പാർലമെന്റ് ദീർഘകാലം കവർ ചെയ്ത ഒരു മാധ്യമപ്രവർത്തകൻ ആയതുകൊണ്ടു കൂടിയാകാം, സഭാകമ്പം തീരെ ഉണ്ടായില്ല. നല്ല ആത്മവിശ്വാസം തന്നെ തോന്നി. മാധ്യമപ്രവർത്തകർ കൂടുതലായി രാഷ്ട്രീയത്തിലേക്കു വരണമെന്നാണ് എന്റെ അഭിപ്രായം.

മാധ്യമപ്രവർത്തകരെക്കുറിച്ച് രാഷ്ട്രീയ നേതൃത്വത്തിനുള്ള ധാരണ ഇപ്പോൾ താങ്കൾക്ക് കൂടുതലായി മനസ്സിലാകുമല്ലോ. ചെയ്തുവന്ന തൊഴിലിനോട് രാഷ്ട്രീയ നേതൃത്വത്തിന് മതിപ്പാണോ അതോ തിരിച്ചാണോ?

മാധ്യമപ്രവർത്തകൻ ആയിരിക്കുമ്പോൾ വിചാരിച്ചു വച്ചിരുന്നത് രാഷ്ട്രീയ നേതൃത്വത്തിന് നമ്മളെ ഭയങ്കര പരിഗണനയാണ് എന്നായിരുന്നു. എന്നാൽ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗമായപ്പോൾ അങ്ങനെയല്ല എന്നു മനസ്സിലായി. നമ്മൾ കരുതിയിയിരുന്നതു പോലെ വലിയ ബഹുമാനമൊന്നും അവർ കൊടുക്കുന്നില്ല. അത് എനിക്കു വലിയ വിഷമം ഉണ്ടാക്കി. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇപ്പോൾ മാധ്യമപ്രവർത്തകർക്കു പ്രവേശനമില്ല. നേരത്തേ ഒരു മാധ്യമപ്രവർത്തകനായി ഒരുപാട് സമയം ഞാൻ ചെലവഴിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് വീണ്ടും പ്രവേശനം അനുവദിക്കണമെന്ന വിഷയം ഞാൻ ഏറ്റെടുത്തു. ഉപരാഷ്ട്രപതിക്ക് കത്തെഴുതുകയും അതിനു പിന്നാലെ നടക്കുകയും ചെയ്തു.

എന്റെ ശ്രമത്തോട് മറ്റുള്ളവർക്കെല്ലാം വലിയ താൽപര്യമാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ ‘ബ്രിട്ടാസിന് എന്തിന്റെ സൂക്കേടാണ്, ഇവിടെ നമ്മൾ സ്വസ്ഥമായി ഇരിക്കുന്നില്ലേ, ഇനി ഇവന്മാരെല്ലാം കയറി വരണോ’ എന്നാണ് കേരളത്തിലെതന്നെ പല പ്രമുഖരും ചോദിച്ചത്. പുറത്തിറങ്ങി കഴിയുമ്പോൾ വലിയ സ്നേഹമാണ് ഇവരെല്ലാം മാധ്യമപ്രവർത്തകരോടു പ്രകടിപ്പിക്കുന്നത്. ഉള്ളിൽ ഉള്ളതല്ല ഇവർ കാണിക്കുന്നതെന്നും ബോധ്യപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റം അതിനു കാരണമായിരിക്കാം. ദീർഘകാലം മാധ്യമപ്രവർത്തകനായിരിക്കുകയും ഇപ്പോഴും ആ ജോലി ചെയ്യുന്ന ആളാണ് എന്നു പറയാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇതു നിരാശാജനകമായ അവസ്ഥയാണ്.

കേരളത്തിലെ അടക്കം രാഷ്ട്രീയ നേതൃത്വത്തെ ഇതു സ്വാധീനിക്കുന്നില്ലേ? മാധ്യമപ്രവർത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവ ശ്രമമല്ലേ നടക്കുന്നത്?

കാരണങ്ങൾ പലതാണ്. ഏതു രംഗത്തും ഉള്ള മൂല്യച്യുതി മാധ്യമപ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. മാധ്യമ വ്യവസായം ഒരു പ്രതിസന്ധി നേരിടുകയാണ്. മാധ്യമപ്രവർത്തകർക്ക് സുരക്ഷിതത്വബോധം ഇല്ലാതെ വരുമ്പോൾ അവരുടെ നിലപാടുകളിലും മറ്റും വരുന്ന പ്രശ്നങ്ങളുണ്ട്. ഞാൻ കേരളം എന്ന പരിപ്രേഷ്യത്തിൽ അല്ല പറയുന്നത്. ഇന്ത്യയെ ആകെ ബാധിച്ചത് എന്ന നിലയ്ക്കാണ്. സഹിഷ്ണുതയോടെ, സഹാനുഭൂതിയോടെ ഉള്ള സമീപനം ഇന്ത്യൻ ഭരണ നേതൃത്വത്തിൽനിന്ന് മാധ്യമപ്രവർത്തകർക്ക് ഇപ്പോൾ ലഭിക്കുന്നില്ല. മാധ്യമപ്രവർത്തകർ സ്വീകരിക്കപ്പെടുന്നില്ല, പകരം മാറ്റിനിർത്തപ്പെടുകയാണ്. സ്വീകരിച്ചാൽ തന്നെ വൈമനസ്യത്തോടെയാണ്

നല്ല വാർത്തകൾ സൃഷ്ടിക്കാൻ രാഷ്ട്രീയ പ്രവർത്തകർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മാധ്യമപ്രവർത്തകൻ രാഷ്ട്രീയ പ്രവർത്തകനാകുമ്പോൾ ആ വാ‍ർത്താ ആംഗിൾ എളുപ്പമാകും. മുന്നിൽ ഒരു വാർത്ത കണ്ടുകൊണ്ടല്ലേ പലതും ചെയ്യുന്നത്?

ശരിയാണ്. ഒരു മാധ്യമപ്രവർത്തകൻ ഒരു സംഭവത്തെ കാണുമ്പോൾ ഇൻട്രോ ആണല്ലോ ആദ്യം ഉദിക്കുക. ഒരു വിഷയം എടുക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും എങ്ങനെ അവതരിപ്പിച്ചാലാണ് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുക എന്നു ചിന്തിക്കാറുണ്ട്. അപ്പോൾ എന്നിലെ മാധ്യമപ്രവർത്തകനും ഉണരാറുണ്ട്.

മാധ്യമപ്രവർത്തനം പക്ഷേ പൂർണമായും വിട്ടില്ലല്ലോ. ഇപ്പോൾ നമ്മൾ ഇരിക്കുന്നതും കൈരളിയിൽ ആണല്ലോ? രണ്ടും ഒരുമിച്ചു കൊണ്ടു പോകുന്നത് പാർട്ടി തീരുമാനമാണോ?

തീർച്ചയായും. ഒരുമിച്ചു കൊണ്ടു നടക്കുന്നതിൽ സാങ്കേതികമായോ നിയമപരമായോ ഒരു തടസ്സവും ഇല്ല. എംപി എന്ന നിലയിൽ ഏതു കമ്പനിയുടെയും എംഡി ആയി നമുക്ക് പ്രവർത്തിക്കാം. പാർലമെന്റിൽ അഞ്ചോ ആറോ സ്ഥാപനങ്ങളുടെ എംഡിമാരായി പ്രവർത്തിക്കുന്നവരാണ് കൂടുതലും. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നപ്പോഴാണല്ലോ എം.പി.വീരേന്ദ്രകുമാർ എംപി ആയിരുന്നത്. മന്ത്രി ആയപ്പോൾ മാത്രമാണ് ആ ചുമതലയിൽനിന്നു മാറിയത്. പക്ഷേ കൈരളിക്കു വേണ്ടി വളരെ കുറച്ചു സമയമേ ഇപ്പോൾ മാറ്റിവയ്ക്കാറുള്ളൂ. ദൈനംദിന കാര്യങ്ങളി‍ൽ ഇപ്പോൾ ഇടപെടാറില്ല. സാങ്കേതികമായി, പക്ഷേ എംഡിയുടെ ചുമതല വഹിച്ചു പോകുകയാണ്. അതു തൽക്കാലത്തേക്കാകാം.

മാധ്യമപ്രവർത്തകനായിട്ടും രാജ്യസഭയിലെ പ്രകടനം മാധ്യമങ്ങൾ അവഗണിക്കുന്നു എന്ന പരാതി പങ്കുവച്ചത് എന്തുകൊണ്ടാണ്?

പരാതി ആയിട്ടൊന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ ഒരു മാധ്യമപ്രവർത്തകൻ ആയിരുന്നില്ലെങ്കിൽ ഇതിലും പ്രാധാന്യം മാധ്യമങ്ങളിൽ കിട്ടുമായിരുന്നുവെന്ന് തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യസഭയിലെ എന്റെ കന്നിപ്രസംഗത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പരസ്യമായി അഭിനന്ദിച്ചു. പത്രക്കാർ ഇരുന്ന സദസ്സിൽ വച്ചു തന്നെയാണ് പ്രകീർത്തിച്ചത്. കേരളത്തിൽനിന്നുളള ഒരു കന്നി പാർലമെന്റ് അംഗത്തെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചത് ഒരു ബോക്സ് വാർത്ത ആകേണ്ടതല്ലേ? സ്വാഭാവികമായും ഒരു മാധ്യമപ്രവർത്തൻ ആയതുകൊണ്ടാണോ അതു വേണ്ടെന്നുവച്ചത് എന്നു ചിന്തിച്ചു പോയിട്ടുണ്ട്.

ബ്രിട്ടാസിന്റെ ഉയർച്ചയിൽ അസൂയ ഉള്ളവർ ഉണ്ടെന്നാണോ? മാധ്യമപ്രവർത്തകരുടെ കാര്യം മാത്രമല്ല ചോദിക്കുന്നത്, രാഷ്ട്രീയക്കാരിലും ഉണ്ടാകാമല്ലോ?

അസൂയയൊന്നും അനുഭവപ്പെട്ടിട്ടില്ല. ബ്രിട്ടാസിന് ഇതു വേണ്ടിയിരുന്നില്ല, വേറെ ആൾക്കാരില്ലേ എന്നു ചിന്തിക്കുന്നവരുണ്ടാകാം. ആർക്കും ഏതു സ്ഥാനവും കിട്ടിയാലും മറ്റുള്ളവർക്ക് അങ്ങനെ തോന്നാവുന്നതാണ്. കൂടുതലും സഹകരണമേ എനിക്കു ലഭിച്ചിട്ടുള്ളൂ. ഡൽഹി പത്രക്കാരെല്ലാം വലിയ പിന്തുണയാണ് നൽകുന്നത്. കേരളത്തിലെ പത്രക്കാരുടെ മുൻഗണനകൾ വേറെ ആയതു കൊണ്ടാകും. അവർ എല്ലാവരുമായും എനിക്കു നല്ല ബന്ധമാണ് ഉള്ളത്.

ദേശാഭിമാനിയുടെ ഡൽഹി ലേഖകൻ കൈരളിയുടെ എംഡി ആകുക, അവിടെനിന്ന് രാജ്യസഭാംഗമാകുക, പാർട്ടിയുടെ പ്രാഥമിക അംഗം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവ് ആകുക… ഇതെല്ലാം പലർക്കും സ്വപ്ന തുല്യമല്ലേ?

ആ വിലയിരുത്തലിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. ഞാൻ കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ പ്രധാനപ്പെട്ട പ്രവർത്തകനാണ്, കേരള വർമ കോളജ് പോലെ ഉള്ള ഒരു പ്രമുഖ കോളജിൽനിന്നുള്ള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. ചെറിയ പ്രായത്തിലേ പത്രപ്രവർത്തകനായി. മാധ്യമപ്രവർത്തന ജീവിതത്തിന്റെ 99% ഇടതുപക്ഷ മാധ്യമരംഗത്തായിരുന്നു. 34 വർഷത്തോളം ഈ പാർട്ടിയുടെ കൂടെ നിന്ന ആളാണ് ഞാൻ. ഈ പശ്ചാത്തലം ഇല്ലാത്ത എത്രയോ പേർ എന്നേക്കാളും മുകളിൽ എത്തിയിട്ടുണ്ട്. അനർഹമായ ഒന്നും ലഭിച്ചിട്ടില്ല. സമീപിക്കുന്ന രീതികൊണ്ടാകും ചിലർക്ക് മറിച്ചു തോന്നുന്നത്. ഇഎംഎസിന്റെ നിലപാട് അനുസരിച്ച് ദേശാഭിമാനിയിലെ പ്രവർത്തനം പാർട്ടി പ്രവർത്തനംതന്നെയാണ്. ‘കൈരളിയുടെ’ എം.ഡി ആയുള്ള എന്റെ പ്രവർത്തനവും പാർട്ടി പ്രവർത്തനം തന്നെയാണ്. ഇക്കാലമെല്ലാം ഞാൻ ജോലി ചെയ്തതു പാർട്ടിക്കു വേണ്ടിയാണ്.

പിണറായി വിജയന്റെ ‘പേട്രണേജ്’ (രക്ഷകർതൃത്വം) ആണ് ബ്രിട്ടാസിന്റെ ഉയർച്ചയ്ക്ക് കാരണമെന്ന് ആരോപിക്കുന്നവരോട് എന്താണ് മറുപടി?

‘പേട്രണേജ്’ എന്ന വാക്കല്ല എനിക്ക് ഉപയോഗിക്കാനുള്ളത്. പിണറായി വിജയൻ എന്നെ സഹായിച്ചിട്ടുണ്ട്. ഞാൻ ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നല്ലോ. അന്നൊന്നും അദ്ദേഹത്തിന്റെ എന്തെങ്കിലും സഹായം ഉണ്ടായിട്ടില്ലല്ലോ. അതിനു ശേഷം അദ്ദേഹം പാർട്ടി സെക്രട്ടറി ആയപ്പോഴാണ് കൈരളി ആരംഭിക്കുന്നത്. കമ്പനിയുടെ ഒരു പ്രത്യേക ഘട്ടത്തിലാണ് ഞാൻ എംഡി ആയത്. കൈരളി അടച്ചു പൂട്ടാൻ ഇടയുള്ള സ്ഥിതിയിൽ അന്ന് എത്തിയിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥ. കൈരളിയുടെ ഏറ്റവും വലിയ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ഞാൻ വന്നത്. അല്ലാതെ സൗഭാഗ്യദിനങ്ങളിൽ അല്ല. യഥാ‍ർഥത്തിൽ എനിക്ക് ബുദ്ധിമുട്ടേറിയ ദൗത്യം നൽകുകയാണ് പിണറായി വിജയൻ ചെയ്തത്. എന്നെ ഏൽപിച്ച ജോലി നിർവഹിച്ചു എന്നു പിണറായി വിജയൻ എന്ന പാർട്ടി സെക്രട്ടറിക്കു തോന്നിയിട്ടുണ്ടാകും.

മുഖ്യമന്ത്രിയും ബ്രിട്ടാസും തമ്മിലെ ബന്ധത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ട്…

‘ദേശാഭിമാനിയുടെ’ കണ്ണൂർ ജില്ലാ ലേഖകൻ ആയിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിന് എന്നെ അറിയാം. അന്ന് അദ്ദേഹം കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ സൗമനസ്യം എപ്പോഴും എനിക്ക് ഉണ്ടായിട്ടുണ്ട്. ഏതു ഘട്ടത്തിലും സഹായിക്കാവുന്ന കാര്യങ്ങളിൽ എന്നെ സഹായിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് പേരെ അദ്ദേഹം സഹായിക്കാറുണ്ട് എന്നതു കൂടി കാണണം. ഏൽപിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിച്ചപ്പോൾ അതിന്റെ തൃപ്തി അദ്ദേഹത്തിന് തോന്നിക്കാണും. അല്ലാതെ അതിരുവിട്ട് സ്നേഹം ആരോടും അദ്ദേഹം കാണിക്കാറില്ല. പാർട്ടി രീതിയിലാണ് അദ്ദേഹം എല്ലാം കാണുന്നത്.

ഡൽഹിയിൽ പിണറായി വിജയന് ഏറ്റവും വേണ്ടപ്പെട്ടയാൾ ബ്രിട്ടാസാണ് എന്നാണല്ലോ പലരും പറയുന്നത്..?

നമുക്ക് ഇത്തരം ചില കഥകൾ വേണം. എന്നിട്ട് അതിനു ചുറ്റും കറങ്ങും. പിണറായി വിജയനെ പോലെ ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിന്, മുഖ്യമന്ത്രിക്ക് എത്രയോ ആൾക്കാരുണ്ട്. ഒരാളോട് പ്രത്യേകമായ സ്നേഹം എന്ന രീതി അദ്ദേഹത്തിനില്ല. അതിൽ വിശ്വസിക്കുന്നുമില്ല. ഞാൻ മനസ്സിലാക്കുന്ന പിണറായി വിജയൻ എല്ലാ അർഥത്തിലും ഒരു സംഘടനാ പ്രവർത്തകനാണ്. പാർട്ടിയുടെ ചട്ടക്കൂട്ടിൽ വച്ചാണ് അദ്ദേഹം ഓരോ കാര്യവും തീരുമാനിക്കുന്നത്. ബാഹ്യമായ ഇടപെടലുകളിലോ ബാഹ്യപ്രേരണകളിലോ അദ്ദേഹം തീരുമാനം എടുക്കാറില്ല എന്നതു നേരിട്ടു ബോധ്യമുള്ള കാര്യമാണ്. പല രാഷ്ട്രീയ നേതാക്കളെയും പോലെ, വേറെ ഒരു സംഘത്തെ വച്ച് അദ്ദേഹത്തിന് എല്ലാം ചെയ്യാമല്ലോ. പക്ഷേ പാർട്ടിയാണ് അദ്ദേഹത്തിന് എല്ലാം. സംഘടനാബോധം ഇത്രത്തോളം പുലർത്തുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല.

തികച്ച അച്ചടക്കവും പാ‍ർട്ടി നിഷ്ഠയും ഉളള കർക്കശക്കാരനായ നേതാവാണ് ഒരു വിഭാഗത്തിന് പിണറായി. പക്ഷേ രാഷ്ട്രീയ എതിരാളികൾക്കോ, അഴിമതി അനുവദിക്കുന്ന നേതാവും. ഈ രണ്ടു പിണറായിമാരിൽ ഏതാണ് സത്യം?

ഈ രണ്ടു പിണറായിമാരെയും നിങ്ങൾ സൃഷ്ടിക്കുന്നതാണ്. എനിക്ക് അറിയാവുന്ന പിണറായി വിജയൻ, ഒരിക്കലും ഒരു ക്രമക്കേടിന് കൂട്ടുനിൽക്കില്ല. ചില നിഷ്ഠകൾ അദ്ദേഹത്തിന് ഉണ്ട് എന്നതിന് അപ്പുറം കാർക്കശ്യമൊന്നും എനിക്ക് തോന്നിയിട്ടില്ല. പിണറായി വിജയൻ ഒരു സമയം പറഞ്ഞാൽ ആ സമയത്തുതന്നെ എത്തും. മുഖ്യമന്ത്രി സമയത്തിന് എത്തും എന്നതാണ് കേരളത്തിലെ സംഘാടകരുടെ പ്രശ്നം!

ക്യാമറയ്ക്കു വേണ്ടിയോ നിങ്ങളുടെ എഴുത്തിനു വേണ്ടിയോ അദ്ദേഹത്തിന്റെ രീതികള്‍ ഒരിക്കലും മാറ്റാറില്ല. അപ്പുറത്തും ഇപ്പുറത്തും കുറച്ചു പേരുണ്ടെങ്കിൽ അതു നമ്മളെ സ്വാധീനിക്കും. രീതികളിൽ ചില വ്യത്യാസം പെട്ടെന്നു വരുത്തും. പിണറായി അതു ചെയ്യാറില്ല. മനസ്സിൽ ഉള്ളതു മുഖത്തു വരും. അസുഖകരമായ ഒരു സാഹചര്യമെല്ലാം ഒരു പുഞ്ചിരി വരുത്തി എന്നെപ്പോലുള്ളവർ മാനേജ് ചെയ്യും. പക്ഷേ അങ്ങനെ ഒരു കൃത്രിമം പിണറായി ഉണ്ടാക്കില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല തന്നെ. മുഖത്ത് അതു കാണാം.

മുഖ്യമന്ത്രിയുടെ ഓഫിസ്, കുടുംബം ഇതു രണ്ടിനെയും ചുറ്റിപ്പറ്റിയാണല്ലോ പക്ഷേ ആരോപണങ്ങൾ?

കുടുബാംഗങ്ങളോട് അദ്ദേഹത്തിന് വലിയ സ്നേഹമുണ്ട്. അത് എല്ലാവരോടുമുണ്ട്. ആരും എന്തു സഹായം ചോദിച്ചു ചെന്നാലും, ചെയ്യാവുന്ന കാര്യമാണെങ്കിൽ ചെയ്യും. ചെയ്യാൻ പറ്റാത്തതാണെങ്കിൽ പറ്റില്ലെന്നു പറയും. പറയുന്നതേ പ്രവർത്തിക്കൂ, ചെയ്യാൻ കഴിയുന്നതേ പറയൂ. ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാവ് ഇങ്ങനെ ആകരുതെന്ന് വേണമെങ്കിൽ പറയാം. പക്ഷേ പിണറായി അങ്ങനെയാണ്.

നമ്മളെല്ലാം എന്തെങ്കിലും പറഞ്ഞാൽ അതിൽ പിടിച്ചു കയറി കേന്ദ്ര മന്ത്രിമാർ പറഞ്ഞു കൊണ്ടേയിരിക്കും. എന്നെപ്പോലെ ഒരു പുതിയ അംഗം ഉന്നയിച്ച വിഷയത്തിൽ ഒരിക്കൽ നിർമല സീതാരാമൻ അങ്ങനെ ചെയ്യുന്നത് കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും സഹിക്കാൻ പറ്റുന്നില്ല. എന്തിനാണ് ഇത്ര ഈർഷ്യ!

താൻ ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹമായി പ്രമോട്ട് ചെയ്യാറില്ല. സഹായം ചെയ്തതു പറഞ്ഞു നടക്കാറില്ല. ദേശാഭിമാനി കണ്ണൂർ ലേഖകൻ ആയിരിക്കുമ്പോൾ ഒരു പരിപാടിക്ക് കാറിൽ ഒപ്പം പോയി. യോഗസ്ഥലത്ത് എത്തിയപ്പോൾ ഞാൻ പതുക്കെ മാറി. കുറച്ചു കഴിഞ്ഞപ്പോൾ ചായസൽക്കാരം ഉണ്ടായി. ഡ്രൈവറെ വിട്ട് എന്നെ വിളിപ്പിച്ചു. ഞാനും ചായ കുടിച്ചു എന്ന് അദ്ദേഹം ഉറപ്പു വരുത്തി. അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. അതേസമയം ആരെയെങ്കിലും ബോധ്യപ്പെടുത്താൻ ചെയ്യുന്നതുമല്ല.

കെ.കരുണാകരനെ പോലെ ആശ്രിത വത്സലനാണോ?

ഇഷ്ടമുള്ള ആളാണെന്നു കരുതി എന്തെങ്കിലും തെറ്റായ കാര്യം ചെയ്തിട്ടു പിണറായിയുടെ മുന്നിൽ പോയി രക്ഷപ്പെടാമെന്ന് കരുതേണ്ട. തെറ്റ് തെറ്റു തന്നെ എന്നു മുഖത്ത് നോക്കി പറയും. എത്രയോ കാര്യങ്ങൾക്ക് ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. ബോധ്യം ഇല്ലാത്ത ഒരു കാര്യം ആണെങ്കിൽ അതു വേണ്ടെന്നു തന്നെ പറയും. മുഖ്യമന്ത്രി എന്ന നിലയിൽ ഉള്ള ഭാരിച്ച ജോലികൾക്ക് ഇടയിൽ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ശ്രദ്ധിക്കാൻ പറ്റണം എന്നുണ്ടാകില്ല. അതു വേണമെങ്കിൽ ചൂണ്ടിക്കാട്ടാം. അതല്ലാതെ അദ്ദേഹം വളംവച്ചു കൊടുത്തുകൊണ്ട് ഒരു ക്രമക്കേട് നടക്കില്ല.

കുടുബാംഗങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ടോ?

ഇതുവരെ അങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹം വളരെ സ്നേഹധനനായ പിതാവാണ്. വീട്ടിൽ വളരെ സ്നേഹം പ്രകടിപ്പിക്കുന്നയാളാണ്.

അത് ദുരുപയോഗപ്പെടുത്തുന്നുണ്ടോ?

കുട്ടികൾ അദ്ദേഹത്തെ കണ്ടു വളർന്നവരാണ്. വീണയെയും വിവേകിനെയും എനിക്ക് അറിയാം. എത്രയോ കാലമായി ആ കുടുംബത്തെ കാണുന്നു. അവരാരും അത്തരക്കാരായി തോന്നിയിട്ടില്ല. തെറ്റിദ്ധാരണകൾ നീക്കാൻ അദ്ദേഹം ഒന്നും ചെയ്യുകയും ഇല്ല. നേരത്തേ ലാവ്‌ലിൻ കേസ് ഉയർന്നപ്പോൾ ഭാര്യയുടെ പേരിൽ സിംഗപ്പൂരിൽ കമ്പനി ഉണ്ടെന്നു പ്രചാരണം നടന്നല്ലോ. സത്യം തുറന്നു പറഞ്ഞു കൂടേ എന്നു ഞാൻ ചോദിച്ചിട്ടുണ്ട്. ‘‘എന്നെങ്കിലും തെറ്റാണെന്ന് തെളിയും, അതു മതി’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടിസ്ഥാനമില്ലാത്ത കാര്യം വരുമ്പോൾ പറഞ്ഞു തിരുത്തി പോകുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. പക്ഷേ അദ്ദേഹത്തിന്റെ രീതി വേറെയാണ്.

തൊട്ടാൽ പൊട്ടുന്ന പിണറായിയെക്കുറിച്ചു പറഞ്ഞല്ലോ. അങ്ങനെ ഒരാളെ പരുവപ്പെടുത്തി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചതിൽ താങ്കൾക്കു പങ്കുണ്ടോ?

ഒരു പങ്കും വഹിച്ചിട്ടില്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദവിയിൽനിന്നു മുഖ്യമന്ത്രിപദത്തിലേക്കു മാറുമ്പോൾ ആ പദവിക്ക് ഇണങ്ങുന്ന തരത്തിൽ അദ്ദേഹം പെരുമാറുന്നതായിരിക്കാം. പിണറായി ചിരിക്കുന്നു എന്ന് കണ്ടുപിടിത്തം പോലെ പത്രക്കാർ പറയുമ്പോൾ എനിക്കു ചിരിയാണ് വരുന്നത്. അദ്ദേഹം പണ്ടും ചിരിച്ചിരുന്നു. കൈരളിയുമായി ബന്ധപ്പെട്ടുള്ള യാത്രകളിലെല്ലാം എത്രയോ തമാശകൾ പങ്കുവച്ചിട്ടുണ്ട്. ചെറിയ ഒരു തമാശ പറഞ്ഞാൽ പോലും ചിരിക്കുന്ന ആളാണ് പിണറായി. എന്തിനാണ് ഈ പത്രക്കാർ മറ്റൊരു പരിവേഷം ചാർത്തുന്നത് എന്നേ തോന്നിയിട്ടുള്ളൂ.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 4.25 കോടിയുടെ അഴിമതി നടന്നെന്ന വാർത്ത പുറത്തു കൊണ്ടുവന്ന ആളാണ് താങ്കൾ. ഇപ്പോൾ ആ കേസ് സർക്കാരിനെ ചൂഴ്ന്നു നിൽക്കുന്നു. അത് ഒരു സെൽഫ് ഗോൾ ആയിരുന്നോ?

ഒരിക്കലും ഇല്ല. അത് ലൈഫ് മിഷന്റെ കരാർ കിട്ടിയവർ കൊടുത്ത പൈസ ആണല്ലോ. അതു സർക്കാരുമായി ബന്ധപ്പെട്ട പദ്ധതി അല്ല. യുഎഇ കോൺസുലേറ്റിന്റെ പദ്ധതിയാണ്. കരാർ കിട്ടിയത് തൃശൂരുള്ള ബിൽഡർക്ക്. അന്നത്തെ അന്വേഷണ ഏജൻസിക്ക് അവർ കൊടുത്ത മൊഴിയാണ് വാർത്തയ്ക്കു വേണ്ടി ആധാരമാക്കിയത്. വാർത്ത നൽകിയാലും ഇല്ലെങ്കിലും ആ മൊഴി അവിടെ ഉണ്ട്.

അതിന്മേൽ പിന്നീട് അന്വേഷണം നടന്നില്ലല്ലോ?
ഏജൻസികൾക്കു ലഭിച്ച മൊഴി അല്ലേ. ആ മൊഴി മറ്റു പത്രപ്രവർത്തകർക്കു കിട്ടുന്നതിന് മുൻപ് എനിക്കു ലഭിച്ചു, വാർത്തയാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലേക്കു നടന്നു വരുന്നത് ചക്രവർത്തിയെ പോലെ ആണെന്നു താങ്കൾ പറഞ്ഞത് ഒരു പുകഴ്ത്തലായി ചിത്രീകരിച്ചവരും ഉണ്ടല്ലോ?

അത് ഒരു ഡിജിറ്റൽ ചാനലിന് കൊടുത്ത ഒരു മണിക്കൂർ അഭിമുഖത്തിലെ ഒരു വാചകമാണ്. പാർലമെന്റിനോടുള്ള ഭരണധികാരികളുടെ സമീപനം മാറിയതിനെക്കുറിച്ചാണ് അതിൽ സംസാരിച്ചത്. ആഴ്ചയിൽ അഞ്ചോ പത്തോ മിനിറ്റാണ് ഇന്ത്യൻ പ്രധാനമന്ത്രി പാർലമെന്റിൽ വരാറുള്ളത്. ചക്രവർത്തിയുടെ ഭാവത്തിലാണ് പ്രധാനമന്ത്രി പാർലമെന്റിലേക്കു വരുന്നത് എന്നു പറയുമ്പോൾ അത് എങ്ങനെ പോസിറ്റീവ് ആകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതു രാജവാഴ്ച അല്ലല്ലോ. മോദി ഒരു ചക്രവർത്തി ആണെന്നു മനസ്സിൽ സങ്കൽപ്പിക്കുന്നവരുടെ മാനസിക വൈകല്യമാണ് അത്.

പാർലമെന്ററി ഐടി സമിതിയുടെ അധ്യക്ഷ പദവിയിൽനിന്ന് ശശി തരൂരിനെ മാറ്റിയത് താങ്കളെപ്പോലെ ഉളളവർ ആ സമിതിയിൽ വന്നതു കൊണ്ടാകാം എന്ന് തരൂർ അഭിപ്രായപ്പെട്ടത് ഏതു സാഹചര്യത്തിലാണ്?

നാലു മർമപ്രധാനമായ വകുപ്പുകൾ ഉൾപ്പെട്ട ഐടി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ശശി തരൂർ. ഞാൻ അംഗവും. വളരെ സജീവമായി ഞാൻ അടക്കം ഇടപെട്ടു തുടങ്ങിയത് സർക്കാരിനെ അസ്വസ്ഥമാക്കിയതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഗവ. സെക്രട്ടറിമാരെ ചോദ്യം ചെയ്യുകയും റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്തതിന്റെ പരിണിത ഫലമായാണ് തന്റെ പദവി പോയത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സജീവമായ പാർലമെന്റ് അംഗങ്ങളെ സർക്കാർ ആഗ്രഹിക്കുന്നില്ല എന്ന കാര്യമാണ് ഉദ്ദേശിച്ചത്. പാർലമെന്റ് കമ്മിറ്റികൾ സചേതനമാകേണ്ട എന്നുതന്നെയാണ് അവരുടെ നിലപാട്. തരൂരിനെ ആ കമ്മിറ്റിയിൽ ഞാൻ ‘മിസ്’ ചെയ്യുന്നുണ്ട്. വലിയ സങ്കടമുണ്ട്.

ബ്രിട്ടാസ് അടുത്തിരിക്കുന്നതുകൊണ്ട് തന്റെ പ്രവർത്തനവും മെച്ചപ്പെട്ടെന്നാണല്ലോ മുസ്‌ലിം ലീഗിന്റെ അബ്ദുൽ വഹാബ് എംപി അഭിപ്രായപ്പെട്ടത്?

അത് സത്യമാണ് (ചിരിക്കുന്നു). നേരത്തേ അവിടെ ഉണ്ടായിരുന്നവർ പറയുന്നത് വഹാബ് ഒപ്പിട്ടിട്ട് പോകും എന്നായിരുന്നു. എല്ലാ ദിവസവും വരാറില്ല, വന്നാലും ഇരിക്കില്ല. ഞാൻ വന്നതോടെ അതിൽ മാറ്റം വന്നു. കൃത്യമായി പാർലമെന്റിൽ വരാൻ തുടങ്ങി. മുഴുവൻ സമയവും ഇരിക്കാനും തുടങ്ങി

നിങ്ങൾ തമ്മിലെ സൗഹൃദമാണോ കാരണം?

അത് ഒരു കാരണമാകാം, അദ്ദേഹംതന്നെ പറഞ്ഞതു പോലെ ചെറുതായിട്ടെല്ലാം ഞാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടാകാം. ഞാൻ ‘കൈരളിയിൽ’ വരുമ്പോൾ അദ്ദേഹം ഡയറക്ടർ ബോർഡ് അംഗമാണല്ലോ. അന്നു മുതൽ ഉള്ള ബന്ധമാണ്. സംസാരിക്കാനും വിഷയങ്ങളിൽ ഇടപെടാനും നിർബന്ധിക്കാറുണ്ട്. അതു വാസ്തവമാണ്. നാളെ അദ്ദേഹം മാറ്റിപ്പറയുമോ എന്ന് എനിക്ക് അറിയില്ല.

മാധ്യമപ്രവർത്തകൻ എന്ന നിലയിൽ പാർലമെന്റ് കവർ ചെയ്തിരുന്നല്ലോ. അന്നത്തെ നിലവാരം ഇന്നത്തെ ചർച്ചകൾക്ക് ഉണ്ടോ?

മാധ്യമപ്രവർത്തകനായ എന്നെ ത്രസിപ്പിച്ച ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇന്നു പക്ഷേ അർഥവത്തായ സംവാദങ്ങൾ ഉണ്ടാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല. നമ്മളെല്ലാം എന്തെങ്കിലും പറഞ്ഞാൽ അതിൽ പിടിച്ചു കയറി മന്ത്രിമാർ പറഞ്ഞു കൊണ്ടേയിരിക്കും. എന്നെപ്പോലെ ഒരു പുതിയ അംഗം ഉന്നയിച്ച വിഷയത്തിൽ ഒരിക്കൽ നിർമല സീതാരാമൻ അങ്ങനെ ചെയ്യുന്നത് കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും സഹിക്കാൻ പറ്റുന്നില്ല. എന്തിനാണ് ഇത്ര ഈർഷ്യ!. മറിച്ചുള്ളവരും അപൂർവമായി ഉണ്ട്. മന്ത്രി നിതിൻ ഗഡ്കരി അങ്ങനെ ഒരാളാണ്. ചോദ്യോത്തര വേളയിൽ അദ്ദേഹം നൽകുന്ന മറുപടി കണ്ടിരിക്കേണ്ടതാണ്. എത്രകണ്ട് ആധികാരികമായും രസകരവുമായാണ് മറുപടി പറഞ്ഞു പോകുക!

ശശി തരൂരിനെ പാർലമെന്റിലും പുറത്തും കോൺഗ്രസ് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല എന്നു തോന്നുന്നുണ്ടോ?

തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച സമയത്ത് അദ്ദേഹത്തെ പിന്തുണച്ച് ഒരു അഭിപ്രായം പറഞ്ഞതിന് കോൺഗ്രസുകാരിൽ നിന്നു ഞാൻ കേട്ട ചീത്തയ്ക്കു കണക്കില്ല. അത് ഓർമിക്കുന്നുണ്ടാകുമല്ലോ. തരൂരും ഖർഗെയും തമ്മിലുള്ള മത്സരം പൊതുമണ്ഡലത്തിൽ ഒരു വിഷയമായപ്പോഴാണ് ഞാൻ അഭിപ്രായം പറഞ്ഞത്. ഒരു പരസ്യ ചർച്ചയ്ക്ക് കോൺഗ്രസുകാർതന്നെ മുതിർന്നപ്പോഴാണ് ഫെയ്സ്ബുക്കിൽ വളരെ സദുദ്ദേശത്തോടെ നിലപാട് പ്രകടിപ്പിച്ചത്. അതിന്റെ പേരിൽ എന്റെ വാട്സാപ്പിലേക്കു വന്ന തെറികളോ!

തരൂരിനെ പോലെ ഉളളവരെ കോൺഗ്രസ് ഉപയോഗിക്കണം എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തോട് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ട്. നാളെ അദ്ദേഹം മത്സരിച്ചാൽ എതിരെ പ്രചാരണത്തിനും പോകും. പക്ഷേ അദ്ദേഹത്തെ പോലെ ഉള്ളവർ ഉത്തരേന്ത്യയിൽ ക്യാംപസുകളിൽ പ്രസംഗിച്ചാൽ വലിയ ചലനമല്ലേ ഉണ്ടാകുക.

കേന്ദ്രത്തിലെ കോൺഗ്രസിനെയും കേരളത്തിലെ കോൺഗ്രസിനെയും താങ്കൾ കാണുന്നുണ്ടല്ലോ. എന്താണ് പ്രശ്നം?

സങ്കുചിതത്വം തന്നെയാണ് പ്രധാന പ്രശ്നം. പാർലമെന്റിൽ സിപിഎമ്മിനെ അടിച്ചിരുത്തി എങ്ങനെ സ്കോർ ചെയ്യാം എന്നാണ് കേരളത്തിലെ കോൺഗ്രസ് എംപിമാർ ആലോചിക്കാറുള്ളത്. ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ’ക്കുറിച്ചുള്ള സിപിഎമ്മിന്റെ സെമിനാറിൽ ശശി തരൂരിന് വിലക്ക് ഏർപ്പെടുത്തിയ പാർട്ടിയാണ് ഭാരത് ജോഡോ യാത്ര എന്ന കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചാരണപരിപാടിയിൽ സിപിഎം പങ്കെടുത്തില്ലെന്നു കുറ്റപ്പെടുത്തുന്നത്!

കേരളത്തിലെ കോൺഗ്രസ് വിരോധം, പക്ഷേ ദേശീയ തലത്തിൽ സിപിഎമ്മിനും സങ്കുചിചത്വ മനോഭാവം ഉണ്ടാക്കുന്നില്ലേ?

ഇതാണ് ശരി, ബാക്കി എല്ലാം തെറ്റാണ് എന്നൊന്നും ഞാ‍ൻ പറയുന്നില്ല. മരം കണ്ടിട്ടു കാടു കാണാതെ പോകുന്ന സ്ഥിതിയുണ്ട്. പക്ഷേ സിപിഎം എത്ര വിശാലമായി ചിന്തിച്ചിട്ടുണ്ട് എന്നു കൂടി ഓർക്കണം. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് അവർ നിരുപാധിക പിന്തുണ കൊടുത്തില്ലേ. ഒരു ഗ്യാസ് കണക്‌ഷനു പോലുമുള്ള വക കിട്ടാതെ ചെയ്ത നടപടിയായി അതിനെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പരിഹസിച്ചിട്ടുണ്ട്. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റി നിർത്താൻ വേണ്ടി മാത്രം നിസ്വാർഥമായ നയം സ്വീകരിച്ചില്ലേ പാർട്ടി. ആ പരിഗണന കോൺഗ്രസിന്റെ ഭാഗത്തുനിന്ന് തിരിച്ചു സിപിഎമ്മിനു കിട്ടുമോ? കെ.ആർ.നാരായണൻ ഈ ചോദ്യം തന്നോടു ചോദിച്ചതായി ഹർകിഷൻസിങ് സുർജിത് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

പക്ഷേ കോൺഗ്രസ് ഇല്ലാതെ ബിജെപിയെ അധികാരത്തിൽനിന്നു മാറ്റി നിർത്താൻ കഴിയുമോ?

ബിജെപിയെ താഴെ ഇറക്കുന്നതിൽ കോൺഗ്രസ് ഒരു ഘടകം തന്നെയാണ്. പക്ഷേ യാഥാർഥ്യ ബോധത്തോടെ കോൺഗ്രസ് ചിന്തിക്കണം. 543 സീറ്റിൽ തങ്ങളുടെ തട്ടകം ഏതാണെന്ന് ബിജെപി വിരുദ്ധ ചേരിയിലെ പാർട്ടികൾ ഗൃഹപാഠം ചെയ്യണം. ഒരു രാഷ്ട്രീയ വിദ്യാർഥി എന്ന നിലയിൽ ഞാൻ പറയട്ടെ, 150–160 സീറ്റുകളിലാണ് കോൺഗ്രസിന് കരുത്ത് ഉള്ളത്. അത്രയും സീറ്റുകളിൽ കോൺഗ്രസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കണം. അതിൽ പകുതി സീറ്റിൽ കോൺഗ്രസ് ജയിച്ചാൽ ബിജെപി പുറത്താകും. കാരണം ഈ 150 സീറ്റുകളിൽ 70–80% സീറ്റുകളിലും ബിജെപിയുമായിട്ടാണ് മത്സരം. അതിൽ പകുതിയിലേറെ സീറ്റുകളിൽ തോറ്റാൽ ബിജെപി പിന്തളളപ്പെടും. പ്രതിപക്ഷ കക്ഷികൾതന്നെ അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ച് എല്ലാം താറുമാറാക്കുന്ന സ്ഥിതിയിൽ മാറ്റം വേണം.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ താങ്കളുടെ പ്രസംഗം വിവാദമായല്ലോ. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി ബിജെപി രംഗത്തെത്തി. ആർഎസ്എസിനെ നിശിതമായി വിമർശിക്കാനുള്ള ശ്രമം എവിടെയെങ്കിലും അൽപം കടന്നു പോയി എന്നു പിന്നീട് തോന്നിയോ?

ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിളളയെ മുജാഹിദ് നേതൃത്വം ആ സമ്മേളനത്തിൽ വിളിച്ചതിലുള്ള പരാതിയാണ് എന്റെ പ്രസംഗത്തിൽ പ്രതിഫലിച്ചത് എന്ന നിലയ്ക്കാണ് വാർത്ത വന്നത്. ആ സാഹചര്യത്തിൽ ഈ ചോദ്യം വളരെ പ്രസക്തമാണ്. യഥാർഥത്തിൽ എനിക്കു തൊട്ടു മുൻപ് അവിടെ സംസാരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ ഖുറേഷിയോടാണ് ഞാൻ ചില ചോദ്യങ്ങൾ ഉന്നയിച്ചത്. ഖുറേഷിയുടെ നേതൃത്വത്തിലാണ് ആർഎസ്എസുമായി അഞ്ചു മുസ്‌ലിം സംഘടനകളുടെ സംവാദം നടന്നത്.

നിങ്ങളുടെ ആ ശ്രമംകൊണ്ട് ആർഎസ്എസിന്റെ തനതായ സംസ്കാരം മാറ്റാമെന്നു വിചാരിക്കുന്നുണ്ടോ എന്നു ഖുറേഷിയെ നോക്കിയാണ് ‍ഞാൻ ചോദിച്ചത്. അദ്ദേഹത്തിന് മനസ്സിലാകാൻ വേണ്ടി ഇംഗ്ലിഷിലും ചോദിച്ചു. ഖുറേഷിയിലൂടെ ആ ചോദ്യം മുജാഹിദ് നേതൃത്വത്തിനു മുന്നിലും ഞാൻ ഇട്ടു.എനിക്കെതിരെ രണ്ടു പരാതികൾ ബിജെപിക്കാർ ഉപരാഷ്ട്രപതിക്ക് അയച്ചു. അമിത് ഷായുടെ കർണാടക പ്രസംഗവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു രണ്ടാമത്തെ പരാതിക്ക് ആധാരം. ഇക്കാര്യം ഞാൻ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ആ പരാതികളിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റെയും നയങ്ങളെ തുറന്നു കാണിക്കുക എന്നിൽ നിക്ഷിപ്തമായ രാഷ്ട്രീയ ദൗത്യമാണ്. അതിൽ ഒരു കാരണവശാലും വെള്ളം ചേർക്കുമെന്നു വിചാരിക്കേണ്ട.

സമാന്തരമായി ചില ആരോപണങ്ങൾ കൂടി താങ്കൾക്കെതിരെ ഉയരുന്നത് കേട്ടിട്ടുണ്ടാകുമല്ലോ. സിഐഎ ചാരനാണ് താങ്കൾ എന്നു വരെയാണ് ആക്ഷേപം. പാർട്ടി രഹസ്യങ്ങൾ അമേരിക്കയ്ക്കു കൈമാറുന്നത് താങ്കളാണെന്ന് വാരിക റിപ്പോർട്ട് ചെയ്തല്ലോ?

അതെല്ലാം സുഹൃത്തുക്കൾ നമ്മളോട് സ്നേഹം കാണിക്കുന്നതല്ലേ. അങ്ങനെ കണ്ടാൽ മതി. പാക്കിസ്ഥാൻ ഏജന്റ് എന്നു പറയാത്തതു ഭാഗ്യം. വാരിക എന്നൊന്നും കരുതേണ്ട, ഒരാൾ പറഞ്ഞു. ആരാണെന്നും, വാരിക ഏതാണെന്നും താങ്കൾക്ക് അറിയാമല്ലോ. അവരുടെ ഒരു കുസൃതിയായി കണ്ടാൽ മതി. സൗഹാർദ്ദംകൊണ്ടുള്ള സ്വാതന്ത്ര്യമാണ്.

താങ്കളുടെ ബന്ധങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു എന്നാണോ?

ചോദിച്ചതുകൊണ്ട് ഞാൻ അതിന് ആധാരമായ കാര്യം പറയാം. യുഎസ് കോൺസുലേറ്റിലെ ആളുകൾ ഇടയ്ക്കിടെ കേരളത്തിൽ വരും. താങ്കൾക്കും അവരെ അറിയാമല്ലോ. മലയാള മനോരമയിൽനിന്ന് യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായി മാറിയ പുന്നൂസ് മാത്തനും ഫിന്നി ജേക്കബും എല്ലാം ടീമിൽ ഉണ്ടായിട്ടുണ്ട്. ആ സംഘം തലസ്ഥാനത്തു വരുമ്പോൾ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, മാധ്യമപ്രവർത്തകർ തുടങ്ങിയവരെ എല്ലാം കാണാറുണ്ട്. അക്കൂട്ടത്തിൽ എന്നെയും ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ട്.

വിഎസ് മുഖ്യമന്ത്രി ആയിരുന്ന ഘട്ടത്തിൽ ഒരിക്കൽ വന്നു. എന്താണ് കേരള രാഷ്ട്രീയത്തിൽ നടക്കുന്നതെന്നും മാധ്യമങ്ങൾ സർക്കാരിനെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നും കോൺസൽ ജനറൽ ചോദിച്ചു. ആ ദിവസത്തെ പത്രം ഞാൻ എടുത്തു കാണിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ ഭിന്നതയെക്കുറിച്ചുള്ളതാണ് അന്നത്തെ പ്രധാന വാർത്ത. പത്രത്തിൽ വന്ന വാർത്ത ചൂണ്ടിക്കാട്ടിയാണ് ഞാൻ സംസാരിച്ചത്. എന്തോ രഹസ്യം പറഞ്ഞു കൊടുത്തു എന്ന നിലയ്ക്ക് അത് ചിലർ പ്രചരിപ്പിക്കുന്നു. ഇക്കാര്യം പിന്നീട് വിക്കിലീക്സിൽ വന്നു പോൽ. വിക്കിലീക്സിൽ ഇത്തരം അഭിമുഖങ്ങളുടെ എല്ലാം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഞാൻ ചാരനാണ് എന്നു വരെ ചിലർ ആരോപിക്കാൻ നിദാനമായ കാര്യം ഇതു മാത്രമാണ്.

ഫാരിസ് അബുബക്കറുമായും മാതാ അമൃതാനന്ദമയിക്കെതിരെയുളള പുസ്തകം രചിച്ച ഗെയിൽ ട്രെഡ്‌വെല്ലുമായും നടത്തിയ അഭിമുഖങ്ങൾ ഇന്നും ഒളിഞ്ഞും തെളിഞ്ഞും താങ്കളെ വേട്ടയാടുന്നുണ്ട്. രണ്ടും മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒരു ചാലഞ്ച് ആയി കണ്ടു ചെയ്തതാണ് എന്ന ന്യായീകരണങ്ങൾ വായിച്ചിട്ടുണ്ട്. എന്നാൽ ഒരു ഇടതുപക്ഷ മാധ്യമത്തിലെ പ്രധാനി നിഷ്കളങ്കമായി ഇത്തരം അഭിമുഖങ്ങൾക്കു മുതിരുമോ? അതു ചെയ്താൽ അങ്ങനെയാകില്ല സ്വീകരിക്കപ്പെടുക എന്ന് അറിയാത്ത ആളാണോ താങ്കൾ?

ഞാൻ ചെയ്യുന്ന അഭിമുഖങ്ങൾ എന്തുകൊണ്ടാണ് എന്ന് വ്യാഖ്യാനിക്കാനുള്ള അധികാരവും അവകാശവും മറ്റുളളവർക്കാണ്. പക്ഷേ എന്തുകൊണ്ടു ചെയ്തു എന്നു പറയാനുള്ള അവകാശമെങ്കിലും എനിക്ക് ഉണ്ടല്ലോ. നായനാർ അക്കാദമിയുമായി ബന്ധപ്പെട്ട് ഫാരിസ് അബുബക്കറിന്റെ വിവാദം ഉയർന്നപ്പോൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് ആ അഭിമുഖം നടത്തിയത്. ഫാരിസുമായി ഒരു ബന്ധവും എനിക്ക് അന്ന് ഇല്ല. ഫാരിസ് അബുബക്കർ അന്ന് ഒരു ദുരൂഹതയായിരുന്നു. ഒരു ഫോട്ടോ പോലും ലഭ്യമല്ല എന്നെല്ലാം വാർത്ത വന്നു. അങ്ങനെ ഒരാളിലേക്ക് എത്താനുള്ള മാധ്യമപ്രവർത്തകന്റെ ശ്രമമായിരുന്നു അത്.

തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ ഏബ്രഹാം മാത്യുവിനെയാണ് ആ ജോലി ആദ്യം ഏൽപിച്ചത്. ഒരാൾ അദൃശ്യ ശക്തി ആയി തുടരുന്നത് മാധ്യമ പ്രവർത്തകരുടെ കഴിവുകേടല്ലേ എന്നു ചൂണ്ടിക്കാട്ടിയാണ് അഭിമുഖത്തിനുള്ള ശ്രമം നടത്താൻ അദ്ദേഹത്തോടു പറഞ്ഞത്. അതു നടക്കാതിരുന്നപ്പോഴാണ് ഞാൻ തന്നെ പോയത്. കേരളത്തിലാകെ വളരെ ചർച്ചാവിഷയമായ ഒരു പുസ്തകം വന്നപ്പോഴാണ് ഗെയിൽ ട്രേഡ്‌വെല്ലിനെ കണ്ടത്. ഇത് അവരുടെ അഭിപ്രായമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് ആ അഭിമുഖം അവതരിപ്പിച്ചത്. ഞാൻ പക്ഷം പിടിക്കാൻ പോയിട്ടില്ല.

എന്റെ ഒരു അഭിമുഖത്തിലും അഭിമുഖം ചെയ്യപ്പെടുന്ന ആൾ പറയുന്നത് വെട്ടിക്കളയാറോ മുറിച്ചു കളയാറോ ഇല്ല. ചോദിക്കണ്ട ചോദ്യം എല്ലാം ചോദിക്കും. പക്ഷേ തിരിച്ച് അവരെ എഡിറ്റ് ചെയ്യില്ല. അത് എന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതു നമ്മളുടെ മുന്നിൽ വരുന്ന ആളോട് കാണിക്കേണ്ട മര്യാദയാണ്. മാധ്യമപ്രവർത്തനത്തിൽ അൽപം സാഹസികത വേണമെന്ന പക്ഷക്കാരനാണ് ഞാൻ. മൻമോഹൻസിങ് പ്രധാനമന്ത്രി ആയപ്പോൾ അദ്ദേഹത്തിന്റെ ടീമിന്റെ കൂടെ ക്രെംലിനിൽ പോകാൻ അവസരം വന്നു. അവിടെ മൈനസ് 25 ആണ് തണുപ്പ്.

അതിഭയങ്കരമായ ആ തണുപ്പ് എന്റെ ചെവിയെ ബാധിച്ചു. തിരിച്ചു വിമാനത്തിൽ കയറിയപ്പോൾ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. ചെവി രണ്ടും ഉരുളക്കിഴങ്ങു പോലെയായി. തിരിച്ച് ഒരു വിധം ഡൽഹിയിൽ ഇറങ്ങിയപ്പോൾ ആദ്യം സുഹൃത്തായ സുരേഷ് കുറുപ്പിനെ വിളിച്ച് അദ്ദേഹത്തിന്റെ സഹായത്തോടെ ഡോക്ടറുടെ അടുത്തെത്തി. പരിശോധിച്ച ഡോക്ടർ പറഞ്ഞത് ചെവി മുറിച്ചു കളയേണ്ടി വരുമെന്നാണ് പറഞ്ഞത്. ഇതു കേട്ട കുറുപ്പ് പൊട്ടിച്ചിരിച്ചു. സങ്കടവും വേദനയും സഹിക്കാതെ കുറുപ്പിന്റെ കാലി‍ൽ ഞാൻ ആഞ്ഞു ചവിട്ടിപ്പോയി. രണ്ടു ചെവിയും ഇല്ലാത്ത എന്നെ ഭാവനയിൽ ഓർത്തിട്ടാണത്രെ ആ പഹയൻ ചിരിച്ചത്! ജോലിയുടെ ഭാഗമായി ഇങ്ങനെയുള്ള ഒരു പാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒരു ഭാഗം മാത്രം അടർത്തിയെടുത്തു വിധി കൽപ്പിച്ചാൽ എന്തു പറയാനാണ്?

വെറുക്കപ്പെട്ടവൻ എന്നു വിഎസ് വിശേഷിപ്പിച്ച ഫാരിസിനെ താങ്കൾ അഭിമുഖം ചെയ്തത് നിഷ്കളങ്കമാണെന്ന് വിഎസ് ധരിച്ചിട്ടുണ്ടാവില്ലല്ലോ?

വിഎസിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതിനു ശേഷമാണ് കൈരളി ടവറിന്റെ ഉദ്ഘാടനത്തിന് വിഎസിനെ അധ്യക്ഷനായി ഞാൻ ക്ഷണിച്ചതും അദ്ദേഹം വന്നതും. അദ്ദേഹവുമായി എന്നും നല്ല സൗഹൃദത്തിലായിരുന്നു. ഡൽഹിയിൽ വരുമ്പോൾ ആദ്യം വിളിച്ചു സംസാരിച്ചിരുന്നത് എന്നെയാണ്. പിന്നീട് വിഭാഗീയതയുടെ ഭാഗമായി ആശയക്കുഴപ്പങ്ങൾ ഉണ്ടായിക്കാണും.

മുഴുവൻ സമയ രാഷ്ട്രീയത്തിലേക്കാണോ?

നമ്മളെല്ലാം രാഷ്ട്രീയ ജീവികൾ അല്ലേ. 16–17 വയസ്സു മുതൽ ഞാൻ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇപ്പോൾ രാജ്യസഭാംഗം എന്ന നിലയിൽ ചെയ്യുന്ന ഓരോ കാര്യവും ഞാൻ ആസ്വദിക്കുന്നു. അടച്ചുപൂട്ടാൻ തീരുമാനിച്ച നേമം ടെർമിനൽ ഇന്നു കാണുന്ന വികസനക്കുതിപ്പിലേക്ക് ഉയർന്നത് എന്റെ എളിയ ശ്രമത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്നു. അതിനുവേണ്ടി ആദ്യം കത്തു നൽകിയതും ഫോളോ അപ് നടത്തിയതും ഞാനാണ്. ഇടപെടുന്ന പല പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാകുന്നത് സന്തോഷവും കൂടുതൽ ആത്മവിശ്വാസവും നൽകുന്നു.

Karma News Network

Recent Posts

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

8 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

23 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

41 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago