trending

എനിക്കൊന്നു കണ്ടാൽ മതി സിസ്റ്റർ, എന്റെ കയ്യിൽ കോവിഡ് നെഗറ്റീവ് ആണെന്നുള്ള ലാബ് റിപ്പോർട്ടുണ്ട് സർ, കുറിപ്പ്

തന്റെ കുഞ്ഞിനെ ഒരു നോക്കു കാണാൻ ലേബർ റൂമിന്റെ പുറത്ത് കാത്തിരുന്നതിന്റെ കഥ പങ്കുവെക്കുകയാണ് വിഷ്ണു എഎസ് പ്രഗതി എന്ന അച്ഛൻ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിൽപിടിച്ച് മണിക്കൂറുകളോളമാണ് കുഞ്ഞിനെ ഒരുനോക്കു കാണാൻ കാത്തിരുന്നത്

കുറിപ്പിങ്ങനെ

ഒരുപിടി നല്ലോർമ്മകൾ…നഴ്‌സ് :- ഇല്ല സാർ, ഈ അവസ്ഥയിൽ ഞങ്ങൾക്ക് അത് അനുവദിക്കാൻ പറ്റില്ല..ഞാൻ :- എനിക്കൊന്നു കണ്ടാൽ മതി സിസ്റ്റർ, എന്റെ കയ്യിൽ RTPCR നെഗറ്റീവ് ആണെന്നുള്ള ലാബ് റിപ്പോർട്ടുണ്ട്..നഴ്‌സ് :- സാർ, ഒന്ന് മനസ്സിലാക്കൂ സാർ.. നിങ്ങളുടെ ഭാര്യക്കും കുഞ്ഞിനും വേണ്ടിയാണ്..ജീവിതത്തിൽ ആരോടെങ്കിലും ഞാനിത്ര കെഞ്ചിയിട്ടുണ്ടെങ്കിൽ അത് ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിലെ ആ ബഹുനില കെട്ടിടത്തിന് മുന്നിലെ സെക്യൂരിറ്റിയോടും നഴ്സ്മാരോടുമായിരിക്കും..ബുദ്ധിക്ക് എല്ലാം അറിയാമെങ്കിലും മനസ്സിനെ പറഞ്ഞു മനസിലാക്കാൻ പറ്റാത്ത സ്ഥിതി. എല്ലാരും സുഖമായിരിക്കുന്നു എന്നറിഞ്ഞിട്ടും എന്റെ കുഞ്ഞിനെ കാണാനുള്ള വ്യഗ്രത.. അമ്മയോടൊപ്പം കരുതലുമായി അവനെ ഭൂമിയിലേക്ക് ആനയിച്ച നഴ്‌സമ്മമാർ ഉണ്ടെങ്കിലും അവനെ കാണാനൊരു തിടുക്കം.. ചുരുക്കിപ്പറഞ്ഞാൽ അത്യാഗ്രഹം..

മുപ്പത്തിയേഴ് ആഴ്ചത്തെ കാത്തിരിപ്പിനും ശുശ്രൂഷയ്ക്കും ശേഷം എനിക്കൊരു മകൻ ജനിച്ചിരിക്കുന്നു. എത്രയൊക്കെ കൃത്യമായി പ്ലാൻ ചെയ്തിട്ടും രണ്ടു കുഞ്ഞുങ്ങളുടെയും ജനന സമയത്ത് ഞാൻ അവളോടൊപ്പം ഉണ്ടായിരുന്നില്ല.. ഒരുപക്ഷേ അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ സാമീപ്യം മാത്രമാകാം.. അതുകൊണ്ട് തന്നെയാണ് കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അവളല്ലാതെ വേറാരും എന്നെ വിളിച്ചു പറയണ്ട എന്ന തീട്ടൂരം ഞാനിറക്കിയതും. മേയ് 20 വ്യാഴാഴ്ച.. ഇന്നാണ് ഡോക്ടർ. ഇലെൻ ജോസഫ് തീരുമാനിച്ചിരിക്കുന്ന അവസാന ദിനം. രാവിലെ ലേബർ റൂമിൽ കൊണ്ട് പോകുന്നതിനു മുൻപ് അവൾ വിളിച്ചു. മറുപടിയായി എന്തു പറയണം എനിക്കറിയില്ലായിരുന്നു. പരീക്ഷയ്ക്ക് യാത്രയാക്കുന്ന കുഞ്ഞിനോട് അമ്മ പറയുമ്പോലെ ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു…

ശേഷം കമ്പനി ജോലികളിലേക്ക് മുഴുകി.. മുഴുകിയെന്നു പറഞ്ഞാൽ ജോലികൾ ചെയ്യാൻ ശ്രമിച്ചു എന്ന് പറയുന്നതാകും ശെരി. അവസാനം 12.15ന് അവൾ വിളിച്ചു.നാച്ചു ബെറ്റ് ജയിച്ചു.. ആൺകുട്ടിയാണ്. മുമ്പെപ്പോഴോയുള്ള സംസാരത്തിൽ മൂത്തമകൾ അനിയൻ വേണമെന്ന് തർക്കിച്ചപ്പോൾ എന്റെ വാദം പെൺകുട്ടിക്ക് വേണ്ടിയായിരുന്നു.ചിലത് എത്ര തവണ ആവർത്തിക്കപ്പെട്ടാലും അതിന്റെ ചാരുതയും തീവ്രതയും ലവലേശം നഷ്ടപ്പെടുത്തുന്നില്ല, അക്കൂട്ടത്തിൽ ഒന്നാണ് അച്ഛനും അമ്മയുമെന്ന സ്ഥാനങ്ങൾ. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇക്കണ്ട കാലങ്ങൾ നിന്നോടൊപ്പം അല്ലെങ്കിൽ നിനക്കുമേലെ ഒരു കുഞ്ഞിനായുള്ള തയ്യാറെടുപ്പുകൾ ഞാനും നടത്തിയിരുന്നു. പ്രസവമുറിയിൽ ഒരമ്മ അനുഭവിക്കുന്ന പേറ്റുനോവിനോളം പവിത്രതയുണ്ട് പുറത്ത് ഒരച്ഛൻ ആരോടും പറയാതെ നെഞ്ചിനുള്ളിൽ പേറുന്ന പിതൃനോവിന്. ആരാലും വാഴ്ത്തപ്പെടാത്ത, തരം താഴ്ത്തപ്പെട്ട ആ രണ്ടാം കിട നോവിന്. ഇതൊക്കെയാണെങ്കിൽ എന്തിനൊരു പരദേശിയായി ജീവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമായി പലപ്പോഴും എല്ലാം ഇട്ടെറിഞ്ഞിട്ട് നാട്ടിൽ വന്ന്‌ ഉള്ളതും കൂട്ടി കഞ്ഞി കുടിച്ചാലോ എന്ന് അനവധി നിരവധി തവണ ചിന്തിച്ചിട്ടുണ്ട്. അവിടെയെല്ലാം ഉയരുന്ന ഒരു ചോദ്യമുണ്ട് എന്നിട്ട് എന്നിട്ട് എന്ത് ചെയ്യും..

പേടിയാണ് ആ ചോദ്യത്തിനോട്..ജീവിതത്തിലെ ഏറ്റവും വലിയ പ്രഹേളികയെന്നത് ഒരാളുടെ ബലവും ബലഹീനതയും ഒന്നാണെന്നുള്ള സത്യമാണ്.. ആ ബലമാണ് പല ജേതാക്കളുടെയും ഊർജ്ജം, അതേ ബലഹീനത തന്നെയാണ് മറ്റ്ചിലരെ പിന്നോക്കം നിർത്തുന്നത്.. അല്ലെങ്കിൽ ഈ പ്രപഞ്ചം ജേതാക്കളുടേത് മാത്രമായിരുന്നേനെ.മനസ്സും മുഖവും ഒന്നാകുന്ന നിമിഷം, അപ്പോഴാണ് ജീവിതം ആരംഭിക്കുന്നത്.മെയ് 22-ന് നാട്ടിലെത്തി. മെയ് 24-ന് PPS കഴിഞ്ഞു കുഞ്ഞിനെയും അമ്മയെയും ഡിസ്ചാർജ് ചെയ്തു. അവരെ വിളിക്കാനായി അക്ഷമയോടെ കാത്തുനിന്ന ഞാൻ കണ്ടു അവളുടെ കയ്യിൽ നെഞ്ചിന്റെ ചൂട് പറ്റി അണ്ണികുഞ്ഞു പോലൊരു ജീവൻ. കവിളൊക്കെ വെള്ളം നിറച്ച ബലൂണുകൾ പോലെ തുടു തുടാന്നിരിക്കുന്നു, മിനുസമാർന്ന തൊലികൾ.. ആരെയും കൂസാത്ത ഉറക്കം.. ഇടയ്ക്കിടയ്ക്ക് കിടത്തത്തിന്റെ പൊസിഷൻ അവർ ശെരിയാക്കുന്നുണ്ട്.. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ.എ. സി റൂമിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അല്ലാതെയും കണ്ണടകൾക്ക് മുന്നിലൊരു പുകമറ പോലെ,അത് കണ്ണുനീരാണെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത്

പിന്നീടുള്ള ഓരോ ദിവസവും കോവിഡ് നിയന്ത്രണ സഹായത്താൽ നിങ്ങൾക്കായുള്ളതായിരുന്നു. ഒൻപതു വർഷത്തെ എന്റെ ജോലിജീവിതത്തിൽ വീട്ടിൽ ഇത്രയും അടങ്ങിയൊതുങ്ങിയിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നില്ല…പിന്നീട് അവന് മുന്നിൽ നിന്നോടൊപ്പം ആകാനായിരുന്നു എന്റെ ശ്രമം..മുറിയിൽ നീയും അമ്മയും അമ്മൂമ്മയും നാച്ചുവുമായി അവനോട് മല്ലടിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒരാവശ്യത്തിന് പെട്ടെന്ന് വിളിച്ചാലോ എന്നു കരുതി മുറിക്കുപുറത്തെ സോഫാ സെറ്റിയിൽ പല രാത്രികളിലും ഞാനുണ്ടായിരുന്നു. ഒന്നുമില്ലെന്നറിയുമ്പോൾ എന്റെ മുറിയിൽ പോയി കിടക്കും. പിന്നീട് രാവിലെ നിർമ്മാല്യം കാണാനെന്ന പോലെ വീണ്ടും നിങ്ങളോടൊപ്പം നിങ്ങൾ ഉണരും വരെ പത്തു മിനുട്ടെങ്കിൽ അത്രയും നേരം കിടക്കാൻ നിങ്ങളുടെ മുറിയിലേക്ക്..പിന്നെ നിന്നോടൊപ്പം കുരുമുളകിട്ട കരുപ്പൊട്ടി കാപ്പി, തുമ്പച്ചാർ, മലാന്നി കുറുക്കിയത്, ദശമൂലാരിഷ്ടവും ജീരകാരിഷ്ടവും സമൂലം ചേർത്തത് എന്നിവ സേവിച്ചത്. തീണ്ടാരി (മുക്കുറ്റി കുറുകിയത്) ആണുങ്ങൾക്ക് നിഷിദ്ധമായത് കൊണ്ട് കഴിച്ചില്ല. മഞ്ഞൾ കുറുക്കിയത്, കൂമ്പ് കുറുക്കിയത്, കുറുഞ്ഞിക്കുഴമ്പ് എന്നിവ ഇനിയും ബാക്കി.. ഇതൊക്കെ എന്തിന് ചെയ്തെന്നു ചോദിച്ചാൽ, ഇനി ഈ ഓർമകളാണ് എന്റെ ഊർജ്ജശാസ്ത്രം.. ഇനിയുള്ള ദിനങ്ങൾ ഈ ഓർമ്മകൾ താലോലിക്കാനുള്ളതാണ്.. തളർന്ന് തുടങ്ങുമ്പോൾ ഈ ഓർമ്മകളിലേക്ക് വേണം എനിക്ക് അരിച്ചിറങ്ങാൻ ..

എനിക്കിപ്പോഴും ഓർമയുണ്ട്. ആദ്യം മകൾ ജനിച്ച സമയത്ത് കുഞ്ഞിനെ എടുത്തു തരാൻ ആവശ്യപ്പെട്ട നിനക്ക് മുന്നിൽ, പുതച്ചിരുന്ന ഫ്‌ളാണൽ തുണിയുടെ രണ്ടറ്റവും ഒരു കൈകൊണ്ട് പിടിച്ചു കൊണ്ട് കിളിക്കുഞ്ഞിനെപ്പോലെ പൊക്കുന്ന എന്നെക്കണ്ട് നീ അയ്യോ എന്ന് നിലവിളിച്ച നിമിഷം.നാച്ചുവിന് ശേഷം കഴുത്തുറയ്ക്കാത്ത ഒരു കുഞ്ഞിനെയും കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഞാൻ എടുത്തിട്ടില്ല.. പക്ഷേ രണ്ടാമന് വേണ്ടി തലയിണ കൂട്ടിക്കെട്ടി യൂട്യൂബ് നോക്കി കുഞ്ഞിനെയെടുക്കാൻ പഠിച്ച എന്നെ നീ ഈ എഴുത്തു എഴുതും വരെ അറിഞ്ഞു കാണില്ല…വിരുന്നുകാരനായി വരുന്ന അച്ഛനെക്കാൾ നീയായി മാറാനായിരുന്നു എന്റെ ശ്രമം. നിന്നെപ്പോലെ അവനെ ഞാൻ എടുക്കാൻ പഠിച്ചു, എന്റെ ആൺമുലകളിൽ അവൻ തപ്പിയപ്പോൾ ഒരു തവണയെങ്കിലും പ്രകൃതിനിയമങ്ങളെ ലംഘിച്ചു കൊണ്ട് അവന് പാലു കൊടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..നിന്നിലൂറിയ മാതൃത്വം രുചിച്ച ശേഷം അവനെ തട്ടാൻ (വായു കളയാൻ) നമ്മൾ ഒരുമിച്ചു പഠിച്ചു.അവന്റെ പഞ്ചാമൃതവും പുണ്യാഹവും പീച്ചിയതും കമട്ടിയതും ഒരറപ്പുമില്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ട് ജീവിതത്തിലെ അസുലഭനിമിഷങ്ങളായി മാറ്റിക്കൊണ്ട് വൃത്തിയാക്കാൻ പഠിച്ചു.. അവന്റെ മൂളലുകളുടെ അർത്ഥം ഒരുപരിധിവരെ ഗ്രഹിച്ചു. അച്ഛനും അമ്മയാകാൻ കഴിയും..

സ്വാർത്ഥയായിരുന്നു നീ.. നിന്റെ ലോകം കുഞ്ഞുങ്ങളിലേക്ക് ചുരുങ്ങുമ്പോൾ എന്റെ ലോകം നിങ്ങളിലേക്ക് ബ്രഹത്താവുകയായിരുന്നു… നിന്റെ ജീവപാത്രത്തിൽ ഒരുയിർ മിടിച്ചു തുടങ്ങിയ നിമിഷം മുതൽ ഞാനൊരച്ഛനാണ്.ഊണിലും ഉറക്കത്തിലും നിങ്ങളുടെ ചിന്തകൾ മാത്രമായ ദിവസങ്ങൾ..അച്ഛനെന്നത് ഒരു പാഠപുസ്തകമാണ്.. എത്രയൊക്കെ വായിച്ചാലും അനുഭവങ്ങൾ മാത്രം പഠിപ്പിക്കുന്ന പാഠം.. അവിടെ തോൽവികളുണ്ട്, പാടാത്ത താരാട്ടുകളുണ്ട്,പക്വതയും അറിവുകളും അനുഭൂതികളുമുണ്ട്..നീയും ഞാനും പിന്നെ നമ്മളുമുണ്ട്..

ഇന്നലെയായിരുന്നു അവന്റെ നൂലുകെട്ട്.. ജോലിയിലെ തിരക്കുകൾ കാരണം ലീവ് കഴിയും മുന്നേ തിരികെ വരാൻ കമ്പനിയുടെ നിർദേശം.. തള്ളിക്കളയാൻ കഴിയില്ല..പ്രപഞ്ചത്തിൽ ഏറ്റവും ക്രൂരനെന്നത് സമയമാണ്.. നമ്മൾ ഒന്നറിഞ്ഞു വരുമ്പോഴേക്കും അവൻ കടന്നുപോയി കഴിഞ്ഞിരിക്കും. അവനോടൊപ്പം മത്സരിക്കാം എന്നല്ലാതെ അവനെ കീഴടക്കാൻ ആർക്കും കഴിയില്ല.മകളോടൊപ്പമുള്ള കാര്യം അങ്ങനെ തന്നെ, അച്ഛനും മകളും തമ്മിൽ നാലു നാളിന്റെ വ്യത്യാസം, അതായത് നായും പുലിയും പോലെ.. എപ്പോഴും വഴക്കാണ് ഞാനും അവളും.. പക്ഷേ അവളുടെ വഴക്ക് കേൾക്കാതെ എനിക്ക് വയ്യ… അവളെയൊന്നറിഞ്ഞു വരുമ്പോഴേക്കും വീണ്ടും വേർപാടുകൾ..വീണ്ടും ഒരവധിക്കാലം കഴിഞ്ഞു തിരികെ പോവുകയാണ്, ഒരുപിടി നല്ലോർമ്മകൾ മാത്രം നെഞ്ചോട് ചേർത്തുകൊണ്ട്..

ലീവുകളുടെ അന്ത്യത്തിൽ ഏറ്റവും ഭീകരം അവസാന ദിനത്തിലെ രാത്രിയാണ്, മുൻപും ഞാൻ പറഞ്ഞിട്ടുള്ളത് പോലെ തീരുമാനിച്ചതിൽ സിംഹഭാഗവും ബാക്കിയാക്കിയുള്ള യാത്ര, ഉറക്കം തൊട്ടുതീണ്ടാത്ത രാത്രി, വിശപ്പില്ലായ്മ പിന്നെ എവിടെയൊക്കെയോ നീയില്ലായ്മ.. ബാക്കിയുള്ള സമയം ആസ്വദിക്കണമെന്ന ശുഭചിന്തകൾക്ക് വിഘാതമായി ഇനി മണിക്കൂറുകൾ മാത്രമെന്ന് തിരിച്ചറിവുകൾ. തീവണ്ടിയുടെ ചൂളം വിളികൾക്ക് നെഞ്ചിടിപ്പിന്റെ താളമെന്ന ബോധം.. പിന്നോക്കം ഓടി മറയുന്ന ജനാലകാഴ്ച്ചകൾക്കൊപ്പം നെഞ്ചിന്റെ ഉമ്മറപ്പടിയിൽ വിങ്ങലോടെ പതിച്ചു വയ്ക്കുന്ന ഓർമ്മകൾ, പിന്നെ നെഞ്ചിന്റെ വടക്കേപ്പുറത്തായി ആരും കാണാതെ കുഴിച്ചിടുന്ന കണ്ണുനീരും..മടക്കയാത്രയുടെ പാതിദൂരത്തോളം ഒരുതരം മരവിപ്പാണ്. കരളകലാതെ കണ്ണകലുന്നെന്ന സത്യം ഉൾക്കൊള്ളാൻ പറ്റാത്ത മരവിപ്പ്. ക്രമേണ മനസ്സ് അതിനോട് പൊരുത്തപ്പെട്ടു തുടങ്ങും,തുടങ്ങിയേ പറ്റൂ.. അതാണ് ശാസ്ത്രവിധി.. അവിടെ അങ്കലാപ്പുകൾക്കും ആശകൾക്കും സ്ഥാനം പടിക്ക് പുറത്താണ്..

പരന്നു കിടക്കുന്ന മരുഭൂമി പോലെ പൊള്ളുകയാണ് നെഞ്ചകം, മഴയോ മഴമുകിലോ പ്രതീക്ഷിച്ചല്ല ചേർത്തുപിടിക്കാൻ ആഗ്രഹിച്ച, കൊഞ്ചിച്ചു മതിവരാത്ത, ഇനി ക്രൂരനാം കാലം തിരികെ തരില്ലെന്നറിയുന്ന ആ നിമിഷങ്ങളെയോർത്ത്.ഇനിയുള്ള ദിനങ്ങൾ യാന്ത്രികമാണ്, അവയിൽ ജീവസറ്റ എന്റെ കണ്ണുകളിൽ കൂടി പ്രഭാതങ്ങൾ അലസമായി കടന്നുപോകും, ഒറ്റയാനായി വിലസുന്ന രാവുകളിൽ നിന്നോടൊപ്പം കണ്ട സ്വപ്നങ്ങളും മഹാഭാഗ്യമായ നിദ്രയും കലഹിച്ചു നിൽക്കും. കണ്ണുനീരൊപ്പിയ തലയിണകൾക്ക് വിശ്രമം നൽകിക്കൊണ്ട് മനസ്സിനെ മറയ്ക്കുന്ന പുഞ്ചിരിയെന്ന മൂടുപടം ഞാൻ ധരിക്കും. അല്ലെങ്കിലും ഈ ലോകം പൊയ്മുഖങ്ങളെ ആരാധിക്കുകയും നേർമുഖങ്ങളെ വിരോധിക്കുകയും ചെയ്യുന്നു.

ഹേ പഥികാ അത്യുജ്വലമീ സഫലജീവിതമെത്രമേൽ നീ നിനക്കായി കൊണ്ടു,ചൊല്ലുവിൻ മീതിമെത്രമേൽ നീ സ്വാർത്ഥനായി..ഒൻപതു വർഷമായി ഇനിയും ശീലമാകാത്ത ശീലങ്ങളും ശീലുകളും..ഈ കൈകൾക്കുള്ളിൽ ഇന്നെന്റെ ലോകമാണ്, തുടിപ്പും മിടിപ്പുമാണ്.. കൈകളുടെ വലുപ്പം കുറയുംതോറും ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും വ്യാപ്തികൂടുന്നെന്ന തിരിച്ചറിവാണ്..നിച്ചു, നീ നിന്റെ അമ്മയുടെ കൈകളിൽ കിടന്ന് വളരുമ്പോൾ നീ നിന്റെ അച്ഛന്റെ മനസ്സിൽ വളരും.. അവിടെ അമ്മയോടൊപ്പമില്ലെങ്കിലും അതിലൊട്ടും കുറയാത്ത കരുതലും വാത്സല്യവും കുറുമ്പുമായി നീ വളരുകയുണ്ണീ…എനിക്കെഴുതണം, എനിക്കെന്റെ മനസ്സിനെ എഴുതാനേ അറിയൂ, അക്ഷരങ്ങളിൽ കോമരം തുള്ളിക്കാൻ…

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

10 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

31 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

31 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

47 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

56 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

57 mins ago