Home kerala റോഡില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു

റോഡില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു

തൃശൂര്‍. പെരുന്നാളിനിടെ റോഡില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ബൈക്കില്‍ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ ഓലപ്പടക്കം ബൈക്കിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.

വൈകുന്നേരം 5.45 ഓടെ ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. പരിയാരം സെന്റ് ജോര്‍ജ് പള്ളിയുടെ അമ്പ് തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം സംഭവിച്ചത്. ഘോഷയാത്ര കടന്ന് വരുന്ന വഴിയിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുകയായിരുന്നു ശ്രീകാന്ത്.

അതിനിടെയാണ് പടക്കം കത്തി ബൈക്കില്‍ വീണത്. തീപിടുത്തത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് കത്തി നശിച്ചു. സമീപത്തെ കടയിലേക്കും തീ പടര്‍ന്നുവെങ്കിലും വേഗത്തില്‍ തീ അണച്ചു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.