Home kerala എംഎല്‍എയ്‌ക്കെതിരെ വാര്‍ത്ത ഷെയര്‍ ചെയ്ത യുവാവിനെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കല്‍ സെക്രട്ടറി

എംഎല്‍എയ്‌ക്കെതിരെ വാര്‍ത്ത ഷെയര്‍ ചെയ്ത യുവാവിനെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കല്‍ സെക്രട്ടറി

കണ്ണൂര്‍. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെ വാര്‍ത്ത ഷെയര്‍ ചെയ്തതിന് ഭീഷണിയുമായി സിപിഎം ലോക്കല്‍ സെക്രട്ടറി. കണ്ണൂര്‍ ആലപ്പടമ്പ് ലോക്കല്‍ സെക്രട്ടറി ടി. വിജയന്റെ ഫോണ്‍ സംഭാഷണം പുറത്തായി. മധുസൂദനന്‍ എംഎല്‍എ ഗൃഹസന്ദര്‍ശന പരിപാടി ഒഴിവാക്കിയെന്നായിരുന്നു വാര്‍ത്ത.

വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ ചിത്രം മാറുമെന്നാണ് പൊതുപ്രവര്‍ത്തകനായ ജോബി പീറ്ററോട് ടി വിജയന്‍ പറയുന്നത്. ആലപ്പടമ്പില്‍ മത്സ്യസംസ്‌കരണ യൂണിറ്റിനെതിരെ സമരം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് എംഎല്‍എ ഗൃഹപ്രവേശന പരിപാടിയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് ഒരു ഓണ്‍ലൈനില്‍ വാര്‍ത്ത വന്നിരുന്നു.

ഈ വാര്‍ത്ത ജോബി പീറ്റര്‍ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിജയന്‍ ഭീഷണിയുമായി രംഗത്തെത്തിയത്. തനിക്ക് മാത്രമല്ല, സമരസമിതിയിലുള്ള എല്ലാവര്‍ക്കുമെതിരെ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ജോബി പറഞ്ഞു.