Home kerala ഓലപ്പടക്കം പൊട്ടിത്തെറിച്ച് വീണത് ബൈക്കിലേക്ക്, യുവാവിന് ഗുരുതര പൊള്ളൽ

ഓലപ്പടക്കം പൊട്ടിത്തെറിച്ച് വീണത് ബൈക്കിലേക്ക്, യുവാവിന് ഗുരുതര പൊള്ളൽ

തൃശൂർ: ബൈക്കിൽ ഓലപ്പടക്കം പൊട്ടിത്തെറിച്ച് വീണ് തീപിടിത്തം. അപകടത്തിൽ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റതായി ആശുപത്രിയധികൃതർ അറിയിച്ചു. തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി.

പരിയാരം സെന്റ് ജോർജ് പള്ളിയിൽ അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് അപകടം നടന്നത്. സമീപത്തെ കടയിൽ നിന്നും ചിക്കൻ ഓർഡർ ചെയ്തതിന് ശേഷം ശ്രീകാന്ത് ബെെക്കിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു കത്തിച്ച പടക്കം തെറിച്ച് ബെെക്കിലേക്ക് വീണ് തീപിടിത്തമുണ്ടായത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾ കടയിലേക്കു കയറിയെങ്കിലും ശ്രീകാന്ത് കപ്പേളക്കുസമീപം വഴിയരികിൽ നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് പടക്കം തെറിച്ചുവീണ് തീപിടിച്ചതും ഉഗ്രശബ്ദത്തോടെ ടാങ്ക് പൊട്ടിത്തെറിച്ചതും. ബൈക്ക് പൂർണമായും കത്തിനശിച്ചു. വെൽഡിങ് തൊഴിലാളിയാണ് പരിക്കേറ്റ ശ്രീകാന്ത്.