PWD ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി, 5,000 രൂപ പിടിച്ചെടുത്തു

കൊച്ചി : പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. കൊച്ചി മാമംഗലം പി.ഡബ്ല്യൂ.ഡി. ഡിവിഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ രതീഷിനെയാണ് വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തത്.

ഇയാളില്‍നിന്ന് കൈക്കൂലിയായി കൈപ്പറ്റിയ 5,000 രൂപയും കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഒരു കെട്ടിടത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് രതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ കെട്ടിട ഉടമ വിജിലന്‍സിനെ വിവരമറിയിച്ചു.

തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം പരാതിക്കാരന്‍ പണം കൈമാറുകയും ഇതിനുപിന്നാലെ എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി. സി.ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമെത്തി ജൂനിയര്‍ സൂപ്രണ്ടിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.