Categories: kerala

ഞാന്‍ ജോലി ചെയ്ത സ്‌കൂളിലെ മാനേജരായിരുന്ന വൈദികനില്‍ നിന്നാണ് എനിക്ക് ആദ്യമായി ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്, ലൂസി കളപ്പുര പറയുന്നു

പലപ്പോഴും സിസ്റ്റര്‍ ലൂസി കളപ്പുര നടത്തുന്ന പല വെളിപ്പെടുത്തലുകളും കുറിക്ക് കൊള്ളുന്നവ തന്നെയാണ്. സന്യാസി മഠങ്ങളില്‍ കന്യാസ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തെ കുറിച്ചും പീഡനത്തെ കുറിച്ചും നേരത്തെ ലൂസി കളപ്പുര പ്രതികരിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ സഭയുടെ കണ്ണിലെ കരടായി അവര്‍ മാറുകയായിരുന്നു. ഇത്തരത്തില്‍ തന്നെ അധിക്ഷേപിച്ച് എത്തിയ കെന്നഡി കരിമ്പിന്‍കാലായ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ലൂസി കളപ്പുര. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ലൂസി കളപ്പുരയുടെ മറുപടി. മാത്രമല്ല കന്യാസ്ത്രീകള്‍ നേരിടേണ്ടി വരുന്ന ക്രൂരതകളും ലൂസി പറയുന്നുണ്ട്.

ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ശ്രീ. കെന്നഡി കരിമ്പിന്‍കാല എന്ന സഹോദരന്‍ എഴുതിയ ഒരു പോസ്റ്റ് വായിക്കാനിടയായി. തനിക്ക് കഴിയാവുന്നതിന്റെ പരമാവധി മോശമായി അദ്ദേഹം എന്നെ അധിക്ഷേപിച്ചിട്ടുണ്ട് ആ പോസ്റ്റില്‍. പക്ഷേ സഹോദരാ, ഇതുകൊണ്ടൊന്നും എന്നെ തളര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇതിനേക്കാള്‍ വലിയ അധിക്ഷേപങ്ങളും ആക്രമണങ്ങളും തന്നെയാണ് എന്നെ കാത്തിരിക്കുന്നത് എന്നെനിക്ക് നന്നായറിയാം. കന്യാമഠങ്ങള്‍ക്കുള്ളിലെ അടിച്ചമര്‍ത്തലും ചൂഷണങ്ങളും അടിമപ്പണിയുമൊക്കെ സഹിച്ച് മടുത്ത് യാതൊരു നിവൃത്തിയുമില്ലാതാവുമ്പോള്‍ എതിര്‍പ്പിന്റെ ഒരു ചെറിയ സ്വരമെങ്കിലും ഉയര്‍ത്തുന്നവരെയൊക്കെ കാത്തിരിക്കുന്നത് ഇതൊക്കെ തന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ക്രൂരമായ ബലാല്‍ക്കാരത്തിനിരയാക്കപ്പെട്ടശേഷം നീതിക്കായി കേഴുന്ന പാവം സ്ത്രീകളെ കോടതിമുറികളിലും പൊതുസമൂഹത്തിലും ഒരായിരം തവണ വാക്കുകള്‍ കൊണ്ട് വീണ്ടും വീണ്ടും കീറിമുറിക്കുന്നതുപോലെ നിങ്ങളെപ്പോലുള്ളവര്‍, എതിര്‍ക്കുന്നവരെയെല്ലാം കേട്ടാലറക്കുന്ന വാക്കുകള്‍ കൊണ്ട് തേജോവധം ചെയ്യും. ചെയ്യാത്ത തെറ്റുകള്‍ അവരുടെ തലയില്‍ ചാര്‍ത്തിക്കൊടുക്കും. പോരെങ്കില്‍ സ്വഭാവദൂഷ്യം കൂടി ആരോപിക്കും. നിങ്ങളെപ്പോലുള്ളവരുടെ ഉദ്ദേശം വളരെ വ്യക്തമാണ്. യാതൊരു കാരണവശാലും ഇനിയൊരാള്‍ കൂടി ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടരുത്!

ഇതാദ്യമായിട്ടല്ലല്ലോ ഇത്തരം പീഡാനുഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ശരിയുടെ ഭാഗത്ത് ഉറച്ചു നിന്നതിന്റെ പേരില്‍ കഴിഞ്ഞ മുപ്പത്തഞ്ച് വര്ഷത്തെ സന്ന്യാസ ജീവിതത്തിനിടയില്‍ എന്തെല്ലാം ദുരനുഭവങ്ങളാണ് എനിക്ക് തരണം ചെയ്യേണ്ടി വന്നിട്ടുള്ളത്.

അധ്യാപക പഠനം പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി ഞാന്‍ ജോലി ചെയ്ത സ്‌കൂളിലെ മാനേജരായിരുന്ന വൈദികനില്‍ നിന്നാണ് എനിക്ക് ആദ്യമായി ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. അയാളുടെ താമസസ്ഥലത്ത് ചെല്ലാനും അയാളുടെ മുറി അടിച്ചു വാരാനും അയാള്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകിക്കൊടുക്കാനും വീട്ടുജോലികള്‍ ചെയ്തുകൊടുക്കാനുമൊക്കെ ഞാന്‍ വിസമ്മതിച്ചതാണ് അയാളുടെ അപ്രീതിക്ക് കാരണമായത്. ഞാന്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ മുന്നില്‍ വച്ച് പോലും പരസ്യമായി എന്നെ അധിക്ഷേപിച്ചുകൊണ്ടും വ്യക്തിഹത്യ നടത്തിയുമാണ് അയാള്‍ പകരം വീട്ടിയത്. വൈദികരുടെ അടിമകളായി ജീവിക്കാനല്ല ഞാന്‍ നിത്യവ്രതമെടുത്ത് ഒരു കന്യാസ്ത്രീയായത് എന്നുറപ്പിച്ച് പറഞ്ഞ് ഞാന്‍ അതിനെതിരെ പോരാടി. രൂപത ബിഷപ്പിന്റെ മുന്നില്‍ വരെ ഞാന്‍ പരാതിയുമായി ചെന്നു. പക്ഷേ ഒരിടത്തു നിന്ന് പോലും നീതി ലഭിച്ചില്ല. എതിര്‍ക്കുന്നവരോട് സഭ സ്വീകരിക്കുന്ന നിലപാടെന്താണെന്ന് അന്നുതൊട്ട് എനിക്ക് മനസിലായി തുടങ്ങിയതാണ്.

ദ്വാരകയില്‍ അല്‍ഫോന്‍സാ ബാലഭവന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് എന്റെ സുപ്പീരിയേഴ്‌സിന്റെ അധികാര ഗര്‍വ്വിനു വഴങ്ങിയില്ല എന്നതായിരുന്നു ഞാന്‍ ചെയ്ത കുറ്റം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ വിനോദയാത്ര, നടത്തണ്ട എന്ന് അവസാനനിമിഷം ഉത്തരവിട്ടുകൊണ്ടാണ് എന്റെ സുപ്പീരിയര്‍ എന്നോടുള്ള വിരോധം തീര്‍ത്തത്. സന്തോഷകരമായൊരു യാത്ര പോകാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന യാതൊരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞുങ്ങളെ നിരാശരാക്കാന്‍ എനിക്ക് മനസ് വന്നില്ല, അതിനു വേണ്ടി എന്റെ സുപ്പീരിയര്‍ നല്‍കിയ നീതിക്ക് നിരക്കാത്ത ആജ്ഞ എനിക്ക് നിരസിക്കേണ്ടി വന്നു. സുപ്പീരിയറിന്റെ വിശ്വസ്തയായ ജെയ്‌സി ജോസ് എന്ന സഹോദരി അതൊരു ആയുധമാക്കി എന്നെ വേട്ടയാടി. എന്നെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ വരെ അവര്‍ മുതിര്‍ന്നു. എന്റെ ഭാഗം കേള്‍ക്കാന്‍ സുപ്പീരിയര്‍ ഒരിക്കലും തയ്യാറായില്ല. ഒടുവില്‍ അവരുടെ കൈയക്ഷരത്തില്‍ എഴുതിയ ഒരു കുറ്റപത്രം എന്നെക്കൊണ്ട് ബലമായി ഒപ്പിട്ട് വാങ്ങി. ആ ലെറ്ററിന്റെ പേര് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ എന്നെ ഇന്നും തേജോവധം ചെയ്തുകൊണ്ടേയിരിക്കുന്നു. പക്ഷേ ദൈവത്തിന്റെ കൈ ആ ലെറ്ററില്‍ പ്രവര്‍ത്തിച്ചു എന്ന കാര്യം അവര്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല. എന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ കൂട്ടത്തില്‍ ഈ ലെറ്ററും പുറത്തു വന്നു. ജെയ്‌സി ജോസ് എന്ന സഹോദരി എന്നോട് ചെയ്ത ദേഹോപദ്രവത്തെക്കുറിച്ച് ഏതു കോടതിക്കും ബോധ്യമാകുന്ന വിധത്തില്‍ അതില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ടായിരുന്നു എന്നത് അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതൊരു പക്ഷേ കാലം കാത്തുവച്ച നീതിയായിരിക്കണം.

സീനിയോറിറ്റിയും KER യോഗ്യതയുമൊക്കെയുള്ള അഞ്ച് പേരെ അവഗണിച്ച് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അര്‍ഹത കുറഞ്ഞ ഒരാള്‍ക്ക് ഹെഡ് മിസ്ട്രസ് ആയി നിയമനം നല്‍കിയ നടപടിയെ എതിര്‍ത്തതാണ് ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ മാനേജമെന്റിലെ വൈദിക പ്രമാണിമാരെ ചൊടിപ്പിച്ചത്. ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടുപിടിച്ച് എന്നെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് എന്നോടവര്‍ പ്രതികാരം ചെയ്തത്. പക്ഷേ മതിയായ കാരണങ്ങളില്ല എന്ന് കണ്ടെത്തി DEO ആ സസ്‌പെന്‍ഷന്‍ നടപടി തന്നെ റദ്ദ് ചെയ്തു. പക്ഷേ അഭിമാനക്ഷതമേറ്റ വൈദിക പ്രമാണിമാര്‍ പണക്കൊഴുപ്പിന്റെ ബലത്തിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും അധ്യാപക സംഘടനയെ സ്വാധീനിക്കാന്‍ ശ്രമിച്ചും എന്നെ പുറത്താക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തു നോക്കി. പക്ഷേ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള മാനേജ്‌മെന്റിന്റെ നടപടി ഒരിടത്തും നിലനിന്നില്ല. എന്നോടുള്ള വിരോധം പതിന്മടങ്ങായി വര്‍ധിച്ച വൈദിക പ്രമാണിമാര്‍ പതിവുപോലെ എനിക്കെതിരായി കഥകള്‍ ചമച്ചും വ്യക്തിഹത്യകള്‍ നടത്തിയും ഇന്നും തങ്ങളുടെ രോഷം തീര്‍ത്തുകൊണ്ടിരിക്കുന്നു.

വഞ്ചി സ്‌ക്വയറില്‍ സമരം ചെയ്ത ആ പാവം കന്യാസ്ത്രീകള്‍ക്കൊപ്പം ഞാനും കൂടിയത് സഭയിലെ ഉന്നതരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. സാധാരണ ഗതിയില്‍ വളരെ ഈസിയായി തേച്ചു മാച്ചു കളയുമായിരുന്ന ഫ്രാങ്കോ കേസ് പൊതുസമൂഹം ഏറ്റെടുത്തതോടെ അവര്‍ക്കൊരു കീറാമുട്ടിയായി മാറി. ഏതെങ്കിലുമൊരു കന്യാമഠത്തിന്റെ പിന്നാമ്പുറത്തെ കിണറിന്റെ ആഴങ്ങളില്‍ ഒടുക്കി കളയേണ്ട ഒരു സാധാരണ കന്യാസ്ത്രീയായ ഞാന്‍ ചാനലുകളില്‍ ഇരുന്ന് സത്യങ്ങള്‍ വിളിച്ചു പറയുന്നത് അവരെ വല്ലാതെ അസ്വസ്ഥരാക്കി. അതുകൊണ്ടാണല്ലോ നോബിള്‍ തോമസിനെപ്പോലുള്ള സാമൂഹ്യ വിരുദ്ധന്‍മാരെ ഉപയോഗിച്ചുകൊണ്ട് എനിക്കെതിരെ തരംതാണ ആരോപണങ്ങളും സ്വഭാവഹത്യയും അസഭ്യ വര്‍ഷവും ചൊരിഞ്ഞുകൊണ്ട് ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഞാന്‍ താമസിക്കുന്ന മഠത്തില്‍ നിന്നും എന്നെ എങ്ങനെയെങ്കിലും ഇറക്കി വിടാനായിരുന്നു പിന്നീടുള്ള ശ്രമം. എന്റെ മഠത്തിലുണ്ടായിരുന്ന എന്നോട് അനുഭാവമുള്ള കന്യാസ്ത്രീകളെയെല്ലാം ഒറ്റയടിക്ക് സ്ഥലം മാറ്റി പകരം വൈദിക പ്രമാണിമാരോട് വിധേയത്വം പുലര്‍ത്തുന്ന ഒരു കൂട്ടം കന്യാസ്ത്രീമാരെ കൊണ്ടുവന്നു. എന്നോട് സംസാരിക്കുക പോലും ചെയ്യരുതെന്ന് അവരെ ചട്ടം കെട്ടി. മഠത്തിനുള്ളിലെ എന്റെ ജീവിതം നരകമാക്കിത്തീര്‍ക്കാന്‍ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുക തന്നെയാണ്. മഠത്തില്‍ നിന്നും ഇറക്കി വിടാതിരിക്കാന്‍ ഞാന്‍ കോടതിയെ സമീപിച്ചപ്പോള്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തെ സ്വാധീനിച്ച് എന്നെ FCC യില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ ഒപ്പിടുവിച്ചു കൊണ്ടാണ് അവര്‍ പകരം വീട്ടിയത്. അതാണ് അന്തിമ വിധിയെന്നും എന്നെ FCC യില്‍ നിന്നും അന്തിമമായി പുറത്താക്കി എന്നും സകല ചാനലുകളിലും ഇരുന്ന് പച്ചക്കള്ളം പറഞ്ഞു അവര്‍. എന്നാല്‍ അതിനു പിന്നില്‍ മറ്റൊരു നാടകമുണ്ടായിരുന്നു എന്ന് അപ്പോള്‍ എനിക്ക് മനസിലായില്ല.

പൗരസ്ത്യ തിരുസംഘം (Supreme Tribunal) എന്റെ അപ്പീല്‍ തള്ളിയിരിക്കുന്നു എന്നു മാത്രം ഇംഗ്ലീഷില്‍ എഴുതി മറ്റു പ്രധാന ഭാഗങ്ങളെല്ലാം ലാറ്റിന്‍ ഭാഷയില്‍ മാത്രമുള്ള ഒരു ലെറ്ററാണ് February 28 ആം തീയതി എനിക്ക് ലഭിച്ചത്. അതില്‍ ലാറ്റിന്‍ ഭാഷയില്‍ എഴുതിയിരുന്ന ‘പത്ത് ദിവസത്തിനകം Supreme Tribunal നെ വീണ്ടും സമീപിക്കാം’ എന്ന സുപ്രധാന വസ്തുത ലാറ്റിന്‍ വായിക്കാനറിയാത്ത എനിക്ക് അപ്പോള്‍ മനസിലായില്ല. എന്നാല്‍ ആ സത്യം മറച്ച് വയ്ക്കാനും ഒപ്പം Supreme Tribunal നെ വീണ്ടും ഞാന്‍ സമീപിക്കാതിരിക്കാനുമുള്ള ബോധപൂര്‍വമുള്ള ശ്രമമായിരുന്നു അത്. February 28 ആം തീയതി വന്ന ലെറ്ററിന്റെ ഇംഗ്ലീഷ് ട്രാന്‌സലേഷന്‍ മനപൂര്‍വം 5 ദിവസങ്ങള്‍ വൈകിപ്പിച്ച ശേഷം March 4 ആം തിയതിയാണ് എനിക്ക് തരുന്നത്. യാതൊരു കാരണവശാലും ഞാന്‍ നിശ്ചിത സമയത്തിനുള്ളില്‍ വത്തിക്കാനിലെ Supreme Tribunal നു മുന്‍പില്‍ അപ്പീലുമായി പോകരുത് എന്ന ഉദ്ദേശത്തിലായിരുന്നു അത്. ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ നല്‍കാന്‍ മനഃപൂര്‍വം വൈകിപ്പിച്ചും, വന്നിരിക്കുന്നത് അന്തിമ വിധിയാണെന്ന് എല്ലാ ചാനലുകളിലും ഓടി നടന്ന് പറഞ്ഞ് തെറ്റിധാരണ പരത്തിയും പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ എനിക്ക് അപ്പീല്‍ കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി ആ സാങ്കേതികത ഉപയോഗിച്ചുകൊണ്ട് എന്നെ പുറത്താക്കിയതായി പ്രഖ്യാപിക്കാനാണെന്ന് മനസിലാക്കിയ ഞാന്‍, വളരെ ബുദ്ധിമുട്ടിയെങ്കിലും നിര്‍ദ്ദിഷ്ട കാലാവധിക്ക് മുന്‍പ് തന്നെ വത്തിക്കാനിലുള്ള Supreme Tribunal നു മുന്നില്‍ അപ്പീല്‍ സമര്‍പ്പിക്കുകയും Supreme Tribunal അത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തത് അവര്‍ക്ക് വീണ്ടും തിരിച്ചടിയായി.

ഈ സഭ ഇത്രക്ക് ദുഷിച്ചതാണെങ്കില്‍ പിന്നെ എന്തിനിവിടെ കടിച്ചു തൂങ്ങി കിടക്കുന്നു? ഇറങ്ങിപ്പൊയ്ക്കൂടെ? എന്ന ചോദ്യമാണല്ലോ നിങ്ങളുടെ പിണിയാളുകളെക്കൊണ്ട് നിരന്തരം ചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന് വ്യക്തമായ ഉത്തരമുണ്ടെനിക്ക്. ദേവാലയത്തെ കച്ചവടസ്ഥലമാക്കിയത് കണ്ട യേശു നിശബ്ദനായി അവിടെനിന്ന് ഇറങ്ങി പോവുകയല്ല ചെയ്തത്, പകരം പ്രാര്‍ത്ഥനാലയം കച്ചവടസ്ഥലമാക്കിയവരെ ദേവാലയത്തില്‍ നിന്നും ചാട്ടവാറിന് അടിച്ച് പുറത്താക്കി ആലയം ശുദ്ധീകരിക്കുകയാണ് ചെയ്!തത്. ആ യേശുവിന്റെ പാത പിന്തുടര്‍ന്ന് സന്ന്യാസജീവിതം സ്വീകരിച്ചയാളാണ് ഞാന്‍. എന്റെ ആലയം ഇന്ന് മലിനമാണ്‍ കന്യാമഠങ്ങള്‍ക്കുള്ളില്‍ എന്റെ സഹോദരിമാര്‍ കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ട മതനിയമങ്ങള്‍ കൊണ്ട് അന്ധത ബാധിച്ച് മനുഷ്യരുടെ ജീവിതം തന്നെ ദുഷ്‌കരമാക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. പാവപ്പെട്ട അല്‍മായരുടെ കണ്ണില്‍ പൊടിയിട്ട് അവരുടെ സമ്പാദ്യത്തിലെ അവസാന നാണയത്തുട്ടുവരെ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ പൗരോഹിത്യം. മാനസികമായ അടിമത്തം മൂലം പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ട് എല്ലാം സഹിക്കാനും ഉള്ളിലമര്‍ത്താനും മാത്രം വിധിക്കപ്പെട്ടവരാണ് ഇവരെല്ലാം. അവര്‍ക്കൊക്കെ വേണ്ടി ഞാനിവിടെത്തന്നെ തുടരണം, എന്റെ അവസാന ശ്വാസം വരെ ഞാന്‍ അവര്‍ക്കു വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കണം, കാരണം അങ്ങനെ ചെയ്യുക എന്നതാണ് ഒരു യഥാര്‍ത്ഥ സന്ന്യാസിയുടെ ധര്‍മ്മം. എന്തൊക്കെ പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നാലും ഞാനത് നിറവേറ്റുക തന്നെ ചെയ്യും!

ഓരോ തവണയും എനിക്കെതിരായ നടപടികളും വ്യക്തിഹത്യകളും പെരും നുണകള്‍ ചമച്ചുകൊണ്ടുള്ള നാടകങ്ങളുമൊക്കെ അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്ന കാഴ്ച്ചയാണ് നാമൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ അതൊന്നും എന്റെ കഴിവുകള്‍ കൊണ്ടാണെന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല, മറിച്ച് സത്യവും നീതിയും അവരുടെ ഭാഗത്ത് തൊട്ടു തീണ്ടിയിട്ടു പോലുമില്ലാത്തതുകൊണ്ടാണ്. അധികാരം തലക്ക് പിടിച്ച ഒരു കൂട്ടം വൈദിക വൃന്ദം എല്ലാം തങ്ങളുടെ കാല്‍ക്കീഴിലാണെന്ന് അഹങ്കരിച്ചു. തങ്ങളെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി സ്വയം അവരോധിച്ച് ഇടവക ജനത്തിന്റെ പിച്ചച്ചട്ടിയില്‍ നിന്നുപോലും കൈയിട്ട് വാരി തിന്നു കൊഴുത്തപ്പോള്‍ പാവപ്പെട്ട കന്യാസ്ത്രീകള്‍ അടിമകളാണെന്ന് തോന്നിത്തുടങ്ങി. വൈദികര്‍ മൂലം തകരുന്ന കുടുംബങ്ങളെപറ്റിയുള്ള വാര്‍ത്തകളും , പിഞ്ചു കുഞ്ഞുങ്ങളെപ്പോലും പീഡിപ്പിക്കുന്ന വൈദികരെപറ്റിയുള്ള വാര്‍ത്തകളുമൊക്കെ തുടര്‍ക്കഥയായപ്പോള്‍ പൊതുസമൂഹം തന്നെ അവരെ തള്ളിപ്പറഞ്ഞു തുടങ്ങി. അവരുടെയൊക്കെ അതിക്രമങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങളാണ് എന്നോടൊപ്പമുള്ളത്. അവരാണ് എന്റെ ശക്തി.

എന്നെപ്പോലൊരാളെ ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കാന്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കും എന്നെനിക്ക് നന്നായറിയാം. പക്ഷേ ഞാനതിനെ ഭയക്കുന്നില്ല. കാരണം ഞാന്‍ ഇല്ലാതെയായാലും ഈ സമരം പതിന്‍മടങ്ങ് ശക്തിയില്‍ തുടരുക തന്നെ ചെയ്യും. ഇത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള സമരമാണ്. അന്തിമ വിജയം എന്നും സത്യത്തിനു തന്നെയായിരിക്കും! അങ്ങനെയാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്!!

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

3 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

3 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

4 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

4 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

5 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

6 hours ago