Home kerala മുഖ്യമന്ത്രിയോട് വീണ്ടും പിണങ്ങി മൈക്ക്, സംഭവം വാർത്താസമ്മേളനത്തിനിടെ

മുഖ്യമന്ത്രിയോട് വീണ്ടും പിണങ്ങി മൈക്ക്, സംഭവം വാർത്താസമ്മേളനത്തിനിടെ

തൃശൂർ : വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് വീണ്ടും പിണങ്ങി. രാവിലെ തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആണ് മൈക്ക് വീണ്ടും പിണങ്ങിയത്.

വാർത്താസമ്മേളനം തുടങ്ങിയതിന് പിന്നാലെയാണ് മൈക്കിന്റെ ശബ്ദം പോയ വിവരം മുഖ്യമന്ത്രിക്ക് മനസിലാകുന്നത്. മൈക്കിൽ തട്ടി നോക്കിയിട്ടും ശബ്ദം പുറത്തുവരുന്നില്ല. പിന്നെ മേശപ്പുറത്തിരുന്ന ചാനൽ മൈക്കുകളുടെ കൂട്ടത്തിൽ ഇരുന്ന മൈക്കിൽ തട്ടി നോക്കി പൊതുവായ പ്രശ്‌നമല്ലെന്ന് മനസിലാക്കി.

നിങ്ങൾക്ക് ഒരു വാർത്തയായല്ലോ എന്ന് പറഞ്ഞ് അന്തരീക്ഷം തമാശയാക്കാനും മുഖ്യമന്ത്രി ശ്രമിച്ചു. ഇതിപ്പോ വാർത്തയല്ലെന്ന ഒരു മാദ്ധ്യമപ്രവർത്തകന്റെ മറുപടി ആസ്വദിച്ച് ചിരിക്കുന്നതും കാണാമായിരുന്നു. അടുപ്പിച്ച് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന് തകരാർ സംഭവിക്കുന്നത്.