more

രാത്രി കുഞ്ഞുറങ്ങില്ലെന്ന് വിചാരിച്ചു ഞങ്ങളെ അമ്പരപ്പിച്ചു ധന്യയുടെ ദേഹത്തു കിടന്നുറങ്ങിയ അവളുടെ ആദ്യത്തെ രാത്രി എത്രയെത്ര പ്രിയപ്പെട്ട നിമിഷങ്ങളാണെന്നോ

കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ച് പറയുകയാണ് തിരുവനന്തപുരം ഗവ.വിമൻസ് കോളജിലെ ഇക്കണോമിക്സ് അധ്യാപകനായ രജ്ത്.കുട്ടികളെ ദത്തെടുത്ത് വളർത്താനുള്ള സാധ്യത മുന്നിലുണ്ടായിട്ടും പലരും ഇത് ഉപയോഗപ്പെടുത്തുന്നില്ല.ബന്ധുക്കളും സമൂഹവും എന്തുപറയുമെന്ന് പേടിച്ചാണ് പലരും ദത്തെടുക്കലിനോട് വിമുഖത കാട്ടുന്നത്.തങ്ങൾ ദത്തെടുത്ത ആമിയെന്ന് വിളിക്കുന്ന ഇളയയ മകളോടുള്ള സ്നേഹവും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെയും കുറിച്ച്‌ ഹൃദയത്തിൽതൊടുന്ന കുറിപ്പാണ് അധ്യാപകൻ പങ്കുവെച്ചിരിക്കുന്നത്

കുറച്ചു കൂടി വലുതാകുമ്പോൾ,കുറേ കൂടി തിരിച്ചറിവുണ്ടാകുമ്പോൾ ഇളയ മകൾ ആമി ഞങ്ങളോട് ചോദിക്കുമായിരിക്കും എനിക്ക് മാത്രമെന്താണ് രണ്ട് ബർത്ഡേ എന്ന്.ഒന്നവൾ ജനിച്ച ദിവസവും,രണ്ടാമത്തേത് അവൾ ഞങ്ങളുടെ അടുത്തേക്ക് വന്ന ദിവസവും ആണെന്ന് അവളുടെ അടുത്തിരുന്നു സമയമെടുത്തു പറഞ്ഞു മനസിലാക്കണം.ഞാനും ധന്യയും പ്രണയിച്ച നീണ്ട വർഷങ്ങളിലെപ്പോളോ ഞങ്ങൾ ചോദിച്ചിരുന്നതാണ്,വിവാഹം കഴിഞ്ഞു കുട്ടികൾ ഉണ്ടായില്ലെങ്കിൽ എന്തു ചെയ്യുമെന്നത്.കുട്ടികളെ ഇഷ്ടമായത് കൊണ്ട്,ആലോചിക്കാൻ ഒന്നുമില്ല കുഞ്ഞിനെ ദത്തെടുക്കും എന്നു തന്നെയായിരുന്നു ഉത്തരവും.വിവാഹം കഴിഞ്ഞു ഉടനെ കാർത്തു വന്നു,അതിനിടയിൽ വന്ന ആരോഗ്യ പ്രശ്നങ്ങൾ രണ്ടാമതൊരു കുട്ടി എന്ന സാധ്യതയെ ഇല്ലാതാക്കുകയും ചെയ്തു.

അങ്ങനെ കാർത്തു എന്ന ഒറ്റക്കുട്ടിയുമായി 6വർഷം പൂർത്തിയാക്കിയ ദിവസങ്ങളിലൊന്നിലാണ് എറണാകുളം എം ജി റോഡിലെ ഐസ്ക്രീം പാർലറിൽ ഞങ്ങൾ മൂന്നു പേരും കൂടി കയറുന്നത്.പെട്ടെന്ന് മൂന്നു കുട്ടികളുള്ള ഒരു കുടുംബം ഞങ്ങളുടെ അടുത്ത സീറ്റിൽ വന്നിരുന്നു.അച്ഛനും അമ്മയും സംസാരിച്ചു കൊണ്ടിരിക്കുകയും കുട്ടികൾ മൂന്നു പേരും ബഹളം വെച്ചു കളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു.കുട്ടികളുടെ കളി ചിരികൾ നോക്കി നിന്ന കാർത്തു ടേബിളിലേക്ക് മുഖം അമർത്തി വല്ലാതെ സങ്കടപ്പെട്ടു കരയാൻ തുടങ്ങിയത് പെട്ടെന്നാണ്.ഒറ്റപ്പെടലിന്റെ വേദന അവളെ അത്ര ബാധിച്ചെന്ന് അന്നാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്.ഒരു അനിയത്തി വന്നാൽ എന്ന് ചോദിച്ചപ്പോളുള്ള അവളുടെ സന്തോഷം കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ ഞങ്ങളെ രജിസ്റ്റർ ചെയ്യിപ്പിക്കുകയായിരുന്നു.

അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം,ഓൺലൈൻ വഴി അലോട്മെന്റിൽ ആമി ഞങ്ങളിലേക്ക് വരുകയായിരുന്നു.അവൾ വീട്ടിലേക്ക് വരുന്നതിന് മുമ്പ്,ആ ഒരു വയസുകാരിയുമായി അടുക്കാൻ ഞങ്ങൾ കോൺവെന്റിൽ പോയ മൂന്നു ദിവസങ്ങൾ,അവിടുത്തെ ചാമ്പ മരവും,ഊഞ്ഞാലും,അവളുടെ കരച്ചിലും,ഡയറി മിൽക്ക് കണ്ടപ്പോൾ കരച്ചിലിനിടയിലും കൈ നീട്ടിയതും,ഒടുവിൽ അവളെ വീട്ടിലേക്ക് വിളിക്കാൻ വന്ന ദിവസം കരച്ചിലൊന്നുമില്ലാതെ ഞങ്ങളുടെ കയ്യിലേക്ക് വന്നത്,പരിചയമില്ലാത്ത സ്ഥലമായത് കൊണ്ട് രാത്രി കുഞ്ഞുറങ്ങില്ലെന്ന് വിചാരിച്ചു ഉണർന്നിരിക്കാൻ തയ്യാറായ ഞങ്ങളെ അമ്പരപ്പിച്ചു ധന്യയുടെ ദേഹത്തു കിടന്നുറങ്ങിയ അവളുടെ ആദ്യത്തെ രാത്രി എത്രയെത്ര പ്രിയപ്പെട്ട നിമിഷങ്ങളാണെന്നോ.

ഞങ്ങളിലേക്ക് അവൾ വന്നിട്ട് ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു.സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിക്കാൻ കഴിയുമായിരിക്കും എന്നവൾ വരുന്നതിന് മുമ്പ് ഞങ്ങൾ പരസ്പരം പറയുമായിരുന്നു.ഇന്ന് അത്തരമൊരു ചോദ്യോത്തരം ഒരു പ്രസക്തിയുമില്ലാത്തതാകുന്നുണ്ട്.ആമി,കുഞ്ചി,ചക്കരേ എന്നൊക്കെ മാറി മാറി വിളിച്ചു ഞങ്ങൾ മൂന്നു പേരും അവളുടെ ചുറ്റുമിരിപ്പുണ്ട്. കേരളത്തിലുള്ള ഞാൻ മുംബൈയിലുള്ള അവരെ ഫോണിൽ വിളിക്കുമ്പോൾ അച്ഛനാണോ അമ്മേഎന്നവൾ ചിണുങ്ങി ചോദിക്കുന്നത് ഫോണിന്റെ ഇങ്ങേ തലക്കലിരുന്ന് കേൾക്കുന്ന സന്തോഷത്തോളം വരില്ല ലോകത്തിലെ മറ്റൊന്നും.അവൾ എന്റെ അച്ഛൻ,എന്റെ അമ്മ എന്നു കൂടെക്കൂടെ പറയുമ്പോളുള്ള എന്റെ എന്നതിലെ ഊന്നൽ ഒരേ സമയം സന്തോഷവും,ദുഖവുമാണ് ഞങ്ങൾക്ക്.

വർഷങ്ങൾ കഴിയുമ്പോൾ ഞങ്ങളവളുടെ രക്ത ബന്ധത്താലുള്ള അച്ഛനും അമ്മയും അല്ലെന്ന് തിരിച്ചറിയുന്ന കാലത്തും ഞങ്ങളുടെ സ്നേഹം അവളുടെ മുന്നിൽ മങ്ങാതെ നിൽക്കുന്നുണ്ടാകുമല്ലോ എന്ന വിശ്വാസം കൂടുതൽ കൂടുതൽ സ്നേഹിപ്പിക്കുന്നുണ്ട്.നമ്മുടെ കൊച്ചിന്റെ ജീവിതത്തിലെ അവൾക്ക് ആരുമില്ലാതിരുന്ന ആദ്യത്തെ ഒരു വർഷം കോമ്പൻസേറ്റ് ചെയ്യാൻ കുറച്ചു കൂടിയ അളവിൽ തന്നെ സ്നേഹം അവളോട് കാണിക്കുമെന്ന് തീരുമാനിച്ചതാണ്.ഞങ്ങളിലേക്ക് അവൾ വന്ന ദിവസം എല്ലാ വർഷവും ആഘോഷിക്കുമെന്നതും.

ഇതൊന്നും എഴുതണമെന്ന് വിചാരിച്ചതല്ല,പക്ഷേ പണ്ടെപ്പോളോ വായിച്ച കുട്ടികളില്ലാത്ത ദുഖത്താൽ ദമ്പതികൾ ജീവനൊടുക്കി എന്ന വാർത്ത മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത് കൊണ്ടും,സമൂഹവും,ബന്ധുക്കളും എന്തു പറയുമെന്ന് ഭയക്കുന്നത് കൊണ്ട് മാത്രം കുട്ടികളെ അഡോപ്റ്റ് ചെയ്യാത്ത കുറേ പേരെ നേരിട്ട് അറിയാവുന്നത് കൊണ്ടുമാണ് ഈ എഴുത്ത്.നിങ്ങൾക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെങ്കിൽ സന്തോഷത്തിന്റെ താക്കോൽ അന്വേഷിച്ചു അധികം നടക്കേണ്ടി വരില്ല എന്ന് തന്നെയാണ് തോന്നുന്നത്.

മരിച്ചു ചെല്ലുമ്പോൾ വേറൊരു ലോകം ഉണ്ടെങ്കിൽ എന്താണ് ഈ ജീവിതത്തിൽ ചെയ്ത ഏറ്റവും ഇഷ്ടപെട്ട കാര്യമെന്ന് ചോദിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ,ഞങ്ങൾ പറയുമായിരിക്കും ഞങ്ങളുടെ ആമിക്കുഞ്ഞു ജീവിതത്തിലേക്ക് വന്നതാണെന്ന്.ജീവിച്ചിരിക്കുമ്പോൾ,ഓഫീസിലെ ജോലിക്ക് മുന്നിൽ വീട്ടിലെ ലാപ്ടോപിന് മുന്നിൽ ചിന്താ ഭാരത്തിലിരിക്കുന്ന ധന്യയുടെ മടിയിലേക്ക് ചാടിക്കയറി അമ്മ ചിരിക്കണം,ചിരിക്കമ്മേ എന്നും പറഞ്ഞു അവളുടെ കവിൾ വലിച്ചു നീട്ടുന്ന നാലു വയസുകാരി,ചേച്ചിക്കുട്ടിയെ ഏറ്റവുമിഷ്ടം എന്നും പറഞ്ഞു കാർത്തുവിനെ കെട്ടിപിടിക്കുന്ന ഞങ്ങളുടെ ചിരിക്കുട്ടി കൊണ്ടു വരുന്ന സന്തോഷം വിലയിടാനാവാത്തതാണ്.കന്നത്തിൽ മുത്തമിട്ടാൽ സിനിമയിൽ മാധവൻ മകൾ അമുദയോട് പറഞ്ഞത് തന്നെയാണ് എനിക്കുമെന്റെ ആമിയോട് പറയാനുള്ളത്,ഞങ്ങൾ നിന്നെ ദത്തെടുക്കുകയായിരുന്നില്ല,നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

6 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

6 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

7 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

8 hours ago