Home more അയാൾ രണ്ട് ദിർഹം എടുത്ത് നീട്ടിയിട്ട് അവനെന്തെങ്കിലും വാങ്ങിച്ചു കൊടുക്കണമെന്ന് പറഞ്ഞു,വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ നിരസിക്കാനായില്ല.

അയാൾ രണ്ട് ദിർഹം എടുത്ത് നീട്ടിയിട്ട് അവനെന്തെങ്കിലും വാങ്ങിച്ചു കൊടുക്കണമെന്ന് പറഞ്ഞു,വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ നിരസിക്കാനായില്ല.

ഭിന്നശേഷിക്കാരനയ സ്വന്തം മകന് അപ്രതീക്ഷിതമായി ലഭിച്ച സ്നേഹപരിലാളനത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് ഷഹലിയ ഇലൻ ജുനൈദ് എന്ന അമ്മ. ഭിന്നശേഷിക്കാർക്ക് സഹതാപമല്ലസഹകരണമാണ് ആവശ്യമെന്ന് ഷഹലിയ പറയുന്നു. അവരുടെ കുറവുകൾ കാണാതെ അവരെയും നമ്മള്ളിൽ ഒരാളായി കാണാൻ ശ്രമിക്കുക. അവർക്ക് അർഹിക്കുന്ന സ്നേഹം നൽകുക. അങ്ങനെ സ്നേഹിച്ചാൽ അതിന്റെ ഇരട്ടി സ്നേഹം അവർ നൽകിയിരിക്കും. ഞങ്ങളുടെ കൂടെ ഇരുന്ന് ആരെങ്കിലും സംസാരിച്ചിരുന്നെങ്കിൽ എന്ന് അവരും ആഗ്രഹിക്കുന്നുണ്ടെന്ന് ഷഹലിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ,

ഇലു മോനേ,നമ്മളിപ്പോ പുറത്ത് പോവും,റെഡി ആവണ്ടേ”?അത് കേൾക്കേണ്ട താമസം അവൻ പൊട്ടി ചിരിച്ചു കൊണ്ട് എനിക്ക് ക്ലോക്ക് കാണിച്ചു തരാൻ തുടങ്ങി. അത് അങ്ങനെയാണ് പുറത്ത് പോവുന്ന കാര്യം കേട്ടാൽ പിന്നെ അവന് സമാധാനമുണ്ടാവില്ല. അവനെ കൂട്ടാതെ പോകുമോ എന്നൊരു പേടിയാണോ അറിയില്ല ഇറങ്ങുന്നത് വരെ ക്ലോക്കിന്റെ മുമ്പിൽ പോയി നിൽക്കും.”സമയമായി എന്താ പോവണ്ടേ” എന്നാണ് അവൻ ഉദ്ദേശിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് എവിടെക്കും പോവാറില്ലായിരുന്നു. സ്കൂളില്ലാത്തത് കൊണ്ട് അവനും ബോറടി അടിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ അവനെയൊന്ന് സന്തോഷിപ്പിക്കാൻ ആ ദിവസം മുഴുവൻ അവന് മാത്രമായിട്ട് ഞങ്ങൾ മാറ്റി വെച്ചു. രാവിലെ ഒരു പതിനൊന്നര ആയപ്പോൾ ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി.

ആദ്യം ബസിൽ പോവാമെന്നായിരുന്നു വിചാരിച്ചത്, എന്നാൽ അത് വേണ്ടെന്ന് വെച്ചിട്ട് ടാക്സിയിൽ പോകാൻ വേണ്ടിബസ് സ്റ്റോപ്പിൽ നിന്ന് കുറച്ച് മുന്നോട്ട് നീങ്ങി.ഇലു ടാക്സി പിടിക്കാൻ വേണ്ടി കൈ പൊക്കി. ടാക്സി വന്നപ്പോൾ ആദ്യം അവൻ തന്നെ കയറി.നിനക്ക് പാട്ട് വെക്കാൻ പറയണോ എന്നവനോട് വെറുതെയൊന്ന് ചോദിച്ചു. അവൻ ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഡ്രൈവർ ഒരു പാകിസ്ഥാനി ആയിരുന്നു.അവനോട് പാട്ട് വേണോ ചോദിച്ചത് കൊണ്ട് ആവേശത്താൽ ശബ്ദമുണ്ടാക്കി. അത് കേട്ടിട്ടാവണം അയാൾ “മോന്റെ പേരെന്താ “?”അവൻ സംസാരിക്കില്ല. അവനൊരു സ്പെഷ്യൽ കുട്ടിയാണ് ” പെട്ടെന്ന് തന്നെ അയാൾ ചോദിച്ചു.

“അവനെ ഒന്ന് നടുക്ക് ഇരുത്തുമോ? എനിക്കവനെ ശരിക്കൊന്ന് കാണാൻ പറ്റുന്നില്ല” എന്ന് ഹിന്ദിയിൽ പറഞ്ഞു .അവൻ അയാളുടെ തൊട്ട് പിറകിൽ ആയിട്ടായിരുന്നു ഇരിക്കുന്നത്.ഞാനവനെ പിടിച്ച് നടുവിൽ ഇരുത്തി.”ഇസ്‌ക്കോ ഹിന്ദി സമജ് മേൻ ആത്താ ഹേ “?””ഇസ്‌ക്കോ സബ് കുച്ച് മാലൂം ഹേ “” എന്ന് പറഞ്ഞു കൊണ്ട് ഞാൻ ചിരിച്ചു.വെറുതെ പറഞ്ഞതല്ല, ശരിക്കും ചില സമയത്ത് അവൻ ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട്.രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്നൊരു കാര്യം പറയാം. ആ സമയങ്ങളിൽ അവൻ നല്ല ഹൈപ്പറായിരുന്നു. പാട്ട് കേൾക്കാൻ തുടങ്ങിയാൽ അത് നിർത്തുന്നത് വലിയ ഇഷ്ട്ടമല്ല. അന്നേരം ദേഷ്യം വന്നാൽ അടങ്ങി നിൽക്കില്ല.

ഒരു ദിവസം അവൻ യൂട്യൂബിൽ സിനിമ കാണുകയായിരുന്നു. കുറച്ച് സമയം ആയി കാണുന്നു, ഇനി മതി എന്ന് പറയാൻ വേണ്ടി വിചാരിച്ചപ്പോ ഞാനൊന്ന് മാറ്റി പിടിച്ചു. ജുനൈദ്ക്കാനോട് കാര്യമായി എന്തോ സംസാരിക്കുന്ന രീതിയിൽ ഇങ്ങനെ പറഞ്ഞു.”” വോഹ്‌ ബന്ത് കരോ “” ( അതൊന്ന് ഓഫാക്ക് )അത് കേട്ടതും അവന് ദേഷ്യം പിടിച്ചതും എല്ലാം പെട്ടെന്നായിരുന്നു. ഞാനൊന്നു ഹിന്ദിയിൽ ഒരു ഡയലോഗ് കാച്ചിയപ്പോ അവനെന്നെ പേടിപ്പിച്ചു. പടച്ചോനെ നീയെപ്പോ ഹിന്ദി പഠിച്ചു !!പിന്നൊരിക്കൽ ഏതോ വിഡിയോയിൽ ഖാന (ഭക്ഷണം) എന്ന് പറയുന്ന കേട്ടപ്പോൾ അവൻ എന്നോട് ഭക്ഷണം വേണമെന്ന് പറഞ്ഞു. എന്റെ കൈ പിടിച്ച് വലിച്ചു അടുക്കളയിൽ കൊണ്ട് പോയി. എനിക്കെന്തോ സംശയം തോന്നി വിഡിയോ ഒന്ന് റീവൈൻഡ് ചെയ്ത് നോക്കി. ഞാൻ ശരിക്കും ഞെട്ടി പോയി.

ഈ ഹിന്ദിയൊക്കെ ഇവനെങ്ങനെ മനസിലായി !!ഡ്രൈവർ ഹിന്ദി അറിയുമോ ചോദിച്ചപ്പോൾ എന്റെ മനസിൽ ഇതൊക്കെ ഓർമ വന്നു.അവനെ നടുക്ക് ഇരുത്തിയത് മുതൽ അയാളവനോട്‌ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. തിരിച്ചങ്ങോട്ടും അവൻ സംസാരിക്കാൻ ശ്രമിക്കുന്നു. ഹിന്ദി എനിക്ക് അറിയാമെന്ന മട്ടിലാണ് അവന്റെ മുഖത്ത് ഞാൻ കണ്ടത്.”തും കോൺ സി സ്കൂൾ മേൻ പട്ത്തെ ഹോ”?എന്നിങ്ങനെ അവനോട് ഓരോ കുശലങ്ങൾ അയാൾ ചോദിച്ചു കൊണ്ടിരുന്നു. ഇലു മോന്റെ സന്തോഷം ഒന്നു കാണേണ്ടത് തന്നെയായിരുന്നു.ഒരുപാട് തവണ ഞങ്ങൾ അവനെയും കൊണ്ട് ടാക്സിയിലും, മെട്രോയിലും യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ഇത് വരെ ആരും അവനോടിങ്ങനെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല.

അവന്റെ ഹൃദയത്തിൽ നിന്നും അയാളോട് എന്തൊക്കെയോ അവൻ പറയുന്ന പോലെ തോന്നി. വാക്കുകൾ പുറത്ത് വന്നില്ലെങ്കിലും ഹൃദയത്തിന്റെ ഭാഷക്കും ഒരു പ്രത്യേക ഭംഗിയാണ്.യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ പേഴ്സിൽ നിന്ന് രണ്ട് ദിർഹം എടുത്ത് എന്റെ നേരെ നീട്ടിയിട്ട് അവനെന്തെങ്കിലും വാങ്ങിച്ചു കൊടുക്കണമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ നിരസിക്കാനായില്ല.സഹതാപമല്ല, മറിച്ച് എന്റെ മകനോടുള്ള സ്നേഹവും കരുതലുമായിരുന്നു ഞാനതിൽ കണ്ടത്. ഇലു മോൻ ഒരു ഫ്ലയിങ് കിസ്സ് അയാൾക്ക് നൽകി.

ഇനി ഒരിക്കൽ കൂടി അയാളെ എവിടെയെങ്കിലും വെച്ച് കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. അവന്റെ മനസ് അന്ന് അതിയായി ആഹ്ലാദിച്ചു.എനിക്കെന്റെ പ്രിയപ്പെട്ടവരോട് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ മുമ്പിൽ ഇത് പോലൊരു മാലാഖ വന്നാൽ ഇങ്ങനെ ഒന്ന് സ്നേഹിച്ചു നോക്കൂ.അവരുടെ കുറവുകൾ കാണാതെ അവരെയും നമ്മള്ളിൽ ഒരാളായി കാണാൻ ശ്രമിക്കുക. അവർക്ക് അർഹിക്കുന്ന സ്നേഹം നൽകുക. അങ്ങനെ സ്നേഹിച്ചാൽ അതിന്റെ ഇരട്ടി സ്നേഹം അവർ നൽകിയിരിക്കും. ഞങ്ങളുടെ കൂടെ ഇരുന്ന് ആരെങ്കിലും സംസാരിച്ചിരുന്നെങ്കിൽ എന്ന് അവരും ആഗ്രഹിക്കുന്നുണ്ട്.