Home national പ്രതിഭാ സിംഗ് ഹിമാചൽ മുഖ്യമന്ത്രി ആയേക്കില്ല; എംഎൽഎ അല്ലാത്തതിനാൽ പരിഗണിക്കേണ്ടെന്ന് ഹൈക്കമാൻഡ്

പ്രതിഭാ സിംഗ് ഹിമാചൽ മുഖ്യമന്ത്രി ആയേക്കില്ല; എംഎൽഎ അല്ലാത്തതിനാൽ പരിഗണിക്കേണ്ടെന്ന് ഹൈക്കമാൻഡ്

ഷിംല: പ്രതിഭാ സിംഗിനെ ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള പേരുകളിൽ പരിഗണിക്കാൻ സാദ്ധ്യത കുറവെന്ന് സൂചന. പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുഖ്വീന്ദർ സിംഗ് സുഖു, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായിരുന്ന മുകേഷ് അഗ്‌നിഹോത്രി, മുതിർന്ന പാർട്ടി നേതാവ് രജീന്ദർ റാണ എന്നിവരുടെ പേരുകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷ കൂടിയായ പ്രതിഭാ സിംഗിനായി കഴിഞ്ഞ ദിവസങ്ങളിൽ അണികൾ പരസ്യമായി രംഗത്തെത്തിയിരുന്നു.

എംഎൽഎമാരിൽ നിന്ന് തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് നിലവിൽ ഹൈക്കമാൻഡ് തീരുമാനം.
പ്രതിഭയെ മുഖ്യമന്ത്രിയാക്കിയാൽ സംസ്ഥാനത്ത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരും. നിലവിൽ എംപിയായ പ്രതിഭ രാജിവെക്കുന്ന ഒഴിവിലും മറ്റൊന്ന് എംഎൽഎ സ്ഥാനത്തേക്കും.

പക്ഷെ ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വിജയിക്കാനാകുമെന്ന് യാതൊരു ഉറപ്പും ഇല്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് തീരുമാനം. പകരം പ്രതിഭാ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിന് ക്യാബിനറ്റ് പദവി നൽകുമെന്നാണ് വിവരം. 25 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് പ്രതിഭാ സിംഗ് അവകാശപ്പെടുന്നുണ്ടെങ്കിലും ഹൈക്കമാൻഡ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. പ്രതിഭാ സിംഗിനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അവരുടെ അനുയായികൾ ഇന്നലെ രംഗത്തെത്തിയിരുന്നു.

എഐസിസി നിരീക്ഷകൻ ഭൂപേഷ് ഭാഗേലിന്റെ വാഹനം തടഞ്ഞായിരുന്നു അനുയായികളുടെ പ്രതിഷേധം. ഇതോടെയാണ് ഇവരെ മാറ്റിനിർത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തീരുമാനിക്കുമെന്ന് പാർട്ടിയുടെ സംസ്ഥാന ചുമതലയുളള നേതാവ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു.