രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.

1950നും 2015നും ഇടയില്‍ ഹിന്ദു ജനസംഖ്യ എട്ട് ശതമാനത്തോളം കുറഞ്ഞപ്പോൾ മുസ്ലിങ്ങളുടെ ജനസംഖ്യ 4.3 ശതമാനത്തോളം വളര്‍ന്നതായും ഈ പഠനം പറയുന്നു. മുസ്ലിങ്ങളുടെ ജനസംഖ്യ ഇക്കാലയളവില്‍ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനത്തിലേക്കാണ് ഉയര്‍ന്നിട്ടുള്ളത്.

1950ല്‍ 84 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ , 2015ല്‍ എത്തിയപ്പോൾ 78 ശതമാനമായി കുറഞ്ഞു. എന്നാൽ ന്യൂനപക്ഷങ്ങളായ ബുദ്ധിസ്റ്റ്, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ എന്നിവരുടെ ജനസംഖ്യ ഉയര്‍ന്നു. അതേ സമയം ന്യൂനപക്ഷങ്ങളായ പാഴ്സികള്‍, ജെയിന്മാര്‍ എന്നിവരുടെ ജനസംഖ്യ കുറഞ്ഞു. ക്രിസ്ത്യാനികളുടെ ജനസംഖ്യ 5.38 ശതമാനം ഉയര്‍ന്നു. സിഖുകാര്‍ 6.58 ശതമാനം വളര്‍ന്നു.

മ്യാന്‍മറിലെ ഹിന്ദു ജനസംഖ്യയില്‍ 10 ശതമാനം ഇടിവുണ്ടായി. നേപ്പാളിലാകട്ടെ ഹിന്ദുക്കളുടെ എണ്ണത്തില്‍ 3.6 ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ മുസ്ലിം ജനസംഖ്യയും വര്‍ധിച്ചു.