രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് പോയി, റായ്ബറേലിയിൽ നിന്ന് ഇനി നേരെ ഇറ്റലിയിലേക്ക് , വിമർശിച്ച് അമിത് ഷാ

ലക്നൗ: രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് പോയി, അവിടെ നിന്നും റായ്ബറേലിയിലെത്തി, റായ്ബറേലിയിൽ നിന്ന് ഇനി നേരെ ഇറ്റലിയിലേക്ക് പോകും. രാഹുലിന്റെ രാഷ്‌ട്രീയ പക്വതയില്ലായ്മയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

രാഹുൽ പാകിസ്താന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അതിനാലാണ് അയൽ രാജ്യങ്ങളിലെ നേതാക്കൾ രാഹുലിനെ പ്രശംസിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിയിലെ ഹർദോയിൽ നടന്ന മഹാറാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമർശിച്ചത്. 2021ൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ അനാച്ഛാദന സമയത്താണ് ജിന്നയെ മ​ഹാനായ നേതാവെന്ന് മുൻ യുപി മുഖ്യമന്ത്രി പുകഴ്‌ത്തിയത്. അഖിലേഷ് യാദവ് ചരിത്രം വായിച്ച് പഠിക്കണമെന്ന് അമിത്ഷാ ഉപദേശിച്ചു. ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദി ജിന്നയാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയം കൊണ്ടാണ് അഖിലേഷ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ഇത്തരക്കാർക്ക് വോട്ട് നൽകണോയെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡ്യ അംഗങ്ങളുടെ അഴിമതിയുടെ 12 ലക്ഷം കോടിയാണ്, അതേസമയം രാജ്യത്ത് നടക്കുന്ന ചെറിയ അഴിമതിക്ക് പോലും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താൻ ആർക്കും കഴിയില്ല. ഈ തെരഞ്ഞെടുപ്പോടെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പൂർണമായും ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു.