Home social issues ജോലി നേടാൻ സഹായിച്ചിരുന്ന ലിങ്ക്ഡ് ഇൻ സ്വന്തം ജോലിക്കാരെ പിരിച്ചു വിടുന്നു, 716 പേരെ പിരിച്ചു...

ജോലി നേടാൻ സഹായിച്ചിരുന്ന ലിങ്ക്ഡ് ഇൻ സ്വന്തം ജോലിക്കാരെ പിരിച്ചു വിടുന്നു, 716 പേരെ പിരിച്ചു വിടും

ജോലി നേടാൻ ആളുകളെ സഹായിക്കുന്ന ലിങ്ക്ഡ് ഇൻ സ്വന്തം ജോലിക്കാരെ പിരിച്ചു വിടുന്നു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇൻ ഉം പിരിച്ചു വിടൽ തുടങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കൾക്ക് ജോലി കണ്ടെത്താൻ സഹായകമായ ഈ പ്ലാറ്റ്ഫോമിലെ 716 ആളുകൾക്കാണ് ഒറ്റയടിക്ക് തൊഴിൽ നഷ്ടപ്പെടാൻ പോകുന്നത്. ചിലവ് വർധിച്ചതാണ് തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കമ്പനിയിലെ സെയിൽസ്, സപ്പോർട്ട്, ഓപ്പറേഷൻസ് ടീമുകളിലെ ജോലിക്കാർക്കാണ് പിരിച്ചു വിടൽ കൂടുതലും. വർധിച്ച കമ്പനിയുടെ ചിലവുകൾ കുറയ്ക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. കമ്പനി ആദ്യ ഘട്ട പിരിച്ചു വിടൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രധാനമായും റിക്രൂട്ടിങ് വിഭാഗത്തിലെ ജീവനക്കാരെയാണ് ബാധിച്ചത്. കമ്പനിക്ക് ഏകദേശം 20,000 ജോലിക്കാരാണ് ആകെയുള്ളത്. കഴിഞ്ഞ രണ്ട് പാദങ്ങളിലും വരുമാനം വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പിരിച്ചു വിടൽ എന്നാണു പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

കമ്പനിയുടെ പ്രവർത്തനങ്ങളെ ശരിയായ വിധത്തിലാക്കാനാണ് നിലവിലെ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് കമ്പനി സിഇഒ റയാൻ റൊസലൻസ്കി ജോലിക്കാർക്ക് നൽകിയിരിക്കുന്ന കത്തിലൂടെ വ്യക്തമാക്കുന്നു. കമ്പനിയിലെ ചില ലെയറുകൾ മാറ്റി പെട്ടെന്നുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ സാഹചര്യമൊരുക്കാനാണ് ഉദ്ദേശം. കമ്പനിയിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും നിലവിൽ ജോലി നഷ്ടപ്പെടുന്നവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിപണിയും, ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുള്ള ഡിമാൻഡും അസ്ഥിരമായ അവസ്ഥയിലാണ്. ആഗോള തലത്തിലുള്ള വിപണിയിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടുലുകൾ നടത്തുവാൻ കമ്പനി ലക്ഷ്യമിടുന്നു. ഇതിനായി വെണ്ടർമാരുടെ സേവനം വർധിപ്പിക്കാനാണ് കമ്പനി ഇനി ശ്രമിക്കുക.

ചൈനയിലെ വിപണി ലക്ഷ്യം വെച്ചിറക്കിയ InCareers. LinkedIn എന്ന ആപ്ലിക്കേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാനും കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഈ ആപ്ലിക്കേഷന്റെ പേജിൽ 2023 ആഗസ്റ്റ് 9 വരെ മാത്രമേ പ്രവർത്തനമുള്ളൂ എന്ന അറിയിപ്പ് വന്നു കഴിഞ്ഞു. എന്നാൽ കമ്പനികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ചൈനയിലെ തങ്ങളുടെ സാന്നിദ്ധ്യം തുടരുമെന്ന് ലിങ്ക്ഡ് ഇൻ അറിയിച്ചിട്ടുണ്ട്.