ജപ്പാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: ജപ്പാനിലെ ഷികോകു ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. രാത്രി 11:14 ന് ഉണ്ടായ ഭൂകമ്പത്തിൽ സുനാമി ഭീഷണിയോ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളൊന്നുമില്ല.

ബുധനാഴ്ച രാത്രിയോടെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ശേഷം നിരവധി തവണ തുടർ ഭൂചലനങ്ങളുമുണ്ടായിരുന്നു. ഇത് റിക്ടർ സ്കെയിലിൽ 4.3, 3.1, 5.0 എന്നിങ്ങനെ രേഖപ്പെടുത്തി.

ബും​ഗോ ചാന്നെൽ ഏരിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ പടിഞ്ഞാറൻ ജപ്പാനിലാകെ അനുഭവപ്പെട്ടിരുന്നു. ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇതിനിടെ ഇന്തോനേഷ്യയിലെ റുവാങ്ങ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 800ഓളം പേരെ ഒഴിപ്പിച്ചിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പുണ്ട്. പർവ്വത ചെരുവുകളിലൂടെ ലാവ പുറത്തേക്കൊഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് തവണയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.