സ്ഡിനിയിൽ വീണ്ടും ആക്രമണം, പള്ളിയിൽ പ്രസം​ഗിക്കുകയായിരുന്ന ബിഷപ്പിനെ കുത്തിക്കൊല്ലാൻ ശ്രമം, യുവാവ് അറസ്റ്റിൽ

കാൻബെറ: ഓസ്ട്രേലിയയിൽ പള്ളിയിൽ പ്രസം​ഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമം. യുവാവ് അറസ്റ്റിൽ
സിഡ്നിയിൽ നിന്നും 30 കിലോമീറ്റർ മാറി വാക്കേലിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ​ഗുഡ് ഷെപ്പേർഡ് പള്ളിയിലെ ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് കുത്തേറ്റത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിന്റെ ആക്രമണത്തിൽ പള്ളിയിലുണ്ടായിരുന്ന മറ്റ് ചിലർക്കും പരിക്കേറ്റിട്ടുണ്ട്. പള്ളിയിൽ ഒത്തുകൂടിയ വിശ്വാസികൾക്ക് മുൻപിൽ പ്രസം​ഗിക്കുകയായിരുന്ന ബിഷപ്പിനടുത്തെത്തിയ യുവാവ് കത്തി ഉപയോ​ഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. ബിഷപ്പിന്റെ മുഖത്തും കഴുത്തിലും പരിക്കേറ്റു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും പ്രസിദ്ധരായ ബിഷപ്പുമാരിൽ ഒരാളാണ് ആക്രമണത്തിന് ഇരയായ മാർ മാറി ഇമ്മാനുവൽ. ടിക്ടോക്കിലും മറ്റ് സമൂഹ മാദ്ധ്യമ പ്ലാറ്റ് ഫോമുകളിലും വൈറലായ താരം കൂടിയാണ് ഇദ്ദേഹം.

സിഡ്നിയിൽ കഴിഞ്ഞ ദിവസം മറ്റൊരു ആക്രമണം നടന്നിരുന്നു. ഷോപ്പിം​ഗ് മാളിലെത്തിയ അക്രമി സാധാരണക്കാരെ കുത്തിവീഴ്‌ത്തുകയായിരുന്നു. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു. ആക്രമണത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.