ദുബായിൽ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു, മലയാളികളടക്കം നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു

ദുബായ്: ദുബായിലെ മുഹൈസിന 4 ലെ ബഹുനില ടവര്‍ ഒരു വശത്തേക്ക് ചെരിഞ്ഞതിനെ തുടര്‍ന്ന് 100 ലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. മലയാളികള്‍ അടക്കമുള്ളവരെയാണ് ഒഴിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി 8:30 ഓടെ ഭൂചലനത്തിന് സമാനമായ ഒരു കുലുക്കം അനുഭവപ്പെടുകയായിരുന്നു എന്ന് കെട്ടിടത്തിലെ താമസക്കാര്‍ പറയുന്നു.

108 അപ്പാര്‍ട്ട്മെന്‍റുകളുള്ള കെട്ടിടമായിരുന്നു. കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞതായി റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും സ്ഥലത്തെത്തി.

തുടർന്ന്, താമസക്കാരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംഭവത്തില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും അറിയിച്ചു. യു എ ഇയില്‍ അടുത്തിടെ പെയ്ത കനത്ത മഴയില്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയതായി വാടകക്കാര്‍ പറയുന്നു.

കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു. കനത്ത മഴയുടെ അനന്തര ഫലമായാണ് കെട്ടിടം ചെരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം.