Home kerala അവയവ കച്ചവടം, ലേക്ക്‌ക്ഷോർ ആശുപത്രിയിലേയ്‌ക്ക് നടത്തിയ യുവമോർച്ച മാർച്ചിന് നേരെ ലാത്തിവീശി പോലീസ്, പ്രതിഷേധക്കാരെ അടിച്ചമർത്താൻ...

അവയവ കച്ചവടം, ലേക്ക്‌ക്ഷോർ ആശുപത്രിയിലേയ്‌ക്ക് നടത്തിയ യുവമോർച്ച മാർച്ചിന് നേരെ ലാത്തിവീശി പോലീസ്, പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമം

എറണാകുളം : ലേക്ക്‌ക്ഷോർ ആശുപത്രിയിലേയ്‌ക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ്ജും, ജലപീരങ്കിയും, മർദനവും. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണയ്‌ക്കും പോലീസിന്റെ മർദനമേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശിന്റെ സ്വകാര്യഭാഗങ്ങളിൽ ലാത്തി കൊണ്ട് കുത്തി. ലേക്ക്‌ഷോർ ആശുപത്രിയ്‌ക്കെതിരെയുള്ള യുവജന സമരങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് ഉയരുന്ന വിമർശനം.

സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ പ്രകോപനങ്ങളില്ലാതെ പോലീസ് ലാത്തിവീശുകയായിരുന്നു. അവയവ കച്ചവട പരാതിയിൽ സമഗ്ര അന്വേഷണവും, കുറ്റക്കാരായ ഡോക്ടർമാരെ അയോഗ്യരാക്കണമെന്നും അവശ്യപ്പെട്ടായിരുന്നു മാർച്ച് നടത്തിയത്. ഹോസ്പിറ്റൽ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ശേഷം സമരക്കാരെ പോലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അധികാരത്തിന്റെ ബലത്തിൽ എന്ത് നെറികേടിനും കൂട്ട് നിൽക്കുന്ന സംസ്ഥാന സർക്കാരും പോലീസും ഈ നാടിനും നാട്ടുകാർക്കും അപമാനവും ആപത്തുമാണെന്ന് പ്രഫുൽകൃഷണ പ്രതികരിച്ചു.