പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

ആലപ്പുഴ: പ്രസവത്തെ തുടർന്നുണ്ടായ അണുബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവത്തെ തുടർന്നാണ് ഷിബിനയ്‌ക്ക് അണുബാധയേറ്റതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് യുവതി മരണപ്പെട്ടത്. ഷിബിനയുടെ മരണത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി ഉപരോധിച്ച് രംഗത്തെത്തി. പൊലീസും ബന്ധുക്കളും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലാണ് കലാശിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ പറഞ്ഞു. ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്. ഒരാഴ്ച മുൻപ് നില മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുൻപ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നൽകുന്ന വിശദീകരണം.