Home kerala സുൾഫിക്കറിൻ്റെ മൃതദേഹം ഞങ്ങൾക്ക് വേണ്ടെന്ന് കുടുംബം

സുൾഫിക്കറിൻ്റെ മൃതദേഹം ഞങ്ങൾക്ക് വേണ്ടെന്ന് കുടുംബം

പാകിസ്ഥാനിലെ കറാച്ചിയിലെ ജയിലില്‍ മരണപ്പെട്ട പാലക്കാട് സ്വദേശി സുല്‍ഫിക്കര്‍ (48) ന്റെ മൃതദേഹം ഞങ്ങൾക്ക് വേണ്ടെന്ന് കുടുംബം. പാകിസ്ഥാൻ പൊലീസിൻ്റെ പിടിയിലായ കപ്പൂര്‍ സ്വദേശി സുല്‍ഫിക്കര്‍ (48) ആണ് മരണപ്പെട്ടത്. കുറച്ചുകാലമായി സുൽഫിക്കറിനെ സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നും കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടു എന്ന വാർത്ത അറിയുന്നതെന്നും കുടുംബം പറയുന്നു.

മൃതദേഹം ഏറ്റുവാങ്ങാന്‍ താല്‍പര്യമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സുൾഫിക്കർ ജീവിച്ചിരിക്കുന്നു എന്ന വിവരം ലഭിക്കുന്നതു തന്നെ. ഐഎസിൽ ചേർന്നു എന്ന തരത്തിലൊക്കെ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് മുതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിമുഖത കാട്ടുന്നതെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് പാക് സൈന്യം സുല്‍ഫിക്കറിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് കോടതിയില്‍ ഹാജരാക്കി കറാച്ചിയിലെ ജയിലിലടക്കുകയായിരുന്നു. അബുദാബിയിൽ ഡ്രെെവറായി ജോലി ചെയ്തു വരികയായിരുന്നു സുൾഫിക്കർ 2018ലാണ് അവസാനമായി നാട്ടിലെത്തുന്നത്. ആ സമയത്ത് തിരിച്ചു പോയതിനു പിന്നാലെ സുൾഫിക്കറിനെ സംബന്ധിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

കുടുംബക്കാർ ഗൾഫിലുള്ള പരിചയക്കാരെ ഉപയോഗിച്ചും മറ്റു വഴികളിലൂടെയും സുൾഫിക്കറിനെ പറ്റി അന്വേഷിച്ചിരുന്നു. എന്നാൽ യാതൊരു വിവരവും കിട്ടിയിരുന്നില്ല. തിരിച്ചു പോയതിനു ശേഷം കുറച്ചു നാൾ ബന്ധമുണ്ടായിരുന്നെ ങ്കിലും പിന്നീട് ആ ബന്ധം അവസാനിക്കുകയായിരുന്നു എന്നാണ് കുടുംബക്കാർ പറയുന്നത്.

ഇതിനിടെ സുള്‍ഫിക്കര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വിധത്തിൽ വീട്ടില്‍ വിവരം കിട്ടിയിരുന്നു. എന്നാൽ ഇതിൻ്റെ സത്യാവസ്ഥ അറിയില്ലെന്നാണ് കുടുംബം പറയുന്നത്. നേരത്തെ, ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് കഴിഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഭാര്യയുമായി പിണങ്ങി. അതിനുശേഷമാണ് സുൾഫിക്കർ നാട്ടിലേക്ക് വരികയായിരുന്നു – നാട്ടുകാര്‍ പറയുന്നു. അതേസമയം പഞ്ചാബ് അതിര്‍ത്തിയില്‍ വെച്ച് മൃതദേഹം പാകിസ്ഥാൻ അധികൃതർ കെെമാറുമെന്നാണ് വിവരം. ചൊവ്വാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.