Home kerala RJ രാജേഷ് വധക്കേസ്, രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച് കോടതി

RJ രാജേഷ് വധക്കേസ്, രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച് കോടതി

തിരുവനന്തപുരം: രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അഡി.സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി. രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കുമാണ് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. ഇവര്‍ ആയുധമുപയോഗിച്ച് കുറ്റകൃത്യം നടത്തിയതിന് 10 വര്‍ഷം കഠിന തടവ് വേറെ അനുഭവിക്കണം.

10 വര്‍ഷം കഠിന തടവ് അനുഭവിച്ച ശേഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ പിടികൂടാനായിട്ടില്ല. ഇയാളെ കോടതിയില്‍ ഹാജരാക്കത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ ഖത്തറില്‍ കേസില്‍പ്പെട്ട് യാത്രാ വിലക്കുള്ളതിനാൽ ഹാജരാക്കാൻ ആയില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിശദീകരണം.

2018 മാര്‍ച്ച് 27ന് പുലര്‍ച്ചെ 2.30നാണ് മടവൂര്‍ ജംക്ഷനില്‍ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാര്‍ഡിങ് സ്റ്റുഡിയോയിൽവെച്ച് രാജേഷൈൻ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന് (50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു. റേഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016ല്‍ ഖത്തറില്‍ ജോലി ലഭിച്ചിരുന്നു. ഖത്തറിലായിരുന്നപ്പോള്‍ അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.