കസ്റ്റഡിയിലെടുത്ത പ്രതികളെ ബന്ധുക്കൾ പോലീസ് വാഹനം തടഞ്ഞ് രക്ഷിച്ചു, പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി. തിരുവനന്തപുരം പുതുക്കുറിച്ചിയിൽ അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോൾ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിയിൽ രാത്രി 7 മണിയോടെയാണ് സംഭവം.

സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതികൾ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പുതുക്കുറിച്ചിയിലായിരുന്നു സംഭവം. കഠിനംകുളം സ്റ്റേഷനിലെ എസ്.ഐ.മാരായ ഷിജു, ഷാ, സീനിയർ സി.പി.ഒ അനീഷ്, ഡ്രൈവർ സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരു സംഘങ്ങൾ തമ്മിൽ മദ്യപാനത്തെ തുടർന്ന് തർക്കമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ സ്ഥലത്തെത്തിയത്. തുടർന്ന് കഠിനംകുളം പഞ്ചായത്തംഗം കബീറിന്റെ മക്കളായ നബിനെയും കൈഫിനെയും കസ്റ്റഡിയിലെടുത്തെങ്കിലും ഇവരുടെ ബന്ധുക്കൾ പൊലീസുകാരെ ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു.