മേയർ – ഡ്രൈവർ തർക്കം, കെ.എസ്.ആർ.ടി.സി ബസിലെ ഡി.വി.ആറിൽ മെമ്മറി കാർഡില്ല

മേയർ- ഡ്രൈവർ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഓടിച്ച ബസ് പൊലീസ് പരിശോധിച്ചു. ബസിനുള്ളിലെ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും ഡി.വി.ആറിൽ മെമ്മറി കാർഡില്ല. ഇതോടെ ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു.

ടെക്‌നീഷ്യന്റെ സഹായത്തോടെയാണ് ഡി.വി.ആർ കണ്ടെത്തിയത്. 64 ജി.ബിയുടെ ഒരു മെമ്മറി കാർഡ് ഡി.വി.ആറിൽ ഉണ്ടാവേണ്ടതാണ്. മെമ്മറി കാർഡ് ആദ്യം മുതലേ ഇല്ലായിരുന്നോ അല്ലെങ്കിൽ ആരെങ്കിലും എടുത്ത് മാറ്റിയതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ബസിനുള്ളിൽ കയറി സച്ചിൻ ദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടോ എന്നതിനുള്ള നിർണായകമായ തെളിവുകളാണ് ഇതോടെ ലഭിക്കാതായത്. ഇതോടെ യദു നൽകിയ പരാതിയിൽ നടപടി അനിശ്ചിതത്വത്തിലാണ്.

മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്.