Home trending അവൾ വേദനിക്കുന്നത് കണ്ട് കരള് വിങ്ങി രണ്ട് അമ്മമാരും നോക്കി നിന്നു, അവളെ ചേർത്തു പിടിച്ചു,...

അവൾ വേദനിക്കുന്നത് കണ്ട് കരള് വിങ്ങി രണ്ട് അമ്മമാരും നോക്കി നിന്നു, അവളെ ചേർത്തു പിടിച്ചു, കുറിപ്പ്

മരുമകളെ സ്വന്തം അമ്മ നോക്കുന്നതു പോലെ അമ്മായി അമ്മയ്ക്ക് നോക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ റാണി നൗഷാദ്. മകളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയപ്പോഴുള്ള സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് റാണിയുടെ കുറിപ്പ്. ഞങ്ങൾ പ്രസവിച്ചപ്പോൾ അനുഭവിച്ച വേദനകൾ അവളുടെ നിലവിളിക്കും വേദനക്കും മുന്നിൽ ഞങ്ങൾ മറന്നുപോയി. അവൾ വേദനിക്കുന്നത് കണ്ട് കരള് വിങ്ങി രണ്ട് അമ്മമാരും നോക്കി നിന്നു…..അവളെ ചേർത്തു പിടിച്ചു. അവളുടെ നെറ്റിയിലും മൂക്കിലും പൊടിഞ്ഞ വിയർപ്പൊപ്പി….ഒടുവിൽ വെളുപ്പിന് 3.45-ന് സിസേറിയൻ ചെയ്യേണ്ടി വന്നു. അങ്ങനെ അവൾ ഒരു പെൺകുഞ്ഞിന്റെ അമ്മയായെന്ന് കുറിപ്പിൽ പറയുന്നു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മോളുടെ പ്രസവത്തോടടുത്ത ദിവസങ്ങളിൽ ആയിരുന്നു അതായത് ഒൻപതാം മാസത്തിൽ…..ദോശ ഉണ്ടാക്കുന്നതിനിടയിൽ സബൂറയുടെ ഒരോഞ്ഞ ചോദ്യം.സിലുമോളെ റാണി മാഡം ഇനി എത്ര നോക്കിയെന്നു പറഞ്ഞാലും അവളുടെ തള്ള നോക്കുമ്പോലെ വരുമോന്ന്…??ഇന്ന് ഇതെഴുതുമ്പോൾ പോലും ആ വാക്കുകൾ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു.അന്ന് സബൂറ ആ ചോദ്യം എന്നോട് ചോദിച്ച ദിവസവും ഞാൻ ഒരുപാട് സങ്കടപ്പെട്ടു…ചില വാക്കുകൾ അങ്ങനെയാണ്. നന്നായി നോവിക്കും….പക്ഷേ അന്ന് അതൊക്കെ കേട്ട് സങ്കടം തോന്നിയെങ്കിലും ഓരോന്ന് പറഞ്ഞു പറഞ്ഞ് സ്വയം സമാധാനിച്ചു….ഞാൻ നോക്കുന്നതിനോളം അവളെ മറ്റാർക്കും നോക്കാൻ ആവില്ലെന്നും , അത്‌ എനിക്ക് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ഞാൻ ഒരു ഭ്രാന്തിയെപ്പോലെ പറഞ്ഞുകൊണ്ടേയിരുന്നു…അതെ ഞാനും എന്റെ മനസാക്ഷിയും മാത്രം മതി അതിനു സാക്ഷികളായി….എന്റെ മോൾക്കും ചിലപ്പോൾ അതിന്റെവ്യാപ്തി അറിയാൻ കഴിഞ്ഞെന്നു വരില്ല.കാര്യം അതു തുലനം ചെയ്യേണ്ട കാര്യം അവൾക്കില്ലല്ലോ…!അല്ലെങ്കിൽ തന്നെ അമ്മമാർ സ്നേഹിക്കുന്നത് മക്കൾ അളന്നു നോക്കേണ്ടതെന്തിനാണ്….അവളെ കല്യാണം കഴിച്ചു വന്ന സമയത്താണ്, പല്ലിൽ ക്ലിപ് ഇടാൻ വേണ്ടി അടുത്തുള്ള ഡെന്റൽ ക്ലിനിക്കിൽ കൊണ്ടുപോയി. ക്ലിപ് ഇടുന്നതിന്റെ മുന്നോടിയായി പല്ല് ഇളക്കേണ്ടതുണ്ടല്ലോ. ആ സമയത്ത് മോണയിൽ ഇൻജെക്ഷൻ കൊടുത്തു പല്ലിളക്കി. ആ നേരമെല്ലാം ഞാൻ മോളോടൊപ്പം നിൽപ്പുണ്ട്. എല്ലാം കഴിഞ്ഞ് പുറത്തേയ്ക്ക് നടക്കുന്നതിനിടയിൽ അവൾ എന്റെ തോളിലേക്ക് ചായുന്നു. ഞാൻ നോക്കുമ്പോൾ ആ ഉണ്ടക്കണ്ണുകളിൽ നിന്ന് മുത്തുമണികൾ പോലെ കണ്ണീർ പൊഴിയുന്നു. അന്നേ ചേർത്തു പിടിച്ചതാണ്….

പിന്നീട് പ്രസവവുമായി ബന്ധപ്പെട്ട് അവളുടെ ഡോക്ടർ പ്രസന്ന വേണുഗോപാൽ എന്നോട് ഒരു ചോദ്യം ചോദിച്ചു. മോൾ വേദനയൊക്കെ സഹിക്കുന്ന കൂട്ടത്തിൽ ആണോന്ന്…??ആ ചോദ്യത്തിന് അവൾ എന്റെ മുഖത്തു നോക്കുന്നതിനു മുന്നേതന്നെ ഞാൻ മറുപടി പറഞ്ഞു. ഇല്ല ഡോക്ടർ എന്റെ മോൾക്ക്‌ വേദന ഒട്ടും സഹിക്കാൻ കഴിയില്ലെന്ന്…!!!ഡോക്ടർ അപ്പോൾ തന്നെ അവളെ സമാധാനിപ്പിച്ചു.പേടിക്കണ്ട നമുക്ക് പെയിൻലസ് ഡെലിവറി ട്രൈ ചെയ്യാമെന്ന്. Epidural ചെയ്യാമെന്ന്….അതെ….ഞാൻ എന്റെ മകനെ,,,അവളുടെ ഭർത്താവിനെ പ്രസവിച്ച കഥ പറഞ്ഞു നിർത്തിയ ഇടത്തുനിന്നും അവൾ പുതിയ കഥ പറഞ്ഞു തുടങ്ങണം.അവളുടെ സ്വന്തം കഥ. അവളുടെ മോൾക്ക്‌ വേണ്ടി അവൾ അലമുറ ഇട്ട കഥ…അവളെ അവിടെയും ഒറ്റയ്ക്കു വിടാൻ എനിക്ക് കഴിഞ്ഞില്ല.

ഞാൻ ഡോക്ടറോട് birthing suit ഡെലിവറി room വേണമെന്ന് പറഞ്ഞു. അവളുടെ ഭർത്താവായ എന്റെ മകനും ഞാനും മോളുടെ മമ്മിയും സിസ്റ്ററും ഒക്കെ മാറി മാറി അവളോടൊത്ത് നിന്നു. രാത്രി ഒൻപതു മണിക്ക് ഫ്ലൂയിഡ് ബ്രേക്ക്‌ ആയി. ആ സമയം ഞാനും മോളും മാത്രം.അപ്പോൾ തന്നെ അവളെ ഡെലിവറി റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. ഇൻജെക്ഷൻ കൊടുത്തു. ഫ്ലൂയിഡ് കൊടുത്തു. പെയിൻ തുടങ്ങി epidural ചെയ്തു. പക്ഷേ ഡെലിവറി മാത്രം നടന്നില്ല. ഞങ്ങൾ എല്ലാരും അവൾക്ക് ചുറ്റും മാറി മാറി നിൽക്കുമ്പോഴും അവൾ കഷ്ടപ്പെടുന്നുണ്ടായിരുന്നു…അവൾ കരയുമ്പോൾ എനിക്കിത് വേണ്ട മമ്മീന്നും ഉമ്മീന്നും നിലവിളിച്ചു കൊണ്ടിരുന്നു. നോർമൽ ഡെലിവറി ആഗ്രഹിച്ചിരുന്നവൾ ഒടുവിൽ സിസേറിയൻ ചെയ്തോളൂ എന്ന് അലറിക്കരഞ്ഞു.ഞങ്ങൾ പ്രസവിച്ചപ്പോൾ അനുഭവിച്ച വേദനകൾ അവളുടെ നിലവിളിക്കും വേദനക്കും മുന്നിൽ ഞങ്ങൾ മറന്നുപോയി. അവൾ വേദനിക്കുന്നത് കണ്ട് കരള് വിങ്ങി രണ്ട് അമ്മമാരും നോക്കി നിന്നു…..അവളെ ചേർത്തു പിടിച്ചു. അവളുടെ നെറ്റിയിലും മൂക്കിലും പൊടിഞ്ഞ വിയർപ്പൊപ്പി….ഒടുവിൽ വെളുപ്പിന് 3.45-ന് സിസേറിയൻ ചെയ്യേണ്ടി വന്നു. അങ്ങനെ അവൾ ഒരു പെൺകുഞ്ഞിന്റെ അമ്മയായി….പലരും ചോദിച്ചു.‌

പ്രസവിക്കാൻ അവിടെ അവളുടെ വീട്ടിൽ വിടാത്തതെന്താന്ന്,,,അതിന് വ്യക്തമായ ഒരുത്തരം എന്റെ പക്കലില്ല….ചിലപ്പോൾ എനിക്ക് കുറച്ചു കൂടുതലായി അവളെ നോക്കാനായേക്കും എന്ന തോന്നലാകാം…അതുമല്ലെങ്കിൽ എന്റെ തിരക്കുകൾ കൊണ്ട് എനിക്ക് ഓടിയെത്താൻ കഴിയാത്ത വിധത്തിൽ എന്തെങ്കിലും ബുദ്ദിമുട്ടുകൾ നേരിട്ടുപോകുമോ എന്ന് ഞാൻ ഭയന്നിരിക്കാം,ഞാൻ വഴി അവൾക്ക് കൂടുതൽ അറ്റെൻഷൻ കിട്ടാൻ ഞാൻ നിൽക്കുന്ന എന്നെ അറിയുന്ന എന്റെ ചുറ്റുവട്ടത്തെ ഒരു ഡോക്ടർക്ക് കഴിയും എന്ന എന്റെ വിശ്വാസമാകാം….!!!അല്ലാതെ ഒരു ദുരുദ്ദേശവും അതിന്റെ പിന്നിലില്ല എന്നു പറഞ്ഞു പോകുന്നു…എന്റെ പ്രസവം കഴിഞ്ഞ് മൂന്നാം ദിവസമാണ് എന്റെ ഭർത്താവിന്റെ ഉമ്മ എന്നെ കാണാൻ വന്നത്…അതിനും നമുക്ക് ചോദ്യങ്ങൾ ചോദിക്കാം….അവരുടെ എഴുപത്തിയഞ്ചാം വയസിലും എനിക്കാ ഉമ്മയെ ഇതൊക്കെ പറഞ്ഞു നൊമ്പരപ്പെടുത്താം….

ഞാൻ ഇങ്ങനെ എന്തിനു ചെയ്തു ആ കുട്ടിക്ക് അവളുടെ വീട്ടിൽ നിൽക്കാൻ ആയിരിക്കില്ലേ കൂടുതൽ ഇഷ്ടം,,,, എന്ന ചോദ്യങ്ങളും നിങ്ങൾക്ക് ചോദിക്കാം…അതെ, ചോദിച്ചുവല്ലോ!!!!കൂടുതൽ ഡെക്കറേഷനൊന്നും ഇല്ലാതെ പറഞ്ഞാൽ,പത്തുമാസം ചുമന്ന കഥയും ഒരു കഥ തന്നെയാണ്….നൊന്തു പെറ്റവൾക്ക് അവളുടെ മക്കളോട് ഭർത്താവിനോട് ഒരായിരം വട്ടം പറയാനുള്ള കഥ….അതിനെ ഇമോഷണൽ ബ്ലാക്ക്മെയിൽ എന്നോ ടോർച്ചറിങ് എന്നോ തള്ളെന്നോ എന്തു വേണമെങ്കിലും കേൾക്കുന്നവർക്ക് പറയാം….ഈ പിറന്നാൾ ദിനത്തിൽ അവൾക്ക് ഞങ്ങളല്ല സമ്മാനം കൊടുത്തത്, അവൾ ഞങ്ങൾക്കായിരുന്നു അത്‌ നൽകിയത്….അമൂല്യമായൊരു സമ്മാനം…!!!!ഒരു മകളെ റുവയെന്ന മാലാഖയെ!!!!

റാണിനൗഷാദ്