Home kerala കള്ളപ്പണക്കേസുകൾ കുമിഞ്ഞു കൂടുന്നു, തിരുവനന്തപുരത്ത് ഇഡി ഓഫീസിനു ശുപാർശ.

കള്ളപ്പണക്കേസുകൾ കുമിഞ്ഞു കൂടുന്നു, തിരുവനന്തപുരത്ത് ഇഡി ഓഫീസിനു ശുപാർശ.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരിനും പല ഉന്നതന്മാര്‍ക്കും മുകളിലൂടെ ഇഡി വട്ടമിട്ട് പറക്കുകയാണ്. തീര്‍ന്നില്ല മോന്‍സണ്‍, കിഫ്ബി, ചന്ദ്രിക, ബിലീവേഴ്സ്, സി.എസ്.ഐ., കര്‍ദിനാള്‍ ഭൂമിയിടപാട് തുടങ്ങി കള്ളപ്പണ കേസുകള്‍ കേരളത്തിൽ കൂടി കൂടി വരുന്നു. ഇവയൊക്കെ അന്വേഷിക്കാന്‍ കൊച്ചി സംഘം വല്ലാതെ കഷ്ടപ്പെടും. അതുകൊണ്ട് തലസ്ഥാനത്തും ഒരു യൂണിറ്റ് വേണമെന്നാണ് ശുപാര്‍ശ.

രണ്ടു വര്‍ഷത്തിനിടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ കേരളത്തില്‍ ഇരട്ടിയോളമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഇഡി കേന്ദ്ര ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലായി 15 പുതിയ യൂണിറ്റുകള്‍ തുടങ്ങാനാണ് ഇ.ഡി. ഉദ്ദേശിച്ചിരിക്കുന്നത്.

കേരളത്തില്‍ നേരത്തെ തിരുവനന്തപുരത്തായിരുന്നു ഇ.ഡി. യൂണിറ്റ് ഉണ്ടായിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്ന സ്ഥലം എന്ന നിലയില്‍ അത് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ജോയിന്റ് ഡയറക്ടറും നാല് ഡെപ്യൂട്ടി ഡയറക്ടര്‍മാരുമാണ് കൊച്ചി യൂണിറ്റില്‍ ഉള്ളത്. നിലവില്‍ കൊച്ചിയിലെ പ്രധാന ഓഫീസിന് പുറമേ കോഴിക്കോട്ട് ഇ.ഡി. ഉപയൂണിറ്റുമുണ്ട്. അടുത്ത കാലത്തായി കേരളത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിനു കീഴില്‍ വരുന്ന നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

വിദേശനാണയ വിനിമയവുമായി ബന്ധമുള്ള കേസുകളാണു കൂടുതലും. സ്വര്‍ണക്കടത്ത് – ലൈഫ് മിഷന്‍ ഇടപാടുകള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും ഇ.ഡി. യൂണിറ്റില്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസ്, കിഫ്ബി, ചന്ദ്രിക, ബിലീവേഴ്സ് ചര്‍ച്ച്, സി.എസ്.ഐ. ചര്‍ച്ച്, കര്‍ദിനാള്‍ ഭൂമിയിടപാട് കേസ്, മുട്ടില്‍ മരംമുറി തുടങ്ങിയ കേസുകളില്‍ പലതും തിരുവനന്തപുരത്തും അന്വേഷിക്കേണ്ടതാണ്. സംസ്ഥാന തലസ്ഥാനമെന്ന പ്രാധാന്യവും തിരുവനന്തപുരത്തിനുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് ഇപ്പോഴുള്ള ഇ.ഡി. നീക്കം.

കേസുകള്‍ വര്‍ധിച്ചതോടെ രണ്ടു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ മുപ്പതു ശതമാനത്തിലധികം ഉദ്യോഗസ്ഥരെ കേരളത്തിലെ രണ്ട് ഓഫീസുകളിലായി ഇ.ഡി. നിയമിച്ചിരുന്നു. ഇനിയും കൂടുതല്‍ നിയമനങ്ങളുണ്ടാകുമെന്നാണ് വിവരം. നാണയപ്പെരുപ്പം നിയന്ത്രണാതീതമാകുന്നതിന്റെ പ്രധാന കാരണം കള്ളപ്പണമാണ്. നികുതിവെട്ടിക്കല്‍ വലിയ റവന്യൂ നഷ്ടമുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ഇഡി അധികാരം പരമാവധി വിനിയോഗിച്ച് കള്ളപ്പണ ഇടപാടുകളെ നേരിടാനാണു കേന്ദ്ര തീരുമാനം. ഇഡിയുടെ വിശാല അധികാരങ്ങള്‍ ശരിവച്ച് അടുത്തിടെ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങളും ഇഡി വിന്യാസത്തിന് കേന്ദ്രത്തിനു കരുത്തുപകരുന്നുണ്ട്.

കേരളത്തില്‍ തന്നെ ആവശ്യത്തിലധികം കേസ്സുകള്‍ ഉള്ള സ്ഥിതിക്ക് ഇതിലൊക്കെ ഒരു തീര്‍പ്പ് ഉണ്ടാക്കിയേ ഈഡി ഇനി പോകുന്നുള്ളു. ഏത് കള്ളപ്പണ കേസ്സ് അന്വേഷിച്ചാലും സര്‍ക്കാരിന് വേണ്ടപ്പെട്ടവരൊക്കെയാണ് പ്രതിക്കൂട്ടിലുള്ളത്. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ കേസിലും, കിഫ്ബി കേസ്സ്, കര്‍ദ്ദിനാള്‍ ഭൂമിയിടപാട് ഇതിലൊക്കെ സര്‍ക്കാരും നന്നായി വിയര്‍ക്കും. വേണ്ടപെട്ടവർക്കായി പലതും പൂഴ്ത്താനും മുക്കാനുമൊക്കെ നേതാക്കന്മാരുടെ സഹായം ഉണ്ടായിരുന്നു. കേന്ദ്ര ഏജന്‍സികളെ കണ്ടാലേ പിണറായി സര്‍ക്കാരിന് ഹാലിളകും. അവരിനി ഇനി ഇവിടെ സ്ഥിര താമസം കൂടി തുടങ്ങുന്നത് മുഖ്യനെ വല്ലാതെ ചൊടിപ്പിക്കുമെന്നതും ഉറപ്പാണ്.