മൊബൈൽ നൽകിയില്ല, വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ ചാടി മരിച്ചു

വർക്കലയിൽ പത്താം ക്ലാസുകാരി കടലിൽ ചാടി മരിച്ചത് വീട്ടുകാർ ഫോൺ നൽകാത്തതിലുള്ള വിഷമത്തിലെന്ന് സൂചന. ഇടവ വെൺകുളം സ്വദേശി ശ്രേയ (14) ആണ് ആൺസുഹൃത്തിനൊപ്പം കടലിൽ ചാടിയത്. വെറ്റക്കട ബീച്ചിലെത്തിയാണ് ഇവർ കടലിൽ ചാടിയതെന്നാണ് സൂചന. പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് കാപ്പിൽപൊഴി ഭാഗത്ത് നിന്ന് കണ്ടെത്തിയിരുന്നു.

അയിരൂരിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രേയ,​ സ്കൂളിൽ പോകാൻ തയ്യാറാവുന്നതിനൊപ്പം മൊബൈലിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിൽ മാതാപിതാക്കൾ ശകാരിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കളോട് പിണങ്ങി സ്കൂളിൽ പോകാതിരുന്ന പെൺകുട്ടിയെ 10.30ഓടെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.

വെറ്റക്കട കടപ്പുറത്തെത്തിയ ശ്രേയയോടൊപ്പം ഒരു ആൺകുട്ടി കൂടി ഉണ്ടായിരുന്നതായും,ഇരുവരും ഏറെ നേരം തീരത്ത് നിന്നശേഷം പിന്നീട് കടലിലേക്ക് ഇറങ്ങിയതായും തുടർന്ന് ശക്തമായ തിരയിൽ ഇരുവരെയും കാണാതാവുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികളിൽ ചിലർ പൊലീസിന് വിവരം നൽകി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയില്ലെന്നും കൂടുതൽ വിവരങ്ങൾക്കായി സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.. ധനകാര്യസ്ഥാപനം നടത്തുന്ന സാജൻറെയും അദ്ധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ. കുട്ടിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.