അൽഖ്വായ്ദ ബന്ധം: ഒരു മദ്രസ അദ്ധ്യാപകൻ കൂടി അസമിൽ അറസ്റ്റിലായി.

അൽഖ്വായ്ദയുമായി ബന്ധമുള്ള ഒരു മദ്രസ അദ്ധ്യാപകൻ കൂടി അസമിൽ അറസ്റ്റി ലായി. ബംഗൈഗാവ് സ്വദേശി ഹാഫിസുൾ റഹ്മാൻ ആണ് അറസ്റ്റിലായിട്ടുള്ളത്. അൽഖ്വായ്ദയുടെ ഇന്ത്യൻ ഘടകവുമായി ബന്ധമുള്ള ഇയാൾക്ക് ബംഗ്ലാദേശി ഭീകര സംഘടനയായ അൻസറുൾ ബംഗ്ല ടീമുമായും ബന്ധമുണ്ടെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

ഹാഫിസുൾ കവൈത്താരിയിലെ ഖ്വയ്‌റാന മദ്രസയിലെ അദ്ധ്യാപകൻ ആണ്. ഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബംഗൈഗാവ് പോലീസ് ബെൽട്ടാലി സ്വദേശിയായ അബ്ദുസ് ചൗഹാനെ പിടികൂടുകയായിരുന്നു. അയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റഹ്മാനെ പിടികൂടിയിരിക്കുന്നത്. അൽഖ്വായ്ദയുമായി ബന്ധമുള്ള രണ്ട് മദ്രസ അദ്ധ്യാപകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഞെട്ടിക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് മദ്രസകളുടെ മറവിൽ റഹ്മാൻ നടത്തി വന്നതെന്ന് പോലീസ് പറയുന്നു. മദ്രസകളിൽ എത്തുന്ന വിദ്യാർത്ഥികളെ ഇയാൾ രാജ്യവിരുദ്ധതയാണ് പഠിപ്പിച്ച് വന്നിരുന്നത്. നിരവധി യുവാക്കളെ ഇയാൾ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി റഹ്മാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ മറ്റ് മദ്രസ അദ്ധ്യാപകർക്കൊപ്പം ഇരുത്തി ഇയാളെ ചോദ്യം ചെയ്യും.