Home entertainment എനിക്കറിയുന്ന ജാസി വളരെ നിഷ്‌കളങ്കനും സാധുവുമാണ്- ശരത്

എനിക്കറിയുന്ന ജാസി വളരെ നിഷ്‌കളങ്കനും സാധുവുമാണ്- ശരത്

ജാസി ഗിഫ്റ്റിനെ വേദിയില്‍ വച്ച്‌ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ സംഗീത സംവിധായകൻ ശരത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ജാസി ഗിഫ്റ്റിനുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചു. ഒരു കലാകാരനെന്ന നിലയില്‍ ഈ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചെന്നും അദ്ദേഹം കുറിച്ചു.

‘എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിയ്‌ക്ക് കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഒരു കോളേജ് പ്രിൻസിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെയൊരു ദുരനുഭവമുണ്ടായത് കലാകാരൻ എന്ന നിലയില്‍ എനിക്ക് വളരെ വേദനാജനകമായി തോന്നി. എനിക്കറിയാവുന്ന ജാസി വളരെ നിഷ്‌കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിനുണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. കോളേജ് അധികൃതരില്‍ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണ്.’ എന്നായിരുന്നു ശരത്തിന്റെ കുറിപ്പ്.

ഇന്നലെ കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെയായിരുന്നു സംഭവം. പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കൈയ്യില്‍ നിന്നും മൈക്ക് ബലംപ്രയോഗിച്ച്‌ പിടിച്ചുവാങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഗായകൻ അപ്പോള്‍ തന്നെ വേദിവിട്ടു. എന്നാല്‍ വിചിത്ര കാരണമാണ് ഇതിന് പ്രിൻസിപ്പല്‍ നിരത്തിയത്. മുഖ്യാതിഥിയായ ജാസി ഗിഫ്റ്റിന് മാത്രമാണ് പാടാൻ അനുമതി നല്‍കിയതെന്നും കോറസ് പാടാനെത്തിയവർക്ക് അനുമതി നല്‍കിയിട്ടില്ലെന്നുമായിരുന്നു പ്രിൻസിപ്പല്ലിന്റെ വിശദീകരണം. ജാസി മാത്രം പാടിയാല്‍ മതിയെന്നും കൂടെയുളളവർ പാടരുതെന്നും പ്രിൻസിപ്പല്‍ ഡോ. ബിനുജ ജോസഫ് പറഞ്ഞു.

ഗായകനെ വിളിച്ചുവരുത്തി അപമാനിച്ചതോട വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രിൻസിപ്പലിനെ അവർ ഉപരോധിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.