ചിപ്പിക്കും രഞ്ജിത്തിനും 23ാം വിവാഹവാർഷികം, കേക്ക് മുറിച്ച് ആഘോഷിച്ച് മോഹൻലാലും കൂട്ടരും

നടി ചിപ്പിയുടെയും ഭർത്താവ് രഞ്ജിത്തിന്റെയും 23ാം വിവാഹവാർഷികമാണ് ഇന്ന്. ഇതിന്റെ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ‌. സിനിമ ഷൂട്ടിങ്ങ് സൈറ്റിൽ വച്ചാണ് ആഘോഷം നടന്നത്. മോഹൻലാലിന്റെ സാന്നിധ്യത്തിൽ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ ചിപ്പി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മോഹൻലാൽ, തരുൺ മൂർത്തി, മണിയൻപിള്ള രാജു തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. ചിപ്പിക്കും രഞ്ജിത്തിനുമായി പ്രത്യേക കേക്കും അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇവരുെട വിവാഹവാർഷികാഘോഷം. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത്ത് ആണ് ഈ മോഹൻലാൽ ചിത്രം നിർമിക്കുന്നത്.

മോഹൻലാൽ കേക്ക് മുറിച്ച് ഇരുവർക്കും വായിൽ വച്ചുകൊടുക്കുന്ന മനോഹരമായ കാഴ്ചകളൊക്കെ ചിത്രങ്ങളിൽ കാണാം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ നിർമാണ രംഗത്ത് സജീവമാവുകയാണ് രജപുത്ര ഫിലിസ്.

സീരിയലുകളായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങളായി രഞ്ജിത്തും ചിപ്പിയും രജപുത്രയുടെ ബാനറിൽ നിർമിച്ചുകൊണ്ടിരുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ചിപ്പി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു പ്രൊഡക്ഷൻ കൺട്രോളറായ രഞ്ജുത്തുമായി അടുപ്പത്തിലാകുന്നത്.

എന്നാൽ ഇരുവരുടെ ബന്ധം വീട്ടുകാർക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഇത് പിന്നീട് പ്രശ്നമായി. അതോടെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് വീട്ടുകാർ അംഗീകരിക്കുകയായിരുന്നു. അന്ന് എടുത്ത് ചാടി എടുത്ത തീരുമാനം ആയിരുന്നുവെങ്കിലും അത് ശരിയായിരുന്നു എന്ന് ചിപ്പി പല തവണ പറഞ്ഞിട്ടുണ്ട്.