എംജി ശ്രീകുമാറിന് ഇന്ന് 67ാം ജന്മദിനം, ഓരോ വർഷം കഴിയുമ്പോഴും നിങ്ങളുടെ കല ഇനിയും വളരട്ടെ ശ്രീക്കുട്ടായെന്ന് ഭാര്യ

വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ തന്നെ പിന്നണി ഗാനരംഗത്തേക്കെത്തിയിരുന്നു.

എം.ജി.ശ്രീകുമാറിന് ഇന്ന് 67ാം പിറന്നാളാണ്. കഴിഞ്ഞ 4 പതിറ്റാണ്ടോളമായി മലയാളസിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗായകനാണ് എംജി.ശ്രീകുമാർ. സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25ന് ജനനം. ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരൻ എം.ജി.രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. ചേർത്തല ഗോപാലൻ നായരുടെ കീഴിലും നെയ്യാറ്റിൻകര വാസുദേവന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ടെങ്കിലും ഗുരു ജ്യേഷ്ഠനായ എം.ജി.രാധാകൃഷ്ണൻ തന്നെയായിരുന്നു.

വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകൾ. പാടുന്നത് തുടരുക, തിളങ്ങുക! ഓരോ വർഷം കഴിയുമ്പോഴും നിങ്ങളുടെ കല ഇനിയും വളരട്ടെ ശ്രീക്കുട്ടാ എന്നാണ് ജന്മദിനത്തിൽ ഭാര്യ ലേഖ സോഷ്യൽ മീഡിയയിൽ കുറിച്ചത്.