ഇസ്ലാമിക -ഇടത് ഇടങ്ങളിൽ കനി കുസൃതി ഇതിന് മുമ്പ് ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ടോ? മലയാളി പ്രബുദ്ധർ ആകെ കണ്ടത് തണ്ണിമത്തൻ ബാഗ് മാത്രം- അഅഞജു പാർവതി പ്രഭീഷ്

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഢ്യവുമായെത്തിയ കനി കുസൃതിയുടെ ഫോട്ടോകൾ ആ​ഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. പാതിമുറിച്ച തണ്ണിമത്തന്‍റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കനി ഫെസ്റ്റിന് എത്തിയത്. ഇസ്രായേൽ പാലസ്ഥീൻ യുദ്ധത്തിൽ പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നതിന്റെ ശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ. ഒരൊറ്റ വാട്ടർ മെലൻ ബാഗ് കൊണ്ട് ഇന്നേയ്ക്ക് ഒരൊറ്റ ദിവസത്തേയ്ക്ക് മാത്രം കനി കുസൃതി ഇവിടെ ആഘോഷിക്കപ്പെടുന്നു. ആ ബാഗ് മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. എന്നാൽ കനി കാൻ ഫെസ്റ്റിവലിൽ എങ്ങനെ എത്തി എന്നത് ആരും ചർച്ച ചെയ്യുന്നതേയില്ല. അതിന് കാരണമായ ചിത്രം, സംവിധായിക ഇതൊന്നും ആരും സംസാരിക്കുന്നതേയില്ല. മലയാളി പ്രബുദ്ധർ ആകെ കണ്ടത് ആ തണ്ണിമത്തൻ ബാഗ് മാത്രമെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്

കുറിപ്പിങ്ങനെ

ഒരൊറ്റ വാട്ടർ മെലൻ ബാഗ് കൊണ്ട് ഇന്നേയ്ക്ക് ഒരൊറ്റ ദിവസത്തേയ്ക്ക് മാത്രം കനി കുസൃതി ഇവിടെ ആഘോഷിക്കപ്പെടുന്നു. ആ ബാഗ് മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. എന്നാൽ കനി കാൻ ഫെസ്റ്റിവലിൽ എങ്ങനെ എത്തി എന്നത് ആരും ചർച്ച ചെയ്യുന്നതേയില്ല. അതിന് കാരണമായ ചിത്രം, സംവിധായിക ഇതൊന്നും ആരും സംസാരിക്കുന്നതേയില്ല. മലയാളി പ്രബുദ്ധർ ആകെ കണ്ടത് ആ തണ്ണിമത്തൻ ബാഗ് മാത്രം. മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മലയാളികളായ കനിയും ദിവ്യ പ്രഭയും അസീസ് നെടുമങ്ങാടും ഒക്കെ അഭിനയിച്ച ചിത്രം. 1994 ൽ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. അതായത് മലയാളിയായ ഷാജി എൻ.കരുണിന് ശേഷം മത്സര വിഭാഗത്തിലെ ഒരു ചിത്രത്തിന്റെ ഭാഗമായി കാനിൽ തിളക്കത്തോടെ നില്ക്കുന്ന രണ്ട് മലയാളി പെൺകുട്ടികൾ -കനിയും ദിവ്യപ്രഭയും.

ഗ്രാൻഡ് ലൂമിയർ തിയറ്ററിലായിരുന്നു ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ പ്രിമിയർ സംഘടിപ്പിച്ചത്. സിനിമ പൂർത്തിയായ ശേഷം കാണികൾ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത് സ്റ്റാൻഡിങ്ങ് ഓവേഷൻ ). നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ അം​ഗീകാരത്തെ നെഞ്ചേറ്റിയത്. അതൊന്നും ഇവിടെ ഹൈലൈറ്റ് ചെയ്യപ്പെട്ടില്ല. എന്നാൽ കൃത്യമായി ആ തണ്ണീർ മത്തൻ ബാഗ് ചർച്ചയായി.

കനി കുസൃതി എന്ന നടി ഇതിന് മുമ്പ് ഇവിടെ പ്രത്യേകിച്ച് ഇസ്ലാമിക -ഇടത് ഇടങ്ങളിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല!! അവരുടെ അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് നേടിയപ്പോൾ അവർ ഇതേ പോലെ വാഴ്ത്തപ്പെട്ടോ? ഇല്ല!! കാരണം അവർ അഭിനയിച്ച സിനിമ ബിരിയാണി ആയതിനാൽ. എന്താണ് ബിരിയാണി സിനിമ? ആ സിനിമയുടെ വേവിലും പൊന്തുന്ന ആവിയിലും ഉയരുന്ന ഗന്ധത്തിലുമൊക്കെ ഉള്ളത് മതത്തിന്റെ ചുമരിനുള്ളിൽ വെന്തുനീറുന്ന സ്ത്രീ ജീവിതമായിരുന്നു. നമുക്ക് ചുറ്റിലുമുള്ള യാഥാർത്ഥ്യങ്ങളെ
കലയുടെ അടുപ്പിലിട്ട് പാകപ്പെടുത്തിയതാണ് സജിന്‍ബാബുവിന്റെ ബിരിയാണി.

സംസ്ഥാന അവാർഡും നിരവധി പുരസ്കാരങ്ങളും നേടിയ ചിത്രം. ഒരു സംവിധായകന്റെ ഏറ്റവും ധീരമായ ചുവടുവയ്പ്പ് . എന്നിട്ടും സജിൻ ബാബുവിനെ കുറിച്ചും ബിരിയാണിയെ കുറിച്ചും എത്ര ബുദ്ധിജീവികൾ എഴുതി ?ആരുമില്ല. ജിയോ ബേബിയുടെ അടുക്കള സിങ്കിൽ ആർത്തിരമ്പിയ എഴുത്തീച്ചകൾ ഒന്നും ബിരിയാണിച്ചെമ്പിൽ എത്തി നോക്കിയില്ല ? കാരണം ഈ സിനിമയിലെ നായികയുടെ പേര് ഖദീജയെന്നാണ്. അവളുടെ ഭർത്താവ് അടിയുറച്ച ഇസ്ലാം മത വിശ്വാസിയാണ്. സിനിമയിലെ ഖദീജയുടെ സഹോദരൻ ഐസിസിൽ ആകൃഷ്ടനായി സിറിയയിൽ പോയി മരണപ്പെട്ട സൈനുവാണ്. കഥ നടക്കുന്നത് ഒരു നോമ്പുകാലത്താണ് . നായിക അടിവയറിൽ ചവിട്ടി പോലീസുകാർ അലസിപ്പിച്ച തന്റെ ഗർഭസ്ഥ ശിശുവിനെ ബിരിയാണിച്ചെമ്പിലിട്ട് വേവിച്ച് ഇഫ്താർ വിരുന്ന് ഒരുക്കുന്നുണ്ട്.

ബിരിയാണി കാണിച്ചു തരുന്ന കാഴ്ചകള്‍ അസുഖകരമാണ്; അങ്ങേയറ്റം പ്രകോപനപരമാണ്. ഒപ്പം ആഴത്തില്‍ മുറിപ്പെടുത്തുന്നതുമാണ്. ഒരു ഘട്ടത്തില്‍ അത് വന്യവും ക്രൂരവുമായി മാറുന്നുമുണ്ട്. ബിരിയാണിയുടെ ചേരുവകളിൽ എല്ലാമുണ്ട്. സ്ത്രീ ഉണ്ട്, സ്ത്രീവിരുദ്ധതകളുണ്ട്, മതമുണ്ട്, അധികാരമുണ്ട്, സമൂഹമുണ്ട്, ചുരുക്കത്തില്‍ നമ്മുടെ വര്‍ത്തമാനത്തിന്റെ തിളയ്ക്കുന്ന പ്രശ്‌നങ്ങളെല്ലാം ബിരിയാണിയില്‍ ഉണ്ടായിരുന്നു.

സമൂഹത്തിലെ വിലക്കുകളെ-മതപരമായതും പുരുഷാധിപത്യ സ്വഭാവമുള്ളതുമായ എല്ലാത്തിനെയും തകര്‍ത്ത് മുന്നേറാനുള്ള സ്ത്രീ സ്വത്വത്തിന്‍റെ തീവ്രമായ ആഗ്രഹം ഖദീജയിൽ കണ്ടിട്ടും അതിനെ നൂറുക്ക് നൂറ് അനുഭവവേദ്യമായി കനി എന്ന നടി പകർന്നാടിയിട്ടും കിട്ടാതെ പോയ അഭിനന്ദനം ഒക്കെയും ആ തണ്ണീർ മത്തൻ ബാഗ് പിടിച്ച കനിക്ക് കിട്ടുന്നുണ്ട് ഇപ്പോൾ. നല്ല കാര്യം!!

കാൻ ഫെസ്റ്റിവലിൽ തണ്ണീർ മത്തൻ ബാഗ് പിടിച്ച കനിയിൽ കാണുന്ന നിലപാട് അതേ അളവിൽ തന്നെ ബിരിയാണി പോലൊരു സിനിമയിൽ ഖദീജ ആയിട്ട് അഭിനയിക്കാൻ ആ നടി കാണിച്ചിട്ടുണ്ട്. കയ്യടിക്കുമ്പോൾ രണ്ടിനും കൂടി ചേർത്ത് അടിക്കണമല്ലോ. എന്റെ കയ്യടി കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഒരു മത്സരചിത്രത്തിന്റെ ഭാഗമായി റെഡ് കാർപ്പറ്റിൽ തല ഉയർത്തി നിൽക്കുവാൻ നമ്മുടെ മലയാളി പെൺകുട്ടികൾക്ക് കഴിഞ്ഞല്ലോ എന്നതിലാണ്.