കൂട്ടുകാരാ ഈ സ്നേഹത്തിന് നന്ദി, ആന്റണിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ

മോഹൻലാലിൻറെ സന്തത സഹചാരിയാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിൽക്കാലത്ത് നിർമാതാവും നടനും ബിസിനസ് പാർട്ണറുമൊക്കെയായി മാറുകയായിരുന്നു ആന്റണി. മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഉയർച്ച താഴ്ചകളെല്ലാം വളരെ അടുത്തുനിന്നു കണ്ടിട്ടുള്ള, എല്ലാ അവസ്ഥകളിലും കൂടെ നിന്ന സുഹൃത്താണ് ആന്റണി.

തന്റെ ആ പ്രിയപ്പെട്ട സുഹൃത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മോഹൻലാൽ. ആന്റണിയ്ക്കും ഭാര്യ ശാന്തിയ്ക്കുമൊപ്പം കേക്ക് മുറിച്ചാണ് ആന്റണിയുടെ പിറന്നാൾ മോഹൻലാൽ ആഘോഷിച്ചത്.

“ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ!,” എന്നാണ് ആന്റണിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്.

പിറന്നാളാശംസകൾക്കൊപ്പം ആന്റണിയ്ക്കും ശാന്തിയ്ക്കും വിവാഹവാർഷിക ആശംസകളും നേർന്നിട്ടുണ്ട് മോഹൻലാൽ. “ശാന്തിക്കും ആൻ്റണിക്കും, നിങ്ങൾ ഒരുമിച്ചുള്ള മറ്റൊരു വർഷം ആഘോഷിക്കുമ്പോൾ, ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്‌നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ. വിവാഹ വാർഷിക ആശംസകൾ!”

മോഹൻലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ ആന്റണിയും കൂടെയുണ്ട്. വ‍ർഷങ്ങൾക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനിൽ ഡ്രൈവറായി വന്നതാണ് ആൻ്റണി പെരുമ്പാവൂർ. പിന്നീട്, മൂന്നാംമുറയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ കണ്ടപ്പോൾ മോഹൻലാൽ ആന്റണിയെ ഡ്രൈവറായി കൂടെ ക്ഷണിക്കുകയായിരുന്നു. പിൽക്കാലത്ത് മോഹൻലാലിൻറെ ആത്മമിത്രമായി ആന്റണി മാറി.