Home kerala ജപ്തി ഭീഷണി, കിടപ്പുരോഗി സ്വയം കുത്തി മരിച്ചു, സംഭവം പത്തനംതിട്ടയിൽ

ജപ്തി ഭീഷണി, കിടപ്പുരോഗി സ്വയം കുത്തി മരിച്ചു, സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : ജപ്തി ഭീഷണിയെ തുടർന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോദരൻ ആണ് ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ സ്വയം കുത്തി ജീവനൊടുക്കിയത്. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്.

23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ഒരു മുൻപാണ് തൃശൂരിൽ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായത്. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്. വീട് ഒഴിയാൻ സൗത്ത് ഇന്ത്യൻ ബാങ്ക് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് മകൻ ആത്മഹത്യ ചെയ്തത് എന്ന് പിതാവ് വിനയൻ പറഞ്ഞിരുന്നു.

ബാങ്ക് ആവശ്യപ്പെട്ടത് പ്രകാരം വീടിന്‍റെ താക്കോൽ കൈമാറിയിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു കുടുംബം. 12 വർഷം മുമ്പ് വീട് വെയ്ക്കാനായി വിഷ്ണുവിന്‍റെ കുടുംബം 8 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങിന്‍റെ കാഞ്ഞാണി ശാഖയിൽ നിന്ന് വായ്പ എടുത്തിരുന്നു. 8 ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയിൽ അടവു മുടങ്ങി കുടിശ്ശികയായി.

ആറു ലക്ഷം രൂപ കുടിശിക വന്നതോടെയാണ് ജപ്തി നടപടിയുണ്ടായത്. വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. ജനപ്രതിനിധികളടക്കം ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെനാണ് ആക്ഷേപം.പണമടയ്ക്കാൻ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.