തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സംഘട്ടനം, യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പേരാമ്പ്ര∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലുണ്ടായ സംഘട്ടനത്തിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്. തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്.

എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

പൊലീസ് നടപടിക്കെതിരെ യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിൽനിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. നിൽക്കാൻ പോലും സാധിക്കുന്ന അവസ്ഥയിലല്ല ഇവരുള്ളത്. മുകളിൽ നിന്നുള്ള ഇടപെടൽ മൂലമാണ് പൊലീസ് സാരമായി പരുക്കേറ്റവരെ ആശുപത്രിയിൽ പോയി കസ്റ്റഡിയിലെടുത്തത്.
അതേസമയം എൽഡിഎഫ് പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു.