ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചില്ല, നാദാപുരത്ത് പരാതിയുമായി നാലുപേർ

നാദാപുരം∙ ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പരാതിയുമായി നാലുപേർ രം​ഗത്ത്. നാദാപുരം വാണിമേൽ ക്രസന്റ് സ്കൂളിലെ ബൂത്തിലാണ് സംഭവം. യുഡിഎഫ് അനുഭാവികളായ നാലുപേർക്കാണ് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതെന്നാണു വിവരം.

സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ നിലപാട്. ഇതോടെ സ്ഥലത്ത് പ്രശ്നം ഉടലെടുത്തു. രാത്രി 11.55ന് കലക്ടർ സംഭവത്തിൽ ഇടപെട്ടു. സമയം വൈകിയതിനാൽ പ്രിസൈഡിങ് ഓഫിസറുടെ തീരുമാനം അംഗീകരിക്കണമെന്ന് കലക്ടർ അറിയിച്ചു. ഇതോടെ നാലുപേർക്കും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായി.

പോളിങ് സ്റ്റേഷനിലെ ഏജന്റുമാർ ഈ നടപടിയെ അംഗീകരിക്കാൻ തയാറായില്ല. പോളിങ് ഏജന്റുമാരുടെ ഒപ്പ് ഇല്ലാതെ വോട്ടിങ് യന്ത്രവുമായി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ടോക്കൺ നമ്പർ വിളിച്ച സമയത്ത് ഇവർ പോളിങ് ബൂത്തിന് സമീപത്തുണ്ടായിരുന്നില്ലെന്നാണു വിവരം. പിന്നീട് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വന്നപ്പോൾ പ്രിസൈഡിങ് ഓഫിസർ അനുമതി നൽകിയില്ല. ഇതോടെയാണ് തർക്കം ഉടലെടുത്തത്. നിയമ നടപടികളെക്കുറിച്ചുൾപ്പെടെ ആലോചിക്കുമെന്നാണു വോട്ടു നഷ്ടമായവർ പറയുന്നത്.